കോഴിക്കോട്: പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് സംഘടനക്കുള്ളിൽ പറയുന്നതാണ് മര്യാദയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. പാർട്ടിക്കുള്ളിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും കേരളത്തിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പാർട്ടിയിലെ ഗ്രൂപ്പ് തർക്കം പരസ്യമായി പുറത്തുവന്നതിന് പിന്നാലെയാണ് പരാതി ഉന്നയിച്ച നേതാക്കൾക്കെതിരെ എ.പി അബ്ദുള്ളക്കുട്ടിയുടെ പരാമർശം. നേരത്തെ പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രൻ തഴയുന്നുവെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രൻ, പി.എം വേലായുധൻ, ശ്രീശൻ തുടങ്ങിയ നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു.

സംസ്ഥാനത്തെ എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപേകുകയും വരുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കുകയുമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലുള്ള പ്രധാന ക‍ടമയെന്നാണ് ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്ക് നൽകുന്ന സന്ദേശം. അതേസമയം, മുതിർന്ന നേതാക്കളായ പിഎം വേലായുധനും ശോഭ സുരേന്ദ്രനും ഉയർത്തുന്ന ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തിൽ സംസ്ഥാന ബിജെപി നേതൃത്വം ഇപ്പോഴും പല തട്ടിലാണ്.

ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണു മധ്യസ്ഥരുടെ നിർദ്ദേശം. എന്നാൽ കോർ കമ്മിറ്റി രൂപീകരണം കേന്ദ്രനേതൃത്വത്തിന്റെ അധികാരത്തിൽപെടുന്ന കാര്യമാണെന്നു ബന്ധപ്പെട്ടവരോടു സുരേന്ദ്രൻ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ രേഖാമൂലമുള്ള പരാതി കേന്ദ്രനേതൃത്വത്തിനു മുന്നിലുണ്ട്. മുൻ വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ പരസ്യമായി രംഗത്തെത്തിയതിന്റെ വിശദാംശങ്ങളും കേന്ദ്രം തേടി. തദ്ദേശ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യത്തിനു തർക്കങ്ങൾ തടസ്സമാകരുതെന്നാണു സംസ്ഥാന നേതൃത്വത്തിന്റെയും അഭിപ്രായം. പക്ഷേ, വിമതനീക്കങ്ങൾക്ക് അതിരു കവിഞ്ഞ പ്രാധാന്യം നൽകാനും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തയാറല്ല. പദവികളുടെ കാര്യത്തിൽ ശോഭയും വേലായുധനും ഉന്നയിച്ച പരാതി തീർക്കാൻ തനിക്കു മാത്രമായി കഴിയില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായുള്ള ഭിന്നത തുറന്ന് പറഞ്ഞ് മുൻ ഉപാധ്യക്ഷൻ പി.എം വേലായുധൻ രം​ഗത്തെത്തിയതോടെയാണ് സംസ്ഥാന ബിജെപിയിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്ത് വന്നത്. അതിന് തൊട്ടുമുമ്പ് ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി വിമർശനം ഉയർത്തിയിരുന്നു. സുരേന്ദ്രനിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ആ പ്രതീക്ഷയെല്ലാം തച്ചുതകർത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധൻ പറഞ്ഞു. റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിലായിരുന്നു വേലായുധന്റെ പ്രതികരണം.

