കോഴിക്കോട്: വിവാഹ തട്ടിപ്പു കേസിലെ പ്രതി കോഴിക്കോട് നടക്കാവ് പൊലീസിൽ പിടിയിലായതോടെ വിവാഹ തട്ടിപ്പ് പരമ്പരയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പുറത്തായത്. പയ്യന്നൂർ വെള്ളോറ സ്വദേശി ചെന്നിക്കര വീട്ടിൽ ആന്റണി ബിജു(35) ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു പ്രതി നടക്കാവ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. എന്നാൽ പ്രതി പിടിയിലായതോടെ ഇയാൾ മറ്റൊരു വിവാഹ തട്ടിപ്പു കേസിൽ പിടികിട്ടാപുള്ളിയാണെന്നും മുപ്പതോളം വിഹാഹ തട്ടിപ്പുകൾ ഇയാൾ നടത്തിയതായും പുറത്തായത്.

ചെറു പ്രായയത്തിലെ നാടു വിട്ട പ്രതി വിവിധ ജില്ലകളിൽ പത്ര പരസ്യം നൽകി വിവാഹ തട്ടിപ്പു നടത്തുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് പത്രത്തിൽ വന്ന വിവാഹ തട്ടിപ്പു വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഇതു അനുകരിക്കുകയായിരുന്നത്രെ. പിന്നീട് കണ്ണൂർ, കാസർകോഡ്, കോഴിക്കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാ തട്ടിപ്പു നടത്തുകയായിരുന്നു. ഇവിടെങ്ങളിലെല്ലാം ഇയാൾക്കെതിരെ വിവാഹ തട്ടിപ്പു കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പത്ര പരസ്യങ്ങൾ നൽകിയായിരുന്നു ഇയാളുടെ പ്രധാന വിവാഹ തട്ടിപ്പ്. വിവാഹ ശേഷം പണവും സ്വർണാഭരണങ്ങളുമായി ഇയാൾ കടന്നു കളയുകായമ് പതിവ്. ആദ്യകാലങ്ങളിൽ തട്ടിപ്പ് വിജയകരമായി നടന്നതോടെ പിന്നീട് ഇത് സ്ഥിരമാക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ നടക്കാവ് എസ്.ഐ ജി ഗോപകുമാർ, എഎസ്‌ഐമാരായ ശ്രീനിവാസൻ, ഗജേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രൺദീർ, മുഹമ്മദ് ഷബീർ, സിപിഒമാരായ ബാബു, രജീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം മാനന്തവാട് പൈങ്ങാട്ടേരിയിൽ വച്ചായിരുന്നു പ്രതിയെ പിടികൂടിയത്. വിധവകളും വിവാഹ ബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളെയായിരുന്നു പ്രതി കൂടുതലും തട്ടിപ്പിനിരയാക്കിയിരുന്നത്. രണ്ടാം വിവാഹത്തിനെന്നു പറഞ്ഞ് പത്രപരസ്യം നൽകുകയാണ് തട്ടിപ്പിന്റെ ആദ്യപടി. പരസ്യ നമ്പറിൽ വിളിക്കുന്ന വിധവകളും വിവാഹബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കും. പിന്നീട് തട്ടിപ്പിന് വിശ്വീസ്യത ലഭിക്കാനായി ആർഭാടങ്ങളില്ലാതെ വിവാഹം കഴിക്കും. സ്ത്രീയെ യഥേഷ്ടം ഉപയോഗിച്ച ശേഷം സ്വർണവും പണവും കൈക്കലാക്കി മുങ്ങും. ഇതായിരുന്നു സമാന പരാതികളിലെല്ലാം ഇയാൾ ചെയ്തിരുന്നത്.

പരാതിക്കാരിയായ യുവതി പ്രതി നൽകിയ പത്ര പരസ്യത്തിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും പിന്നീട് യുവതിക്കു വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. പിന്നീട് വീട് വാടകക്കെടുക്കുന്നതിന് 30,000 രൂപയുടെ കുറവുണ്ടെന്നു പറഞ്ഞ് തന്ത്രപൂർവം യുവതിയിൽ നിന്നും പണം കൈക്കലാക്കുകയും മുങ്ങുകയുമായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് പ്രതിക്ക്. 2008ൽ കണ്ണൂർ സ്വദേശിനിയായ മറ്റൊരു യുവതിയെ മറ്റൊരു യുവതിയെ വിവാഹം ചെയ്ത് അവരോടൊപ്പം താമസിക്കുന്ന സമയത്ത് ചൊക്ലി സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിരുന്നു.

ഈ സംഭവത്തിൽ ചൊക്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പ്രതി വലയിലായിരിക്കുന്നത്. ഇയാൾ ഉൾപ്പെട്ട നിരവധി വിവഹാഹ തട്ടിപ്പു കേസുകൾ പുറത്തു വരാനുണ്ടെന്ന് പൊലീസ് പറഞ്ഞു.