കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണെന്ന് പൊലീസ് തിരയുന്ന ആന്റണി ടിജിൻ. ഈ സംഭവത്തിൽ താൻ നിരപരാധിയാണെന്നും ആന്റണി പറുയന്നു. ഇയാൾ ഒളിവിലാണെന്നും ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ടിജിന്റെ പ്രതികരണം പുറത്ത് വരുന്നത്. ഒളിവിൽ കഴിയവേ ഒരു ചാനലിനോടാണ് അദ്ദേഹം പ്രതികരിച്ചത്.

കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ തനിക്ക് പങ്കി്‌ല്ലെന്നും സംഭവത്തിൽ താൻ ഒളിവിൽ അല്ലെന്നുമാണ് ടിജിന്റെ പ്രതികരണം. കുട്ടിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയിലാണ്. പൊള്ളലേറ്റ പാടുകൾ കുന്തിരിക്കം ദേഹത്ത് വീണപ്പോൾ ഉണ്ടായതാണെന്നും ടിജിൻ ചൂണ്ടിക്കാട്ടുന്നു. പൊലീസിനെ ഭയന്നാണ് മാറി നിൽക്കുന്നത് എന്നും ടിജിൻ പറയുന്നു.ടിജിൻ കർണാടകത്തിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മർദനത്തിന് പിന്നിൽ ആന്റണിയെന്ന് കുട്ടിയുടെ അച്ഛൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതോടെ ടിജിനിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച പൊലീസ് വിളിച്ചപ്പോൾ ഉൾപ്പെടെ പ്രതികരിച്ച ടിജിൻ ചൊവ്വാഴ്ചയോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ ദുരൂഹത ഒഴിയണമെങ്കിൽ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്റെ മൊഴി നിർണായകമാണെന്നിരിക്കെ ഇയാൾ ഒളിവിൽ പോയെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.ഇയാളുടെ ഫോൺ രേഖകൾ പ്രകാരം വയനാട്ടിലെ മുത്തങ്ങയിൽ വച്ചാണ് അവസാനം ഫോൺ ഉപയോഗിച്ചിരിക്കുന്നത്.

അതിനാൽ തന്നെ ഇയാൾ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തൽ.അതേസമയം, തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടെ കുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. കുട്ടി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായാണ് വിവരം. തലച്ചോറിലെ രക്ത സ്രാവത്തിനും നീർക്കെട്ടിനും കാര്യമായ കുറവുണ്ട്, കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയുന്നു എന്നും ആശുപത്രി അധികൃതർ ചുണ്ടിക്കാട്ടുന്നു. എന്നാൽ കുട്ടി അപകട നില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും വരുന്ന 24 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.