- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തൽ കെട്ടാൻ നോ പറഞ്ഞപ്പോൾ റോഡിന്റെ സൈഡിൽ മാരുതി ഒമിനി ഒതുക്കി സമര തുടക്കം; വിമാനത്തിൽ പോയി വിജയവാഡയിൽ നിന്ന് കുട്ടിയെ എത്തിച്ച് ഡിഎൻഎ പരിശോധന; റിസൾട്ട് കർഷക സമരത്തെ പോലെ പോസിറ്റീവ്; അനുപമ തോൽപ്പിച്ചത് കപട സദാചാരവാദികളെ
തിരുവനന്തപുരം: എന്തുവന്നാലും കർഷക നിയമം പിൻവലിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമരത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് പറഞ്ഞ സമര വിരുദ്ധർ. ഒടുവിൽ മാപ്പു പറഞ്ഞ് മോദി കർഷക സമരം പിൻവലിച്ചു. സത്യസന്ധമായ സമരത്തിന്റെ വിജയം. ഇത് കൂട്ടായ്മയുടെ വിജയമായിരുന്നു. ഇതിന് സമാനമാണ് തിരുവനന്തപുരത്തെ ഒരു അമ്മയുടെ സമരം. എന്തു വന്നാലും നൊന്ത് പ്രസവിച്ച കുട്ടിയെ ഇനി കിട്ടാൻ പോകുന്നില്ലെന്ന് പറഞ്ഞവരുടെ ധാർഷ്ട്യത്തിലേക്ക് അവർ സമരവുമായി ഇറങ്ങി. സദാചാരം പറഞ്ഞ് അതിനെ പൊളിക്കാൻ സൈബർ സഖാക്കളും. ആ അമ്മയുടെ ആത്മഹത്യ ആഗ്രഹിച്ചായിരുന്നു അപവാദ ആക്രമണങ്ങളെല്ലാം. പ്രമുഖ സാഹിത്യകാരി പോലും ഇതിന്റെ ഭാഗമായി. ഒടുവിൽ ചരിക്കുന്നത് കർഷകരെ പോലെ ആ അമ്മയാണ്. അവർ സ്വന്തം കുട്ടിയെ പൊരുതി സ്വന്തമാക്കുകയാണ്.
ഒരു മാസം മുമ്പ് എനിക്ക് എന്റെ കുട്ടിയെ കിട്ടുമോ എന്ന ചോദ്യവുമായി നിന്ന അനുപമ എസ് ചന്ദ്രൻ ഓരോ ദിവസം കഴിയും തോറും കരുത്തുള്ളവളായി. സൈബർ ആക്രമണങ്ങളിൽ പതറിയില്ല. മന്ത്രി സജി ചെറിയാൻ തന്നെ നേരിട്ട് അപമാനിക്കാനെത്തി. പേരൂർക്കട പൊലീസിൽ പരാതി കൊടുത്തപ്പോൾ അത് നാട്ടിലെ കഥയെന്ന് പറഞ്ഞ് മന്ത്രി തടിയൂരി. വനിതാ കമ്മീഷനിലെ പരാതിയും വെറുതെ ആയി. അവർക്കും ഒന്നും ചെയ്യാനായില്ല. പക്ഷേ വിട്ടു കൊടുക്കാൻ അനുപമ തയ്യാറായിരുന്നില്ല. കുടുംബ കോടതിയിൽ കൃത്യമായി തന്റെ കേസ് പറഞ്ഞ് അവർ നിയമ പോരാട്ടവും നടത്തി. ഇതോടെ ചില ചോദ്യങ്ങൾ ശിശുക്ഷേമ സമിതിക്ക് മുമ്പിലെത്തി. വെറും കുടുംബ പ്രശ്നമായി അതിനെ ഒതുക്കാൻ പിന്നെ ആർക്കും കഴിഞ്ഞില്ല. അങ്ങനെ അമരാവതിയിലെ ആ കുട്ടി വിജയവാഡ വഴി തിരുവനന്തപുരത്ത് തിരിച്ചെത്തി.
