കണ്ണൂർ: ഏഷ്യയിലെ എറ്റവും മികച്ച കാർഷിക നഴ്‌സറി എന്ന ഖ്യാതിയുള്ള കണ്ണൂർ ആറളം ഫാമിലും മുന്നാർ മോഡൽ സമരത്തിന് തൊഴിലാളിക

ൾ ഒരുങ്ങുന്നു. തൊഴിലാളികളും ജീവനക്കാരുമായി ആയിരത്തിലേറെപ്പേർ ജോലിചെയ്യുന്ന ആറളം ഫാമിൽ 600-ൽ പരം ആദിവാസികൾ ജോലിസ്ഥിരത ഇല്ലാതെ പ്രവർത്തിക്കുന്നു. ആദിവാസികളെ മുൻനിർത്തി മാവോയിസ്റ്റുകൾ സമരത്തിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

മാവോയിസ്റ്റ് അനുകൂല സംഘടനയായ ആദിവാസി വിമോചന മുന്നണി, തീവ്രവാദി പ്രസ്ഥാനം എന്നിവയ്ക്ക് വേരോട്ടമുള്ള ഭൂമിയാണ് ആറളം മേഖല. കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന ഈ പശ്ചിമഘട്ട മേഖല, മാവോയിസ്റ്റുകളുടെ പ്രധാന പ്രവർത്തനമേഖലയാണ്.

1978 മുതൽ ആറളം ഫാമിൽ ജോലിചെയ്തു വരുന്ന തൊഴിലാളികൾക്ക് 8000 രൂപയിൽ താഴെയാണ് പ്രതിമാസ ശമ്പളം. 2012-ൽ ശമ്പളം പുതുക്കി നൽകണമെന്ന ആവശ്യവും ഫാമിങ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആറളം ഫാം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. മാനേജ്‌മെന്റുമായി രണ്ടു വട്ടം അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പുതുക്കിയ ശമ്പളം നൽകാൻ അധികൃതർ തയ്യാറായില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ പരിഷ്‌ക്കരിച്ച ശമ്പളം എന്ന ആവശൃം അംഗീകരിച്ചെങ്കിലും അത് ഇതുവരെ നടപ്പാക്കിക്കിട്ടിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. 240 ദിവസം തുടർച്ചയായി ജോലിചെയ്ത താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

മൂന്നാറിൽ തൊഴിലാളി സംഘടനകളെ മാറ്റി നിർത്തി തൊഴിലാളികൾ സമരം നടത്തിയ പശ്ചാത്തലത്തിൽ ആറളത്ത് സംയുക്ത ട്രേഡ് യൂനിയനുകളാണ് സമരം പ്രഖൃാപിച്ചിട്ടുള്ളത്. ഐ.എൻ.ടി.യു.സി, സിഐടി.യു, എ.ഐ.ടി.യു.സി, എന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 23 മുതലാണ് അനിശ്ചിതകാല സമരം നടത്താൻ സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുള്ളത്. ആറളം ഫാം പോലുള്ള സ്ഥലത്ത് സമരം ആരംഭിക്കുമ്പോൾ അതിന്റെ രൂപവും പര്യവസാനവും എങ്ങനെയായിരിക്കുമെന്ന ആശങ്ക അധികാരികൾക്കുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്നതും ആദിവാസി വിഭാഗത്തിലെ അവരുടെ സ്വാധീനവും വഴിവിട്ട സമരമായി തീരുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മറുസമരം എന്ന തന്ത്രവുമായി ബിജെപി.യും ആറളത്ത് സജീവമാവുകയാണ്. സംയുക്ത തൊഴിലാളി സംഘടനയെ വെല്ലുവിളിച്ചു ഫാമിങ് കോർപ്പറേഷൻ മാനേജുമെന്റിനും അവരുടെ അഴിമതിക്കുമെതിരെയാണ് ബിജെപി. സമരം തുടങ്ങുന്നത്. ഉദ്യോഗസ്ഥ ദുർഭരണമാണ് ആറളം ഫാമിൽ നടക്കുന്നതെന്നും കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നും ബിജെപി. തുറന്നു കാട്ടുന്നു. ആറളം ഫാം വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായുള്ള വെളിച്ചെണ്ണ നിർമ്മാണം, നീര ഉത്പാദനം, ഡയറി ഫാം, ഔഷധത്തോട്ടം എന്നീ പദ്ധതികളിലൂടെ മാനേജ്‌മെന്റ് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തുന്നതെന്നാണ് ആരോപണം.

െ്രെടബൽ വകുപ്പിൽനിന്ന് പണമെടുത്ത് ഫാം നിലനിർത്തേണ്ടതില്ലെന്ന അഭിപ്രായമാണ് ആദിവാസി നേതാക്കൾക്കുള്ളത്. ഫാമിന്റെ കൈവശമുള്ള 3750 ഏക്കർ ഭൂമി ആദിവാസികൾക്കു പതിച്ചു നൽകേണ്ടതാണെന്ന് ആദിവാസി കോൺഗ്രസ്സ് നേതാവ് ശ്രീരാമൻ കോയ്യോൻ പറഞ്ഞു. ഫാം നിലനിർത്തുന്നത് സർക്കാരോ കൃഷിവകുപ്പോ അല്ലെന്നും ആദിവാസി ക്ഷേമഫണ്ട് ഉപയോഗിച്ചാണെന്നും ആദിവാസി നേതാക്കൾ പറയുന്നു. മുന്നാർ സമരം പോലെ ഏകമുഖ സമരമല്ലാത്തതിനാൽ ആറളം ഫാം സമരം എങ്ങനെ പര്യവസാനിക്കുമെന്ന് ആർക്കും പറയാനാവില്ല.