കോഴഞ്ചേരി: ആപ്പിൾട്രീ ചിട്ടിഫണ്ട് നടത്തി നാട്ടുകാരിൽനിന്നു 36 കോടി തട്ടിയിട്ടും ഖദറിട്ട് നെഞ്ചും വിരിച്ച് നാട്ടിലൂടെ പ്രമാണിയായി നടന്ന കോട്ടയം മുൻ ഡി.സി.സി സെക്രട്ടറി കെ.ജെ. ജയിംസിനെ അറസ്റ്റ് ചെയ്യിപ്പിച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട്. കോട്ടയത്തെ എ ഗ്രൂപ്പിലെ പ്രമുഖനും മുഖ്യമന്ത്രിയുടെ വലംകൈയുമായിരുന്ന ജയിംസ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും നാട്ടുകാർക്കു മുന്നിൽ ഞെളിഞ്ഞു നടന്നത് ഉമ്മൻ ചാണ്ടിയുടെ ഒറ്റ പിൻബലത്തിലായിരുന്നു. മുഖ്യന്റെ പിന്തുണ ഉള്ളതിനാൽ ചെന്നിത്തലയുടെ പൊലീസ് തന്റെ രോമത്തിൽ പോലും തൊടില്ലെന്നാണ് ജയിംസ് കരുതിയിരുന്നത്.

എന്നാൽ, ചെന്നിത്തലയെ 'അണ്ടർ എസ്റ്റിമേറ്റ്' ചെയ്തിടത്ത് ജയിംസിന് പിഴച്ചു. ഇത്രയും വലിയ പിടിപാടുള്ള ജയിംസിനെ ഒരു സാദാ എസ്.ഐ ആണ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഐ ഗ്രൂപ്പുകാരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ചെന്നിത്തലയുടെ പൊലീസ് ജയിംസിനെ പൊക്കിയത്. അറസ്റ്റിന്റെ തിരക്കഥ രചിച്ചതും ചെന്നിത്തല നേരിട്ടായിരുന്നു. അതിനു മുന്നോടിയായി ആപ്പിൾ ട്രീയിലെ പരൽ മൽസ്യങ്ങളെയാണ് ആദ്യം പിടിച്ചത്. കമ്പനിയുടെ എം.ഡിയായിരുന്ന ശങ്കർ ജി. ദാസിനെ കഴിഞ്ഞ മാസം 16 ന് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്യുന്നിടത്തു നിന്നാണ് 'ജയിംസ്' വേട്ട ചെന്നിത്തല തുടങ്ങിയത്.

ആപ്പിൾ ട്രീ തട്ടിപ്പിന് ഇരയായ ഇലവുംതിട്ട സ്വദേശി വേണു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശങ്കറിന്റെ അറസ്റ്റ്. പരാതി നൽകി ഒരു വർഷമാകുമ്പോഴാണ് കേരളാ പൊലീസിന്റെ കാര്യക്ഷമത വെളിച്ചത്തു വന്നതെന്നതും ശ്രദ്ധേയം. ശങ്കർ അകത്തായതോടെ ജയിംസ് ഒന്നു ഞെട്ടിയെങ്കിലും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ് അറസ്റ്റ് എന്നു പറഞ്ഞതു വിശ്വസിച്ച് മാറി നിന്നു. പിന്നെയാണ് ജയിംസിനുള്ള വല വിരിച്ചത്. വാകത്താനം പൊലീസിനെക്കൊണ്ട് ജയിംസിനെ അറസ്റ്റ് ചെയ്യിക്കാനായി പിന്നീടുള്ള ശ്രമം. ഉമ്മൻ ചാണ്ടിയുടെ അപ്രീതിക്ക് പാത്രമാകണ്ട എന്നു കരുതി അവർ നല്ല വാക്ക് പറഞ്ഞ് തലയൂരി.

അങ്ങനെ അതിനുള്ള സുവർണാവസരം ആറന്മുള എസ്.ഐ അശ്വിത്ത് എസ്. കാരാൺമയിലിന് വീണു. കഴിഞ്ഞ 19 ന് ചങ്ങനാശേരി ടൗണിൽ ഒരു കാറിലിരുന്ന ജയിംസിനെ ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞ് അതേ കാറിൽ തന്നെ വിളിച്ചുകൊണ്ടു പോരുകയായിരുന്നു എസ്.ഐ അശ്വിത്ത്. ആറന്മുള പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും ഒന്നിച്ചായിരുന്നു. പിന്നാലെ കോട്ടയത്തുനിന്ന് ഒരു സംഘം ഖദറിട്ടയാൾക്കാർ പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തി. പൊലീസുകാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും തന്തയ്ക്ക് വിളിച്ചു. അതോടെ നാട്ടുകാർ കൂടി. കോട്ടയത്തുനിന്നു വന്നവർ ആറന്മുളക്കാരുടെ അടിയും വാങ്ങിയാണ് പോയത്. കൂട്ടത്തിൽ കൂടുതൽ ശൗര്യം കാണിച്ച ഒരുത്തനെ തറയിൽമുക്ക് വരെ ഓടിച്ചിട്ട് അടിച്ചു.

വലിയ മിടുക്കനാകാൻ ശ്രമിച്ച അശ്വിത്തിനിട്ട് പണി പിറ്റേന്നുതന്നെ ചെന്നു. കൊടുമൺ എസ്.ഐ ആയിരിക്കുമ്പോൾ ഒരു നിരപരാധിയെ ആളു മാറി കസ്റ്റഡിയിൽ എടുത്ത് മർദിച്ചുവെന്ന പരാതിയിന്മേൽ അശ്വത്തിനെതിരേ നടപടി എടുക്കാനും രണ്ട് ഇൻക്രിമെന്റ് തടയാനും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഉമ്മച്ചനെ കൊണ്ട് ഇത്രയൊക്കെ ചെയ്യാനേ പറ്റൂ.