കുട്ടിയെ കൊടുത്ത് എല്ലാ വിവാദവും അവസാനിപ്പിക്കുകയാണ് ശിശുക്ഷേമ സമിതിയുടേയും സർക്കാരിന്റേയും ആഗ്രഹം. അതിന് വേണ്ടിയാണ് സൈബർ സഖാക്കളുടെ ഇല്ലാ കഥ പറഞ്ഞുള്ള ആക്രമണങ്ങൾ. പക്ഷേ കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ ഈ അമ്മ പോരാട്ടം തുടരും. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് അനുപമ പറയുന്നു. അച്ഛനെ സ്നേഹിച്ച മകളായിരുന്നു അനുപമ. അച്ഛന്റെ വഴിയേ എസ് എഫ് ഐയിൽ എത്തിയ വിദ്യാർത്ഥിനി. ഇതിനിടെ പാർട്ടി യോഗങ്ങളിൽ കണ്ട അജിത്ത് എന്ന ഡിവൈഎഫ്ഐക്കാരനുമായി പ്രണയത്തിലായി. കുടുംബ ജീവിതം താറുമാറായ അജിത്തും അനുപമയും ഒരുമിക്കാൻ തിരുമാനിച്ചു. ആദ്യ ഭാര്യയിൽ നിന്ന് ഡിവോഴ്സ് കിട്ടും മുമ്പേ അനുപമ ഗർഭിണിയായി. ഇതായിരുന്നു ആ ബന്ധത്തിൽ പ്രതിസന്ധിയായത്.
ആരുമറിയാതെ ഗർഭത്തെ അനുപമ സംരക്ഷിച്ചു. അജിത്തിന് ഡിവോഴ്സ് കിട്ടിയോപ്പോൾ വില്ലനായി അവതരിച്ചത് ഏറെ സ്നേഹിച്ച അച്ഛൻ ജയചന്ദ്രനായിരുന്നു. മാർക്ക് വെട്ടിപ്പിലും ഒളിച്ചോട്ടത്തിലും കുടുങ്ങിയ പഴയ സഖാവ്. അച്ഛന്റെ സ്വാഭവം അറിയാവുന്ന അനുപമ കുട്ടിയെ സംരക്ഷിക്കാൻ പെടാപാടുപ്പെട്ടു. തടങ്കലിൽ മകളെ പാർപ്പിച്ച് ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ ശ്രമിച്ചു. പിന്നെ പിറന്ന കുഞ്ഞിനെ തട്ടിയെടുത്തു. ഇതൊന്നും സൈബർ സഖാക്കൾ കണ്ടും കേട്ടുമില്ല. അവർ അനുപമയെന്ന എസ് എഫ് ഐക്കാരിയെ കടന്നാക്രമിച്ചു. അജിത്തിനെ മൂന്ന് കുട്ടികളുടെ അച്ഛനാക്കി പോലും വ്യാജ പ്രചരണമെത്തി. പക്ഷേ ഇതൊന്നും അനുപമയെ തളർത്തിയില്ല. അവർ ശിശുക്ഷേമ സമിതിക്ക് മുമ്പിൽ സമരത്തിനെത്തി.
പന്തൽ കെട്ടാൻ അനുവദിക്കാതെ പൊലീസ് സമരത്തെ പൊളിക്കാൻ നോക്കി. റോഡരികിൽ മാരുതി വാൻ കൊണ്ടൊതുക്കി അതിലായി മഴക്കാലത്തെ സമരം. ഇത് ആരും പ്രതീക്ഷിച്ചില്ല. തന്നെ കാണാൻ എത്തുന്നവർക്ക് ചെറിയൊരു ചായ്പ പോലെ ടാർപാളിൻ കെട്ടാൻ അനുവദിച്ചു ഒടുവിൽ പൊലീസ്. ഡൽഹിയിലെ കർഷക സമരത്തെ അടിച്ചമർത്താൻ മോദിയും കൂട്ടരും കാട്ടിയ അതേ തന്ത്രങ്ങൾ തന്നെയാണ് സമര പന്തൽ പോലും കെട്ടാൻ അനുവദിക്കാതെ പിണറായി പൊലീസും ആദ്യം ചെയ്തത്. രണ്ടു ദിവസം മഴ നനഞ്ഞ് സമരം ചെയ്ത അനുപമ പിന്നോട്ടില്ലെന്ന സന്ദേശം അതിശക്തമായി നൽകി. ഇതോടെ നടപടികൾ വേഗത്തിലായി.
