തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവം ക്ലൈമാക്സിലേയ്ക്ക്. അനുപമ എന്ന അമ്മയുടെ മാസങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന്റെ പര്യവസാനമാണ് ഇന്ന് അനുപമയിൽ നിന്നും കുട്ടിയിൽ നിന്നും ഡിഎൻഎ ടെസ്റ്റിന് സാമ്പിളെടുത്തത്. ഒരു സിനിമാക്കഥ പോലെയോ ഒരു മെഗാപരമ്പര പോലെയോ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അനാവൃതമായ പേരൂർക്കട ദത്ത് കേസിന് ഡിഎൻഎ ഫലം പുറത്തുവരുന്നതോടെ തീരുമാനമാകും എന്നാണ് കരുതപ്പെടുന്നത്. ആന്ധ്രയിൽ നിന്നും എത്തിച്ചിരിക്കുന്ന കുട്ടി തങ്ങളുടേത് തന്നെ അനുപമയും അജിത്തും ഉറച്ച് വിശ്വസിക്കുന്നു.

ഗർഭകാലത്ത് താൻ ഒരുപാട് കഷ്ടപ്പാടുകൾ സഹി്ക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അന്നത്തതിനേക്കാളേറെ ആശങ്കയാണ് ഇപ്പോഴെന്ന് അനുപമ പറയുന്നു. ഗർഭിണിയായത് വീട്ടിലറിയാതിരിക്കാനും അറിഞ്ഞശേഷം അവരുടെ പീഡനങ്ങൾ മൂലവും ഒരുപാട് ശാരീരിക- മാനസിക പ്രയാസങ്ങൾ സഹിച്ചു. അതിനെല്ലാം പിന്നിൽ തന്റെ കുഞ്ഞിനെ തനിക്ക് പ്രസവിക്കണമെന്നും വളർത്തണമെന്നുമുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെയെല്ലാം അവസാനഘട്ടമാകുമ്പോൾ ഡിഎൻഎ ടെസ്റ്റ് അട്ടിമറിക്കുമോ എന്ന ടെൻഷനാണ്.- അനുപമ പറയുന്നു.

ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞാനത് വീട്ടിൽ പറഞ്ഞിരുന്നില്ല. ത്യാവശ്യം തടിയുള്ള കുട്ടിയായിരുന്നു ഞാൻ. മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി. പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല. അബോർഷന് ഒരിക്കലും താല്പര്യമില്ലായിരുന്നു. ന്തായാലും കുഞ്ഞിനെ വളർത്താൻ തന്നെയായിരുന്നു തീരുമാനം. അജിത്തിന്റെ വിവാഹമോചനത്തിനുശേഷം ഒരുമിച്ചു ജീവിക്കാം എന്ന ധൈര്യമുണ്ടായിരുന്നു.

ഗർഭിണി ആണെന്ന കാര്യം മറച്ചുവച്ചത് മൂലം ഒരുപാട് കഷ്ടപ്പാടുകൾ ഞാൻ സഹിക്കേണ്ടിവന്നു. തടി കുറപ്പിക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള ഞങ്ങളുടെ തന്നെ ഒരു പറമ്പിൽ അത്യാവശ്യം കൃഷിയൊക്കെയുണ്ട്. അവിടെ ഒരുകിണറുമുണ്ട്. കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ചു. രാവിലെയും വൈകിട്ടും ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടുമായിരുന്നു ഭക്ഷണം. കടുത്ത വിശപ്പായിരുന്നു അപ്പോൾ. രാവിലെ എന്നും ചർദിയും ഉണ്ടായിരുന്നു. എന്തോ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ധരിച്ചത്. കോവിഡ് കാലമായതുകൊണ്ട് ഡോക്ടറുടെ അടുത്തൊന്നും കൊണ്ടുപോയില്ല. വിളിച്ചു ചോദിച്ച് മരുന്നുവാങ്ങിയതേയുള്ളൂ. എന്നാലും ചർദിയുണ്ടായിരുന്നു. ചർദിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചാലും ചർദിക്കുമായിരുന്നു. ആരും കാണാതെ ചർദിക്കാൻ പാടുപെട്ടു. വീട്ടിൽ എല്ലാ ജോലികളുംചെയ്തു.