പല പ്രസ്ഥാനങ്ങളിലും പോയി എല്ലാ ആനുകൂല്യങ്ങളും കൈപറ്റി അതെല്ലാം വലിച്ചെറിഞ്ഞ് ബിജെപിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപുറത്താക്കുന്ന നടപടിയാണുള്ളതെന്നും ഇത് കേരളത്തിൽ മാത്രമെ കാണുള്ളുവെന്നും വേലായുധൻ പറഞ്ഞു. 'എന്നെ പോലുള്ള നിരവധി പേർ ഇന്ന് പാർട്ടിയിൽ ദുഃഖിതരാണ്. ഇതെല്ലാം പറയേണ്ട ഒരു ആസ്ഥാനം സംസ്ഥാന അധ്യക്ഷനാണ്. ആ അധ്യക്ഷൻ അതിന് തയ്യാറാകാതെ വന്നാൽ എന്ത് ചെയ്യും. വേറെ വഴികളൊന്നുമില്ല,'' വേലായുധൻ പറഞ്ഞു.നേതൃത്വം ഇടപെട്ട് തെറ്റ് തിരുത്തണമെന്നും പരാതികൾ കേട്ട് തെറ്റ് തിരുത്താൻ അവർ തയ്യാറാവണമെന്നും വേലായുധൻ പറഞ്ഞു.

പാർട്ടിക്കകത്തെ വ്യക്തികളിലാണ് പോരായ്മയെന്നും പാർട്ടിയുടെ ആശയത്തേയും ആദർശത്തേയും കാറ്റിൽ പറത്തിക്കൊണ്ട് ആ വ്യക്തികൾക്ക് തോന്നുന്ന മാതിരി മുന്നോട്ട് പോകുന്നത് അപകടമാണെന്നും വേലായുധൻ പറഞ്ഞു.സംസ്ഥാന അധ്യക്ഷൻ തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാവണമെന്നും വേലായുധൻ കൂട്ടിച്ചേർത്തു.എന്തുകൊണ്ടാണ് സുരേന്ദ്രന് ഇപ്പോൾ ഇങ്ങനെ സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ തന്നെയൊക്കെ ചവിട്ടുന്നതിന്റെ മറുപടി സുരേന്ദ്രനാണ് പറയേണ്ടതെന്നും വേലായുധൻ പറഞ്ഞു. അഹങ്കാരവും അഹന്തയും താഴെവെക്കണമെന്നും ബിജെപി ആരുടേയും തറവാട് സ്വത്തല്ലെന്നും പറഞ്ഞ വേലായുധൻ പാർട്ടിവിടാൻ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നാണ് മറുപടി പറഞ്ഞത്. മറ്റ് പാർട്ടികളിൽ നിന്ന് ഓഫറുകളുണ്ടോ എന്ന് പറയാൻ പറ്റില്ലെന്നും വേലായുധൻ പറഞ്ഞു. അതേസമയം, ബിജെപിയിലെ ഭിന്നതകളിൽ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പാർട്ടി പുനഃസംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചത്.

എല്ലാം നിരീക്ഷിച്ച് സിപിഎമ്മും കോൺ​ഗ്രസും

ബിജെപിയിലെ വിഭാഗിയതയെ പരമാവധി മുതലാക്കാൻ സിപിഎം തീരുമാനം. ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയ ഒകെ വാസു മാഷിനെയാണ് ഇതിന് വേണ്ടി സിപിഎം നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വലിയശാല പ്രവീൺ എന്ന ജില്ലാ നേതാവ് സിപിഎമ്മിൽ എത്തിയതിരുന്നു. ഇതേ മാതൃകയിൽ ഇടപെടാനാണ് വാസു മാഷിന് നൽകിയിരിക്കുന്ന നിർദ്ദേശം. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരുമായി വാസുമാഷ് ബന്ധപ്പെടും. ശോഭാ സുരേന്ദ്രനെ ഏതു വിധേനയും അടുപ്പിക്കാനാണ് ആലോചന. ഇതിനൊപ്പം മറ്റ് നേതാക്കളേയും. ബിജെപിയിലെ ഭിന്നത മുതലെടുക്കാൻ കോൺഗ്രസിനും ആഗ്രമുണ്ട്. അതിനും അവർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

