കോഴിക്കോട് : വീട്ടുകാർ സമ്മതിക്കാത്ത അന്യജാതിക്കാരനുമായുള്ള സഹപ്രവർത്തകയുടെ വിവാഹം നടത്തി മാതൃകയായി കേരളാ പൊലീസ്. ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും പ്രണയമാണ് പൂവണിഞ്ഞത്.

തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയിൽ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അതിനുശേഷം സ്റ്റേഷനിൽ പായസമടക്കമുള്ള വിവാഹസദ്യയുമൊരുക്കി. വധുവിനും വരനും മാലയും പൂച്ചെണ്ടുമെല്ലാം ഒരുക്കിയതും സഹപ്രവർത്തകരായിരുന്നു. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് കല്യാണം ആശീർവദിക്കാൻ സിഐയും എസ്.ഐ.യും എത്തി. അങ്ങനെ സമ്പൂർണ്ണ പൊലീസ് കല്യാണം.

ബാലുശ്ശേരി ഏകരൂൽ സ്വദേശിയായ അനുഷ്യയും കണ്ണാടിപ്പൊയിൽ സ്വദേശിയായ അനൂപും ഒരു വർഷമായി പ്രണയത്തിലായിരുന്നു. ബന്ധുവായ പൊലീസുകാരിയെ കാണാനെത്തിയപ്പോഴാണ് അനുഷ്യയെ ആദ്യമായി അനൂപ് കാണുന്നത്. പരിചയവും സൗഹൃദവും പ്രണയമായി മാറി. ജാതി വ്യത്യസ്തമായതിനാൽ വീട്ടുകാർ എതിർത്തു. അനൂപും ബന്ധുക്കളും പലതവണ സമീപിച്ചെങ്കിലും അനുഷ്യയുടെ വീട്ടുകാർ വഴങ്ങിയില്ല.

പൊലീസുദ്യോഗസ്ഥരും അനുഷ്യയുടെ ബന്ധുകളുമായി ചർച്ചയ്‌ക്കെത്തി. എന്നാൽ എത്രയും പെട്ടെന്ന് വിവാഹിതരാവാൻ ഇരുവരും തീരുമാനിച്ചു. മണിക്കൂറുകൾക്കൊണ്ട് വിവാഹം നിശ്ചയിച്ചു. അനൂപിന്റെ സഹോദരിയടക്കമുള്ളവർ വിവാഹത്തിന് എത്തി. അടുത്ത ബന്ധുക്കളും പൊലീസുകാരും മാത്രം. ആരേയും ക്ഷണിച്ചതുമില്ല.

ഈ വിവാഹം മറ്റുള്ളവർക്ക് മാതൃകയാവണമെന്ന് എസ്.ഐ. ഇ.കെ. ഷിജു പറഞ്ഞു. പ്രണയസാക്ഷാത്കാരത്തിന് സഹായിച്ച പൊലീസുകാർക്ക് നന്ദിയുണ്ടെന്നും അനുഷ്യയുടെ മാതാപിതാക്കളെ കാണാൻ പോവുമെന്നും വിവരമറിഞ്ഞെത്തിയ അനൂപ് പറഞ്ഞു.