- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലടി സർവകലാശാലയിൽ ജോലി ലഭിക്കുന്നത് പാർട്ടിയുടെ ശുപാർശ കത്തുള്ളവർക്കോ? മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച ഇടത് സഹയാത്രികക്ക് കത്ത് നൽകിയത് സിപിഎം പറവൂർ ഏരിയ കമ്മിറ്റി; സംഗീത തിരുവളിന് ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന പാർട്ടി കത്ത് പുറത്ത്
കൊച്ചി: കാലടി സർവകലാശാലയിൽ സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദം കത്തുന്നതിനിടെ സിപിഎം ശുപാർശയിൽ നടന്ന മറ്റൊരു നിയമനത്തിന്റെ തെളിവ് കൂടി പുറത്ത് വരുന്നു. സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച സംഗീത തിരുവളിന് സിപിഎം നൽകിയ ശുപാർശ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പാർട്ടി സഹയാത്രികയ്ക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂർ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്ത് പുറത്തുവന്നു. കത്തിൽ പറയുന്ന സംഗീത തിരുവളിന് സർവകലാശാലയിൽ ജോലി ലഭിച്ചിരുന്നു. 2019 സെപ്റ്റംബറിൽ പറവൂർ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ ലെഡർ പാഡിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ വിശദാംശങ്ങളാണ് വിവാദമായത്. പാർട്ടിയുടെ സഹയാത്രികയായ സംഗീത തിരുവളിന് കാലടി സർവകലാശാലയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ധീവര സംവരണ വിഭാഗത്തിൽ ഇന്റർവ്യൂവിന് ക്ഷണിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്ന കത്താണ് പുറത്തുവന്നത്. ഇതിന് ശേഷം ധീവര സംവരണ വിഭാഗത്തിൽ സംഗീത തിരുവളിന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മുൻ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് സർവകലാശാലയിൽ നടന്ന മറ്റൊരു നിയമനം വിവാദമാകുന്നത്. അതേസമയം, സംസ്ഥാനത്ത് നടക്കുന്നത് പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അഞ്ച് വർഷം കൊണ്ട് ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് ഇടത് സർക്കാർ നടത്തിയത്. കൺസൾട്ടൻസി / പൊതുമേഖല നിയമനം കൂടി കണക്കാക്കിയാൽ മൂന്ന് ലക്ഷം പിൻവാതിൽ നിയമനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലടി സർവകലാശാലയിലെ നിയമന വിവാദം പുറത്തുകൊണ്ടുവന്നത് ഇന്റർവ്യൂ ബോർഡിലുള്ളവരാണ്. മോഷണം കയ്യോടെ പിടികൂടിയപ്പോൾ പിടിച്ചവരെ മോഷ്ടാവ് ആക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.എംബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെ ആണ് എതിർക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച ബോർഡ് അംഗങ്ങൾ കോൺഗ്രസ്സുകാരല്ല. സത്യം കണ്ടു പിടിക്കുന്നവരെ മോഷ്ടാക്കളാക്കുന്നു. ഉപജാപക സിദ്ധാന്തം കൊണ്ടു വരുന്നു. സത്യം പറയുന്നവരെ നിശ്ശബ്ദരാക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം നിലപാട് എന്താണെന്നും മന്ത്രി ജയരാജൻ മാനുഷിക പരിഗണന എന്നാണ് പറയുമ്പോൾ അത് മറ്റ് ഉദ്യോഗാർഥികൾക്ക് ഇത് ബാധകമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