ബിജെപിയുടെ മുതിർന്ന നേതാവ് പിപി മുകുന്ദനെ ലക്ഷ്യമിട്ടും നീക്കങ്ങളുണ്ട്. എന്നാൽ പരിവാർ രാഷ്ട്രീയം വിട്ടൊന്ന് ചിന്തിക്കുന്നില്ലെന്ന് മുകുന്ദൻ ഏല്ലാവരേയും അറിയിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രവർത്തകരെ നിരാശരാക്കുന്നതൊന്നും ചെയ്യില്ലെന്നാണ് മുകുന്ദന്റെ നിലപാട്. അതിനിടെ വിഷയത്തിൽ ഇനി ആർഎസ്എസ് ഇടപെടില്ല. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. അതിനിടെ തൃശൂരിലെ വ്യവസായിയെ ചാക്കിട്ട് ബിജെപി വിഭാഗീയതയിൽ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇപ്പോൾ കേരളത്തിലുള്ള ഈ പ്രവാസിയുമായി കോൺഗ്രസിലെ പ്രമുഖർ ചർച്ച തുടങ്ങിയിട്ടുണ്ട്. ബിജെപി വിട്ടു വരുന്നവർക്ക് ഉചിതമായ സ്ഥാനം കോൺഗ്രസും നൽകും. ബിജെപിയിലെ തിരുത്തൽ വാദികളുടെ നേതാവാകാൻ ഇല്ലെന്ന മുകുന്ദന്റെ തീരുമാനം കോൺഗ്രസിനും തിരിച്ചടിയാണ്. തിരുവനന്തപുരത്ത് മുകുന്ദനെ മുൻനിർത്തി കളിക്കാനുള്ള നീക്കങ്ങൾ ഇതോടെ പൊളിഞ്ഞു.

സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി മറനീക്കി പുറത്ത് വരുന്നുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതിയുമായി പാർട്ടിക്കുള്ളിൽ നിന്നും കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി ദേശീയ കൗൺസിൽ അംഗം പി എം വേലായുധനാണ് കെ സുരേന്ദ്രൻ വഞ്ചിച്ചെന്നാരോപിച്ച് പരസ്യപ്രതികരണം നടത്തിയത്. പ്രസിഡണ്ടിനെ കണ്ടെത്താൻ നേതാക്കൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ സ്ഥാനം ഉറപ്പിക്കാൻ സുരേന്ദ്രൻ പദവികൾ വാഗ്ദാനം ചെയ്തുവെന്നാണ് വേലായുധന്റെ വെളിപ്പെടുത്തൽ. ഇതോടെ വിഭീഗീയതയ്ക്ക് പുതുമാനം വരികയാണ്.

'പുതിയ വെള്ളം വരുമ്പോൾ നിന്ന വെള്ള0 ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയിൽ. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല. സുരേന്ദ്രൻ നേതൃത്വത്തിലേക്ക് ഉയർന്നതിനെ പിന്തുണച്ചയാളാണ് താൻ'. തന്നെയും ശ്രീശനെയും തൽസ്ഥാനത്ത് നില നിർത്താം എന്ന് വാക്ക് തന്ന സുരേന്ദ്രൻ വാക്ക് പാലിക്കാതെ വഞ്ചിച്ചെന്നും വേലായുധൻ ആരോപിച്ചു. ഇതിനെ ഗൗരവത്തോടെയാണ് ആർ എസ് എസും കാണുന്നത്. പൊട്ടിത്തെറി പരസ്യമായ സാഹചര്യത്തിൽ ഇനി അവർ ഇടപെടില്ല. ബിജെപി കേന്ദ്ര നേതൃത്വും വിഭാഗിയതയിൽ മൗനം തുടരുകയാണ്. ഏതറ്റം വരെ പോകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കേന്ദ്ര നേതൃത്വം.

'ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണ്. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല. മറ്റു പാർട്ടികളിൽ സുഖലോലുപ ജീവിത സാഹചര്യങ്ങൾ അനുഭവിച്ച് വന്നവരാണ് ഈയിടെ ബിജെപിയിൽ എത്തിയത്. പുതിയ ആളുകൾ വരുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അർഹിക്കുന്ന പ്രാധാന്യത്തോടെ പാർട്ടി പരിഗണിച്ചില്ല'. സംഘടനാ സെക്രട്ടറിമാരും പക്ഷപാതമായി പെരുമാറുന്നുവെന്നും വേലായുധൻ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരായ സമരം ശക്തമാക്കുന്നതിനിടെയാണ് ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്.

