ചൊവ്വാഴ്ച പുറത്തിറങ്ങിയ ആപ്പിൾ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ മൂന്നുമാസത്തിനിടെ കമ്പനി മൂന്നരക്കോടി ഐഫോണുകൾ വിറ്റിരിക്കുന്നു. ഐഫോൺ ഡിമാൻഡിൽ വമ്പിച്ച വർധനവുണ്ടായപ്പോൾ കമ്പനിയുടെ ഐപാഡ് ടാബ്ലറ്റുകൾക്ക് ആവശ്യക്കാർ കുറഞ്ഞതായും ആപ്പിൾ വെളിപ്പെടുത്തുന്നു. ജൂൺ 28 ശേഷമുളള മൂന്നുമാസക്കാലയളവിൽ കമ്പനി 770കോടി ഡോളർ ലാഭവുമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 11.6 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ഐഫോണുകളുടെ വിൽപനയിൽ കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏഴ് ക്വാർട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോണുകളുടെ വിൽപനയിലെ ഏറ്റവും വലിയ വളർച്ചയാണുണ്ടായിരിക്കുന്നതെന്ന് ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് പറഞ്ഞു.


ഐഫോണുകളുടെ വിൽപന കുതികുതിക്കുമ്പോഴും ആപ്പിളിന്റെ ഐപാഡുകളുടെ വിൽപന കഴിഞ്ഞ വർഷത്തേതിനേക്കാൾ 9.2 ശതമാനം താഴ്ന്നുവെന്നാണ് കമ്പനി പറയുന്നത്. ഇക്കൊല്ലം 12.27 മില്യൺ ഐപാഡുകൾ മാത്രമെ വിറ്റഴിഞ്ഞുള്ളൂ. ഇതുമൂലം ആപ്പിളിന്റെ വരുമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഇത് ഏകദേശം 38 ബില്യൺ ഡോളറുകളാണെന്ന് കണക്കാക്കുന്നു.

അതിനിടെ ആപ്പിൾ ഒരു സ്മാർട്ട് വാച്ച് വിപണിയിലിറക്കാൻ പദ്ധതിയിടുന്നതായി ഒരു വാർത്ത പറക്കുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം ശരിയാണെന്നറിയില്ല. ടച്ച് സ്‌ക്രീനുള്ള ഈ സ്മാർട്ട് വാച്ചിനെ വയർലസ്സായി സ്മാർട്ട്‌ഫോൺ പോലുള്ള ഡിവൈസുകളുമായി കണക്ട് ചെയ്യാനും സാധിക്കും.

ചൈന മൊബൈലുമായി ആപ്പിൾ അടുത്തിടെയുണ്ടാക്കിയ ഡീൽ മൂലം കമ്പനിയുടെ ഐഫോണുകൾക്ക് ലോകമാകമാനം വൻ ഡിമാൻഡുണ്ടായിട്ടുണ്ട്. എന്നാൽ മുഖ്യ എതിരാളിയായ സജീവമായി വിപണിയിലുണ്ട്. യുഎസ് മാർക്കറ്റിൽ ആപ്പിളിന് പ്രബലമായ സ്ഥാനമുണ്ടെന്നാണ് റിസർച്ച് ഫേമായ ഇമാർക്കറ്റർ പറയുന്നത്. ഇവിടുത്തെ സ്മാർട്ട്‌ഫോൺ മാർക്കറ്റിൽ ആപ്പിൾ ഐഫോണിന്റെ പങ്കാളിത്തം ഈ വർഷം 40.5 ശതമാനമായി വർധിച്ചിട്ടുണ്ട്.