- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൽബിയത്ത് ധ്വനികളാൽ അറഫ മൈതാനം പ്രകമ്പനം കൊണ്ടു; ജനസാഗരം വിശ്വാസ നിർവൃതിയിൽ; കല്ലേറ് നടത്തി മുടിവടിച്ച് കഅബാലയത്തിലേക്ക് പോകാൻ തയ്യാറെടുത്ത് ഹാജിമാർ
അറഫ: വിശ്വാസികളുടെ മഹാസംഗമത്തിന് വേദിയായി വീണ്ടും അറഫ മൈതാനം. വിശുദ്ധിയുടെ അടയാളമായ വെൺമയേറിയ വസ്ത്രമണിഞ്ഞ് എത്തിയ തീർത്ഥാടക സഹസ്രങ്ങൾ വിശാലമായ അറഫാ മൈതാനിയിൽ ഇന്നലെ മനുഷ്യസാഗരം തീർത്തു. ചക്രവാളം തൽബിയത്ത് ധ്വനികളാൽ പ്രകമ്പനം കൊണ്ടു. അന്തിമവിചാരണയുടെ പ്രതീകാത്മക സ്മരണകളുയർത്തുന്നതാണ് ശുഭ്രവസ്ത്രധാരികളായ തീർത്ഥാടകലക്ഷങ്ങള
അറഫ: വിശ്വാസികളുടെ മഹാസംഗമത്തിന് വേദിയായി വീണ്ടും അറഫ മൈതാനം. വിശുദ്ധിയുടെ അടയാളമായ വെൺമയേറിയ വസ്ത്രമണിഞ്ഞ് എത്തിയ തീർത്ഥാടക സഹസ്രങ്ങൾ വിശാലമായ അറഫാ മൈതാനിയിൽ ഇന്നലെ മനുഷ്യസാഗരം തീർത്തു. ചക്രവാളം തൽബിയത്ത് ധ്വനികളാൽ പ്രകമ്പനം കൊണ്ടു. അന്തിമവിചാരണയുടെ പ്രതീകാത്മക സ്മരണകളുയർത്തുന്നതാണ് ശുഭ്രവസ്ത്രധാരികളായ തീർത്ഥാടകലക്ഷങ്ങളുടെ അറഫാ സംഗമം.
ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണകൾ ഉണർത്തി ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. സ്വദേശികൾക്കൊപ്പം പ്രവാസികളും പുതുവസ്ത്രങ്ങളും അത്തറിന്റെ സുഗന്ധവുമായി ഈദ് ഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചു കൂടും. കുടുംബത്തോടൊപ്പവും അല്ലാതെയും വിശ്വാസികൾ പെരുന്നാൾ മുസല്ലകളിലത്തെും.
വ്യാഴാഴ്ച രാത്രി മിനായിൽ തങ്ങിയ ഹാജിമാർ ഇന്നലെ സുബ്ഹി നമസ്‌കാരത്തിനു ശേഷം 14 കിലോമീറ്റർ അകലെയുള്ള അറഫയിലേക്കു പ്രയാണം തുടങ്ങി. വർഷത്തിൽ ഒരു ദിവസം മാത്രം ആരാധന നടക്കുന്ന അറഫയിലെ നമീറ പള്ളിയിലും പരിസരത്തുമായി തീർത്ഥാടകർ ഒത്തുചേർന്നു പ്രാർത്ഥനകളിൽ മുഴുകി. തിരുദൂതരുടെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിപ്പിച്ച് അറഫയിലെ നമീറ പള്ളിയിൽ നിന്ന് സൗദി ഗ്രാൻഡ് മുഫ്തി ശെയ്ഖ് അബ്ദുർറഹ്മാൻ ആലുശെയ്ഖ് ഖുത്ബ നടത്തി.
തീർത്ഥാടകർ ളുഹ്‌റും അസ്‌റും ഒന്നിച്ചു ചുരുക്കി നമസ്‌കരിച്ചു. പ്രവാചകൻ വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫയിലെ ജബലുർറഹ്മയിലും പരിസരപ്രദേശങ്ങളിലും ഹാജിമാർ പ്രാർത്ഥനയുമായി വൈകുന്നേരം വരെ കഴിച്ചുകൂട്ടി. സൂര്യാസ്തമയത്തിനു ശേഷം അറഫയിൽ നിന്നു മുസ്ദലിഫയിലേക്കു നീങ്ങിയ ഹാജിമാർ തിന്മയുടെ പ്രതീകങ്ങൾക്കു നേരെ തൊടുക്കാനുള്ള കല്ലുകൾ അവിടെനിന്നു ശേഖരിച്ചു. മുസ്ദലിഫയിൽ തങ്ങിയ ഹാജിമാർ ഇന്നു പുലർച്ചെ മിനായിലേക്കു മടങ്ങും.
മിനായിലെ ജംറതുൽ അഖബ (വലിയ ജംറ)യിൽ കല്ലെറിയുകയാണ് ഇന്ന് ആദ്യം നിർവഹിക്കുന്ന കർമം. തുടർന്നു തലമുടി കളഞ്ഞ ഹാജിമാർ വിശുദ്ധ കഅബാലയത്തിൽ ത്വവാഫും സഫാ-മർവക്കിടയിൽ സഅയും നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്കു നീങ്ങും. ബലിയറുക്കൽ, മിനായിൽ രാപ്പാർത്ത് 11, 12, 13 (ഞായർ, തിങ്കൾ, ചൊവ്വ) ദിവസങ്ങളിലെ മൂന്നു ജംറകളിലെയും കല്ലേറ് എന്നിവയാണ് ഹജ്ജിന്റെ അവശേഷിക്കുന്ന മറ്റു കർമങ്ങൾ.
വിപുലമായ സംവിധാനമാണ് അറഫാ സംഗമം സുഗമമാക്കുന്നതിന് സൗദി അധികൃതർ ഒരുക്കിയിട്ടുള്ളത്. മിനായിൽ നിന്ന് അറഫയിലേക്കും തിരിച്ച് മുസ്ദലിഫ, മിനാ എന്നിവിടങ്ങളിലേക്കും ഹജ്ജ് കമ്മിറ്റി വഴി വന്ന ഇന്ത്യൻ ഹാജിമാർക്കു മശാഇർ ട്രെയിൻ സൗകര്യവും സജ്ജീകരിച്ചിരുന്നു. 1.36 ലക്ഷം ഇന്ത്യൻ തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഇന്ത്യൻ ഹാജിമാർ മിനയിൽ നിന്ന് പ്രയാണം തുടങ്ങിയിരുന്നു. മഹാഈർ മെട്രോ ട്രെയിൻ മാർഗം മുഴുവൻ ഹാജിമാരെയും അറഫയിലെത്തിച്ചു. മെട്രോ സ്‌റ്റേഷൻ രണ്ടിന് സമീപമാണ് മലയാളികൾ അറഫയിൽ തങ്ങിയത്.