കുട്ടിയെ കൊണ്ടു വരാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. പൊലീസ് സംരക്ഷണയിൽ കുട്ടി തിരുവനന്തപുരത്ത് പറന്നിറങ്ങി. വിമാനത്താവളത്തിൽ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരി കുട്ടിയെ മാറോട് അണച്ചു കൊണ്ടു വന്നു. ഈ ജീവനക്കാരിയെ പോറ്റമ്മയുടെ ഇമേജ് നൽകി ഉയർത്തിക്കാട്ടി സൈബർ സഖാക്കൾ. വീണ്ടും ദത്തെടുത്തവരുടെ അവകാശങ്ങളിലേക്ക് ചർച്ച കൊണ്ടു പോയി. അപ്പോഴും കുട്ടിക്ക് വേണ്ടി അനുപമ പരാതിയുമായി നടക്കുമ്പോൾ അത് തിരിച്ചറിഞ്ഞാണ് ശിശുക്ഷേമ സമിതി കുട്ടിയെ അമരാവതിയിലേക്ക് കടത്തിയതെന്ന സത്യം ആരും ഉയർത്തിക്കാട്ടിയില്ല. ഈ പ്രചരണങ്ങളോടെ ഡിഎൻഎ ടെസ്റ്റിൽ അട്ടിമറിയുണ്ടാകുമെന്ന് അനുപമ ഭയന്നു. അതോടെ അതായി സൈബർ സഖാക്കളുടെ ചർച്ച. കളിയാക്കൽ.
പക്ഷേ അതിനൊന്നും 24 മണിക്കൂറിന്റെ ആയുസ്സുണ്ടായില്ല. പേരൂർക്കടയിലെ ലോക്കൽ കമ്മറ്റി അംഗം രണ്ടു ഡോക്ടർമാരുടെ സഹായത്തോടെ തട്ടിയെടുത്ത ആ കുട്ടിയുടെ മതാപിതാക്കളെ ഒടുവിൽ തിരിച്ചറിഞ്ഞു. ഇനി ആ കുട്ടി അനാഥയല്ല. അനുപമയോട് ചേർന്ന് ആ കുട്ടിക്ക് ഇരിക്കാം. അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം പുറത്തു വന്നു കഴിഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.
മൂന്ന് തവണ ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും. ഫലം ഇതുവരെ കൈയിൽ കിട്ടിയിട്ടില്ലെന്ന് അനുപമ പ്രതികരിച്ചു. ഔദ്യോഗികമായി ലഭിക്കാനായി കാത്തിരിക്കുകയാണ്. ഫലം പോസിറ്റീവായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വർഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.
കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകൾ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽനിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും ഇൻസ്റ്റിറ്റ്യൂട്ടിലെത്തി സാംപിളുകൾ നൽകി.
സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയിൽനിന്നും തിരുവനന്തപുരത്തെത്തിച്ചത്. കോടതി നിർദ്ദേശത്തെ തുടർന്നാണ് അദ്ധ്യാപക ദമ്പതിമാരുടെ സംരക്ഷണയിലുള്ള കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ജില്ലാ ശിശുക്ഷേമസമിതി ഉത്തരവിട്ടത്. കുട്ടിയെ ഡി.എൻ.എ. പരിശോധനയ്ക്കായി തിരികെയെത്തിക്കാൻ സംസ്ഥാന ശിശുക്ഷേമ കൗൺസിൽ ജനറൽ സെക്രട്ടറി ഷിജുഖാനാണ് നിർദ്ദേശം നൽകിയത്. കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന ഉൾപ്പെടെ നടത്തി റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