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നുമൊക്കെ ശോഭ വിട്ടുനിൽക്കുകയാണ്. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്‌നപരിഹാരത്തിന് ഉടൻ കേന്ദ്ര ഇടപെൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ കേന്ദ്രം വിഷയത്തിൽ ഇനിയും ഇടപെട്ടിട്ടില്ല. ഇതോടെയാണ് വിഭാഗിയ പ്രശ്‌നങ്ങളിൽ പൊട്ടിത്തെറി സജീവമാകുന്നത്. ഇത് മനസ്സിലാക്കിയാണ് സിപിഎമ്മും കോൺഗ്രസും ഇടപെടൽ നടത്തുന്നതും.

തൽകാലം തന്റെ പരാതികളിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ശോഭ സുരേന്ദ്രന്റെ തീരുമാനം. എല്ലാ പരാതികളും കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്ന് ശോഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അനിശ്ചിതമായി കാത്തിരിപ്പ് നീട്ടിക്കൊണ്ടു പോകാനും വനിതാ നേതാവിന് താൽപ്പര്യമില്ല. സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാർത്തകൾ ശോഭ നിഷേധിച്ചു. കോൺഗ്രസിൽ പോകുമെന്നും അഭ്യൂഹമുണ്ടായി. തൽക്കാലം കാത്തിരിക്കാനാണു മുതിർന്ന നേതാക്കൾ ശോഭയ്ക്കു നൽകിയ ഉപദേശം. ഇതിനു തുടർച്ചയായി, ശോഭയുടെ പരാതികൾ പാർട്ടി ചർച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന കോർ കമ്മറ്റി യോഗം നിർണ്ണായകമാകും. ഇതിന് ശേഷം കൂടുതൽ പ്രതികരണങ്ങളിലേക്ക് ശോഭ കടക്കും.

അതിനിടെ ശോഭയെ സിപിഎമ്മിൽ എത്തിക്കാൻ അതിശക്തമായ നീക്കം നടക്കുന്നുണ്ട്. ബിജെപിയിൽ നിന്നെത്തിയാൽ മുന്തിയ പരിഗണന നൽകാമെന്ന് സിപിഎം കേന്ദ്രങ്ങൾ ശോഭയ്ക്ക് സൂചന നൽകിയിട്ടുണ്ട്. അതിനിടെയാണ് കോൺഗ്രസും ശോഭയെ പാർട്ടിയിലെത്തിക്കാൻ നീക്കം നടത്തുന്നത്. സംസ്ഥാന അധ്യക്ഷൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നൽകിയ പരാതിയിൽ ശോഭ സുരേന്ദ്രൻ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താൻ തുടരുമ്പോഴാണ് കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കെ. സുരേന്ദന് ഭീഷണിയാകുമെന്ന് കരുതിയാണ് തന്നെ തഴഞ്ഞതെന്നും, കോർകമ്മിറ്റിയിൽ നിന്നൊഴിവാക്കി 2004ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അപമാനിച്ച് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദ്ദേശിക്കുന്നവർ തന്നെ ഗ്രൂപ്പിലുള്ളവരെ കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നുവെന്നും കേന്ദ്രനേതൃത്വത്തിന് നൽകിയ പരാതിയിൽ ശോഭ സുരേന്ദ്രൻ പറയുന്നു. ഈഴവ-പിന്നാക്ക സമുദായത്തിൽനിന്ന് കുട്ടിയായിരിക്കുമ്പോൾത്തന്നെ പരിവാർപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നിൽ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്. പാർട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയിൽവരെ ഉണ്ടായിരുന്ന തന്നെ കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി 2004-ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.