തെരേസ മന്ത്രിസഭയിൽ ഇന്ത്യക്കാരുടെ അഭിമാനമായിരുന്നു ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ. എന്നാൽ ഇസ്രയേലിലേക്ക് നടത്തിയ ഒരു ഫാമിലി ഹോളിഡേ ട്രിപ്പിനിടെ അവർ പ്രോട്ടോക്കോൾ ലംഘിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെ തുടർന്ന് തെരേസ പ്രീതിയെ കഴിഞ്ഞ നവംബറിൽ പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ തെരേസ തന്റെ മന്ത്രിസഭയിൽ നടത്തിയ അഴിച്ച് പണിയുടെ ഭാഗമായി പ്രീതിക്ക് പകരക്കാരിയായി എത്തുന്നത് ഗോവൻ വംശജയായ സ്യൂല്ലെ ഫെർണാണ്ടസാമെന്നത് ഇന്ത്യക്കാർക്ക് അൽപം ആശ്വാസത്തിന് വക നൽകുന്നുണ്ട്.

ഇതിന് പുറമെ മന്ത്രിസഭയിലെ പുനക്രമീകരണത്തിന്റെ ഭാഗമായി ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകൻ ഋഷി സുനകിനും ഗുജറാത്ത് വംശജനായ ഷൈലേഷ് വാരയ്ക്കും തെരേസ മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ ജനിച്ച അലോക് ശർമ മന്ത്രിസ്ഥാനം നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മന്ത്രിസഭയിൽ വരുത്തി ശുദ്ധികലശത്തിനിടെ തെരേസ ഇന്ത്യൻ വംശജർക്ക് അംഗീകാരം നൽകിയെന്ന് സാരം. ഇതിന് പുറമെ നിരവധി ഏഷ്യൻആഫ്രിക്കൻ വംശജർക്കും സ്ത്രീകൾക്കും മുൻഗണന നൽകിക്കൊണ്ടാണ് തെരേസ തന്റെ പുതിയ കാബിനറ്റ് രൂപീകരിച്ചിരിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ വിട്ട് പോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിലെ ജൂനിയർ മന്ത്രിയായിട്ടാണ് സ്യൂല്ല ഫെർണാണ്ടസിനെ നിയമിച്ചിരിക്കുന്നത്. അതായത് കടുത്ത ബ്രെക്‌സിറ്റ് വാദിയായ സ്യൂല്ലയെ ഡിപ്പാർട്ട്‌മെന്റ് ഫോർ എക്‌സിറ്റിങ് ദി യൂറോപ്യൻ യൂണിയനിൽ പാർലിമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായിട്ടാണ് അവരോധിച്ചിരിക്കുന്നത്. കെനിയയിൽ നിന്നും മൗറീഷ്യസിൽ നിന്നുമാണ് സ്യൂല്ലയുടെ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് വർഷങ്ങൾക്ക് മുമ്പ് കുടിയേറിയിരുന്നത്. ലണ്ടനിലെ ഹാരോയിലാണ് 1980 ഏപ്രിൽ മൂന്നിന് സ്യൂല്ല ജനിച്ചത്.

വെബ്ലിയിലായിരുന്നു സ്യൂല്ല പഠിച്ച് വളർന്നത്. ബ്രെന്റിലെ ഉക്‌സെൻഡൻ മാനർ പ്രൈമറി സ്‌കൂൾ, പിന്നെറിലെ ഇൻഡിപെന്റന്റ് ഹീത്ത്ഫീൽഡ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്യൂല്ലയുടെ ആദ്യ വിദ്യാഭ്യാസം.തുടർന്ന് കേബ്രിഡ്ജിലെ ക്യൂൻസ് കോളജിൽ നിന്നും നിയമം പഠിക്കുകയും ചെയ്തു. ഇതിന് പുറമെ പാൻതിയോൺസോർബോൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും യൂറോപ്യൻ ആൻഡ് ഫ്രഞ്ച് ലോയിൽ മാസ്‌റ്റേർസും ഇവർ നേടി. 2005നും 2015നും ഇടയിൽ സ്യൂല്ല കേംബ്രിഡ്ജ് യൂണിവേഴിസിറ്റി കൺസർവേറ്റീവ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. 2015ൽ ഫാറെഹാം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടായിരുന്നു ഈ വനിതാ നേതാവ് ആദ്യമായി പാർലിമെന്റിലെത്തിയത്.തുടർന്ന് 2017ലെ ഇടക്കാല തെരഞ്ഞെടുപ്പിലും സ്യൂല്ല വിജയം ആവർത്തിച്ചു.

