- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിൽ ഒഴിച്ചത് പശ; ഒട്ടിപ്പിടിച്ച കാൽ വേർപെടുത്തിയത് ആശുപത്രിയിൽ മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിൽ; പ്രമേഹ രോഗിയായ സൂപ്പി ഹാജിയുടെ തൊലി ഇളകി തീവ്രവേദനയും; എരുമത്തെരുവിലെ സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ അന്വേഷണം
മാനന്തവാടി: കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സമൂഹിക വിരുദ്ധരുടെ ആക്രമണത്തിനാണ് വയനാട് ജില്ലയിലെ മാനന്തവാടി എരുമത്തെരുവ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നിസ്‌ക്കരിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിൽ സാമൂഹികവിരുദ്ധർ പശ ഒഴിച്ചു. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുൽ ഇസ്ലാം പള്ളിയിൽ മഗരിബ് നിസ്‌ക്കാരം നിർവഹിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കൽ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സൂപ്പർ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചുവെച്ചത്.
കാൽ ചെരുപ്പിൽ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ഒട്ടിപ്പിടിച്ച ചെരുപ്പിൽ നിന്നും കാൽ വേർപെടുത്തിയത്. ഇതിനുള്ള ശ്രമത്തിനിടെ, പ്രമേഹ രോഗിയായ സൂപ്പിഹാജിയുടെ കാലിനടിയിലെ തൊലി ഇളകിപ്പോയിട്ടുണ്ട്.പള്ളിയിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ പശ തേച്ചയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