ഇടയ്ക്ക് ഭക്ഷണവും മരുന്നുമൊക്കെ അജിത്ത് തന്നെ എത്തിച്ചു തരുമായിരുന്നു. അയൺ ടാബ്ലറ്റുകളും ഫോളിക് ആസിഡ്ഗുളികകളുമൊക്കെ കഴിച്ചിരുന്നു. അഞ്ചാം മാസത്തിലാണ് ആദ്യമായി ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയത്. കഴക്കൂട്ടത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് കാണിച്ചിരുന്നത്. ആശുപത്രിയിൽ പോയി ആദ്യത്തെ ദിവസം സ്‌കാൻ ചെയ്യാൻ പറ്റിയിരുന്നില്ല. രണ്ടാമത്തെ ദിവസം സ്‌കാൻ ചെയ്ത് കുഞ്ഞ് നോർമലാണെന്നറിഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത്. അനുപമ പറയുന്നു.

അന്നൊക്കെ എന്ത് പീഡനങ്ങൾ സഹിച്ചാലും കുഞ്ഞിന്റെ കാര്യത്തിൽ ആകുലതയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അന്നില്ലാത്ത ഒരു ഉത്കണ്ഠ തോന്നുന്നു. ഡിഎൻഎ പരിശോധയിൽ അട്ടിമറിക്ക് സാധ്യതയുണ്ട്.

തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടവർക്ക് വീണ്ടും പരിശോധനയുടെ ഉത്തരവാദിത്വം കൊടുക്കുന്നത് തന്നെ മര്യാദകേടല്ലെ. അവർക്ക് തന്നെ വീണ്ടും ഉത്തരവാദിത്വം കൊടുത്താൽ പ്രതികാര മനോഭാവത്തോടെയാകും പെരുമാറുക. എന്തുകൊണ്ടാണ് സാമ്പിളുകൾ ഒരുമിച്ച് എടുക്കാത്തത്? നേരത്തെ, ഒരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തിയതാണ്. അന്ന് ഒരുമിച്ചാണ് സാമ്പിൾ ശേഖരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

'ഞങ്ങൾക്ക് ഉത്കണ്ഠ ഉണ്ടാകില്ലെ കുഞ്ഞിന്റെ കാര്യത്തിൽ? ഡിഎൻഎ സാമ്പിൾ എടുക്കാൻ കൊണ്ടുവരുന്ന കുഞ്ഞ് എന്റെ തന്നെയാണോ എന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പുണ്ടോ? വേറെ കുഞ്ഞിനെയല്ല കൊണ്ടുവരുന്നതെന്ന് എന്ത് ഉറപ്പ് ? സാമ്പിൾ യോജിച്ചില്ലെങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും? കുഞ്ഞിനെ കാണാൻ പോലും അനുവദിക്കുന്നില്ല. ഇക്കാര്യത്തിലെല്ലാം വലിയ വിഷമമുണ്ട്. അനുപമ പറഞ്ഞു.

നേരത്തെ, ദത്തുവിവാദത്തിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഞായറാഴ്ച രാത്രി 8.28 നാണ് കുഞ്ഞുമായി സംഘം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പതിനഞ്ചുമിനിറ്റിനകം കുഞ്ഞിനെ കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലെത്തിച്ചു. ഡിഎൻഎ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്.

വൻ പൊലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷയിൽത്തന്നെ കുഞ്ഞിനെയും കൊണ്ടുവന്ന സ്ത്രീയെയും പ്രത്യേക കാറിൽ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയി. ഡിവൈ.എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ മൂന്നുപൊലീസുകാരും ഒരു സാമൂഹികപ്രവർത്തകയുമാണ് സംഘത്തിലുണ്ടായിരുന്നത്.