നാരായണമൂർത്തിയുടെ മരുമകനായ ഋഷി സുനകിനെ മിനിസ്ട്രി ഓഫ് ഹൗസിങ്, കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റിലെ പാർലിമെന്ററി അണ്ടർ സെക്രട്ടറി ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. 2015ൽ റിച്ച്മണ്ട് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടാണ് ഋഷി ആദ്യമായി പാർലിമെന്റിൽ എത്തിയിരുന്നത്. വിൻചെസ്റ്റർ കോളജ്, ഓക്‌സ്‌ഫോഡിലെ ലിൻകോളിൻ കോളജ് എന്നിവിടങ്ങളിലായിരുന്നു ഋഷിയുടെ വിദ്യാഭ്യാസം. തുടർന്ന് പിന്നീട് സ്റ്റാഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും അദ്ദേഹം എംബിഎയും നേടി. യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രെക്‌സിറ്റിന്റെ ശക്തനായ വക്താവായിട്ടായിരുന്നു ഋഷി രംഗത്തെത്തിയിരുന്നത്.

മറ്റൊരു ഇന്ത്യൻ വംശജനായ അലോക് ശർമ തെരേസ മന്ത്രിസഭയിലെ തന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 2016ൽ തെരേസ മെയ്‌ ഫോറിൻ ആൻഡ് കോമൺ വെൽത്ത് ഓഫീസിൽ പാർലിമെന്ററി അണ്ടർ സെക്രട്ടറി ആയിട്ടായിരുന്നു നിയമിച്ചിരുന്നത്. 2017ൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റിൽ അദ്ദേഹം ഹൗസിങ് ആൻഡ് പ്ലാനിങ് മിനിസ്റ്ററായി. ഇപ്പോൾ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ എംപ്ലോയ്‌മെന്റായിട്ടാണ് അദ്ദേഹം നിയമിക്കപ്പെട്ടിരിക്കുന്നത്.

ഷൈലേഷ് വാരയാണ് തെരേസ കാബിനറ്റിലെ മറ്റൊരു ഇന്ത്യൻ വംശജൻ. ഗുജറാത്തികളായ ദമ്പതികളുടെ മകനായി 1960 സെപ്റ്റംബർ നാലിന് ഉഗാണ്ടയിലായിരുന്നു ഷൈലേഷിന്റെ ജനനം. തുടർന്ന് നാല് വയസുള്ളപ്പോൾ 1964ൽ കുടുംബത്തിനൊപ്പം അദ്ദേഹം യുകെയിലേക്ക് കുടിയേറുകയായിരുന്നു. അയ്‌ലെ ബറി ഗ്രാമർ സ്‌കൂൾ, ബ്രൂണെയ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. ഒരു സോളിസിറ്റർ എന്ന നിലയിൽ അദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്. ലീഗൽ അഡൈ്വസറും ബിസിനസ് കൺസൾട്ടന്റുമായി അദ്ദേഹം കുറച്ച് കാലം പ്രവർത്തിച്ചിരുന്നു. 1980കളുടെ അവസാനമായിരുന്നു ഷൈലേഷ് കൺസർവേറ്റീവ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചത്. 2005ൽ നോർത്ത് വെസ്റ്റ് കേംബ്രിഡ്ജ് ഷെയറിൽ നിന്നാണ് അദ്ദേഹം ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് ടോറി പാർട്ടിയുടെ വൈസ് ചെയർമാനായിരുന്നു ഷൈലേഷിനെ 2006ൽ ഷാഡോ മിനിസ്റ്റീരിയൽ പോസ്റ്റിൽ നിയമിച്ചിരുന്നു. 2010ലെ പൊതുതരെഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ വന്ന കൂട്ട് കക്ഷി മന്ത്രിസഭയിൽ അസിസ്റ്റന്റ് വിപ്പ് സ്ഥാനമായിരുന്നു ഷൈലേഷിന്. 2013ൽ അദ്ദേഹം മിനിസ്ട്രി ഓഫ് ജസ്റ്റിൽ പാർലിമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിതനായി.