തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് ഒരു മാസം പൂർത്തിയായിട്ടും ഒന്നിനും മറുപടി നൽകാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാനൊരുങ്ങി പെൺകുട്ടിയുടെ വീട്ടുകാർ.അഴിക്കോട് സ്വദേശിയായ യുവാവിന്റെ ശല്യത്തെതുടർന്ന് പെൺകുട്ടി വീട്ടിലെ കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി.പരാതി നൽകിയപ്പോൾ പൊലീസ് മറ്റൊരു കേസിന്റെ കാര്യം പറഞ്ഞു പെൺകുട്ടിയുടെ സഹോദരനെ അകത്താക്കാൻ നോക്കുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു.

തിരുവനന്തപുരം കരകുളം ഏണിക്കര നിലമേൽ കട്ടക്കാലിൽ അനൂജ ആത്മഹത്യ ചെയ്തത് മാർച്ച് 13നാണ്. പ്ലസ് ടു വിദ്യാർത്ഥിനിയായ അനുജ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. മകളുടെ മരണകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ അരുവിക്കര പൊലീസിൽ പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.ഏണിക്കര കട്ടയ്ക്കാൽ നിലമേൽ വിപിൻ ഭവനിൽ അനുജ (17)യെ കഴിഞ്ഞമാസം 13ന് രാവിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും മറ്റൊരു കത്തും പൊലീസിനു ലഭിച്ചിരുന്നു. തന്റെ മരണത്തിൽ വീട്ടുകാർ ഉത്തരവാദികളല്ല എന്നു കത്തിൽ പറയുന്നുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ചുനാളായി അഴിക്കോട് സ്വദേശിയായ ഒരു യുവാവ് അനുജയെ നിരന്തരം ശല്യപ്പെടുത്തി വന്നിരുന്നുവെന്നും ഇടയ്ക്കുവച്ചു നിന്ന ഈ ശല്യം ചെയ്യലും ഫോൺകോളുകളും തുടർന്നുവെന്നും യുവാവിന്റെ ഭാഗത്തു നിന്നുണ്ടായ ഭീഷണിയോ, മറ്റോ ആണ് ആത്മഹത്യയ്ക്ക കാരണമെന്നുമാണു പിതാവ് ചന്ദ്രനും മാതാവ് ജയയും പറയുന്നത്.നാലുമാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞമാസം 10ന് അനുജയെ യുവാവ് വിളിച്ചുവെന്നും അതിനുശേഷം പെൺകുട്ടി കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നുനവെന്നും മാതാവ് ജയ പറയുന്നു. അനുജയുടെ മരണം നടന്നശേഷം സഹോദരൻ വിപിനെ ചിലർ ചേർന്നുമർദ്ദിച്ച് അവശരാക്കിയിരുന്നു.

അഴിക്കോട് സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഈ ബന്ധം അവസാനിക്കുകയും ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.യുവാവുമായി പെൺകുട്ടി നിരന്തരം ഫോണിൽ സംസാരിക്കുമായിരുന്നു. എന്നാൽ നാല് മാസം മുൻപ് ഇവരുടെ ബന്ധം അവസാനിച്ചു. പിന്നീട് യുവാവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഹയർ സെക്കൻഡറി പരീക്ഷ ആരംഭിച്ചിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. എന്നാൽ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പെൺകുട്ടി വലിയ ആത്മവിശ്വാസത്തിൽ പഠിച്ച് വരികയായിരുന്നുവെന്നും മാർച്ച് 10ന് യുവാവ് വീണ്ടും പെൺകുട്ടിയെവിളിച്ചതോടെ അനുജ കടുത്ത മാനസിക സംഘർഷ്തതിനിരയായി തുടങ്ങിയതായും വീട്ടുകാർ പറയുന്നു.

താൻ ഗൾഫിലേക്ക് പോകുന്നുവെന്ന കാര്യം അറിയിക്കാനാണ് യുവാവ് വീണ്ടും അനുജയെ ഫോണിൽ വിളിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവ ദിവസം രാവിലെ 6 മണിക്ക് പെൺകുട്ടിയുടെ അമ്മ ജയ ജോലിക്ക് പോകുന്നതിന് മുൻപ് മുറിയിൽ നോക്കിയപ്പോൾ പെൺകുട്ടി പഠിക്കുകയായിരുന്നു. എന്നാൽ സ്‌കൂളിൽ പോകാൻ സമയമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അച്ഛൻ മുറി തുറന്ന് നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ വന്ന കോളുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നും കൃത്യമായ തെളിവില്ലാതെ വെറുതെ ഒരാളുടെ പേരിൽ കുറ്റം ആരോപിച്ചാൽ അറസ്റ്റ് ചെയ്യാനാകില്ലെന്നും അരുവിക്കര എസ്ഐ റിയാസ് രാജ മറുനാടൻ മലയാളിയോട് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ പരിശോധിച്ച് കൂടുതൽ രേഖകൾ ലഭിക്കുമോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.