- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ടു രൂപ കൺസഷൻ നാണക്കേട്'; പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞ് മന്ത്രി ആന്റണി രാജു; കൺസെഷൻ നിരക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ല; പ്രസ്താവനയെ ദുർവ്യാഖ്യാനം നടത്തുകയാണ്; വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നും മന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷൻ നാണക്കേടെന്ന പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. രണ്ടു രൂപ കൺസഷൻ നാണക്കേടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ കൺസെഷൻ നിരക്ക് നാണക്കേടാണ് എന്ന് താൻ പറഞ്ഞിട്ടില്ല. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. യാത്രാ നിരക്ക് വർധന അനിവാര്യമാണ്. വിദ്യാർത്ഥി കൺസഷൻ ദോഷകരമായി ബാധിക്കാത്ത തരത്തിൽ വരുത്താനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർത്ഥി സംഘടനകളുമായി ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും കെ.എസ്.യുവിന്റേത് രാഷ്ട്രീയ പ്രസ്താവനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കായി യാത്ര സൗജന്യമാക്കുന്ന കാര്യവും പരിശോധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. അഞ്ച് രൂപ കൊടുത്താൽ വിദ്യാർത്ഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസഷൻ ഫീ വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ്.എഫ്.ഐ അടക്കം നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. വിദ്യാർത്ഥി കൺസെഷൻ അവകാശമാണെന്നും ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കെ.എസ്.യുവും എം.എസ്.എഫ്പും അഭിപ്രായപ്പെട്ടു.
നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്നുമാണ് എസ്എഫ്‌ഐ അഭിപ്രായപ്പെട്ടത്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സർക്കാറിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയാറാകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി അഡ്വ. കെ.എം. സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും ആരോപിക്കുകയുണ്ടായി. പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയാറാകണം. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കൈയിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും.
വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്. അത് നേടിയെടുത്തത് കെ.എസ്.യുവാണെന്നും സംസ്ഥാന കമ്മിറ്റി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു തിങ്കളാഴ്ച നിയോജക മണ്ഡലം തല പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കെഎസ്. യു വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