ആലപ്പുഴ: കുറച്ചുനാൾകൂടി കഴിഞ്ഞാൽ ഒരു ജോലി തരപ്പെടുമല്ലോയെന്ന മാതാവിന്റെ പ്രതീക്ഷയേറിയ വാക്കുകളാണ് അപർണയെ വീണ്ടും കായികകേന്ദ്രത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് അപർണ പരിശീലനകേന്ദ്രത്തിൽനിന്നും വീട്ടിലെത്തി തനിക്കു സഹിക്കേണ്ടിവന്ന പീഡനങ്ങൾ അമ്മയോടു പറഞ്ഞിരുന്നു. തന്നെ സീനിയർ പരിശീലകൻ തുഴയ്ക്ക് നടുവിന് അടിച്ചു പരിക്കേൽപ്പിച്ചതായും സർക്കാർ ജീവനക്കാരികളായ രണ്ടു സീനിയർ താരങ്ങൾ രാത്രികാലങ്ങളിൽ തന്നെയും സുഹൃത്തുകളെയും പീഡിപ്പിക്കുന്നതായും അപർണ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇനി താൻ കേന്ദ്രത്തിലേക്ക് പരിശീലനത്തിന് പോകുന്നില്ലെന്നും അപർണ മാതാവിനെ അറിയിച്ചു.

എന്നാൽ ജോലി ലഭിച്ചാൽ കുടുംബം രക്ഷപ്പെടുമല്ലോയെന്ന അമ്മയുടെ വാക്കുകളാണ് അപർണയെ വീണ്ടും പീഡനകേന്ദ്രത്തിലെത്തിച്ചത്. ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ചെമ്പൻതറ പനയ്ക്കൽ വീട്ടിൽ ഗീതയുടെയും രാമഭദ്രന്റെയും മകളാണ് മരിച്ച അപർണ. കുടുംബത്തിലെ മൂത്തകുട്ടിയായ അപർണ മാതാപിതാക്കൾ തന്നിൽ അർപ്പിച്ച പ്രതീക്ഷ ഏറ്റെടുത്താണ് കുടുംബത്തെ രക്ഷിക്കാൻ കടുത്തപീഡനം സഹിച്ചും ജോലിനേടാനായി വീണ്ടും പരിശീലനത്തിനായി സായിലെത്തിയത്.

ദേശിയ ചാമ്പ്യൻഷിപ്പിൽ അപർണ സ്വർണമെഡൽ ജേതാവുകൂടിയാണ്. റോവിംഗിൽ മികച്ച പ്രകടനം നടത്തുന്ന അപർണ രാജ്യത്തിന്റെ ഭാവി താരം കൂടിയായിരുന്നു. 2012 ലും 13 ലും ഉത്തർപ്രദേശിലും ഹൈദ്രാബാദിലും നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ടുവെള്ളിയും ഒരു വെങ്കലവും അപർണ നേടിയിരുന്നു. പഠനത്തിലും മിടുക്കിയായിരുന്ന അപർണയെ സംബന്ധിച്ചിടത്തോളം ഒരു ജോലിയെന്നത് സാദ്ധ്യവുമായിരുന്നു. അംഗൻവാടി ടീച്ചറായ ഗീതയ്ക്കും ഹൗസ് ബോട്ടിൽ കുക്കായി ജോലി നോക്കുന്ന രാമഭദ്രനും മകളിൽ വലിയ പ്രതീക്ഷയായിരുന്നു.

അപർണയ്ക്ക് ജോലി ലഭിക്കുന്നതോടെ കുടുംബത്തിന് ആശ്വാസമാകുമെന്ന വലിയ പ്രതീക്ഷയാണ് ഇതോടെ പൊലിഞ്ഞത്. 2011 ലാണ് അപർണ അഞ്ചുവർഷത്തെ പരിശീലന പരിപാടിക്ക് യോഗ്യത നേടി സായിയിലെത്തുന്നത്. പരിശീലനം തീരാൻ ഇനിയും ഒന്നരവർഷം ബാക്കിയുണ്ട്. വരുന്ന 12 ന് +2വിന്റെ പരീക്ഷാഫലം എത്താനിരിക്കെയാണ് അപർണ മരണത്തിലേക്ക് നടന്നടുത്തത്. ആര്യാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ +2 വിദ്യാർത്ഥിനിയാണ്. ഏക സഹോദരൻ അനുജിത്ത് ഇതേ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇതിനിടെ അത്യാസന്ന നിലയിൽ കുട്ടികൾ വെളിപ്പെടുത്തിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും വഴിപാടാകുമോയെന്ന സംശയത്തിലാണ് ജനങ്ങൾ. കായികലോകത്തിനു തന്നെ അപമാനമായി മാറിയ പരിശീലകനെയും സീനിയർ താരങ്ങളെയും നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും അപർണമാർ ഇത്തരം കേന്ദ്രങ്ങളിലുണ്ടാകുമെന്നത് തീർച്ച. വിദ്യാർത്ഥിനിയുടെ മരണശേഷം സായി അധികൃതർ പ്രശ്‌നത്തെ സാധൂകരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിയത്.

വിദ്യാർത്ഥികൾ വിവാഹപാർട്ടിയിൽ ബിയർ കുടിച്ചത് ചോദ്യം ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ സീനിയർ വിദ്യാർത്ഥികൾ കുട്ടികളെ പരിഹസിച്ചുവെന്ന വിശദീകരണം പൊളിഞ്ഞു. ഇന്നലെ ചില വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണത്തിൽ അത്തരത്തിൽ വിദ്യാർത്ഥിനികളെ പരിഹസിച്ച സാഹചര്യം തങ്ങൾക്ക് ഓർമ്മയില്ലെന്നാണ് അറിയി ച്ചത്. ഏതായാലും കാര്യങ്ങൾ ഗൗരവത്തിലാണ് പോകുന്നത്. ഇന്നലെ അർദ്ധരാത്രിയിൽ ഡൽഹിയിൽനിന്നെത്തിയ സായ് ഡയറക്ടർ വണ്ടാനം മെഡിക്കൽ കോളേജ്് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിനികളെ കണ്ടു തെളിവെടുപ്പ് നടത്തി. ഇന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദർശനം.