ന്ധനവിലയെച്ചൊല്ലിയാണ് ഇന്ത്യയിലിപ്പോൾ ഏറ്റവും കൂടുതൽ ചർ്ച്ചകൾ നടക്കുന്നത്. ദിവസേന ഇന്ധനവില മാറുന്നതും അതിലെ നികുതി പിൻവലിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ സജീവമാണ്. അതിനിടെയാണ് ഇന്ധനവില ഭാവിയിൽ കുറഞ്ഞേക്കുമെന്ന പ്രതീക്ഷ നൽകി ഈ ശുഭവാർത്ത എത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ഇന്ത്യയിൽ ഓഫീസ് തുറന്നുവെന്നതാണ് ആ വാർത്ത. ഇന്ത്യയിലെ വർധിച്ചുവരുന്ന ഇന്ധനാവശ്യം പരിഹരിക്കുകയാണ് ലക്ഷ്യം.

ഇന്ന് തുടങ്ങുന്ന ഇന്ത്യ എനർജി ഫോറം സമ്മേളനത്തിനെത്തിയ സൗദി അരാംകോ സിഇഒ അമീൻ നാസ്സറും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്നാണ് അരാംകോയുടെ ഓഫീസ് ഗുരുഗ്രാമിൽ ഉദ്ഘാടനം ചെയ്തത്. എണ്ണ വിൽക്കുന്നവനും വാങ്ങുന്നവനും എന്നതിലപ്പുറം, സൗദിയും ഇന്ത്യയുമായി കൂടുതൽ യോജിച്ച സഹകരണത്തിന് ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധർമേന്ദ്ര പ്രധാൻ ചടങ്ങിൽ പറഞ്ഞു.

ഇന്ത്യയിൽ ഒരു ഉപകേന്ദ്രം തുടങ്ങുകയാണ് അരാംകോയുടെ ലക്ഷ്യം. മഹാരാഷ്ട്രയിൽ 40,000 കോടി രൂപ മുടക്കി ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നാരംഭിക്കുന്ന റിഫൈനറിയിൽ മുതൽമുടക്കാനും അരാംകോ ഏഷ്യ ഇന്ത്യ പദ്ധതിയിടുന്നു. ഇന്ധനോപയോഗം കൂടുതലുള്ള രാജ്യമെന്ന നിലയിൽ അരാംകോ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും ഇന്ത്യയിലേക്കാണ്. സ്വന്തമായി മുതൽമുടക്കോടെ റിഫൈനറി ആരംഭിച്ചാൽ അത് കൂടുതൽ വിജയമാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഇന്ധനോപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യ അടുത്ത രണ്ട് ദശാബ്ദംകൊണ്ട് ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളെയും പിന്നിലാക്കുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെയും ബിപി സ്റ്റാറ്റിസ്റ്റിക്കൽ റിവ്യു ഓഫ് വേൾഡ് എനർജിയുടെയും കണക്കൂകൂട്ടൽ. നിലവവിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തേറ്റവും കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാമ് ഇന്ത്യ. ജപ്പാനെയാമ് അടുത്തിടെ ഇന്ത്യ പിന്തള്ളിയത്. ചൈനയെയും വൈകാതെ പിന്തള്ളുമെന്നാണ് സൂചന.

അരാംകോയാണ് കാലങ്ങളായി ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഇന്ധനം നൽകുന്ന ആഗോള കമ്പനികളിലൊന്ന്. ഇറാഖിൽനിന്നുള്ള എണ്ണക്കച്ചവടം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിക്ക് പുതിയ മാർഗങ്ങൾ തേടുകയല്ലാതെ അരാംകോയ്ക്ക് മറ്റു മാർഗങ്ങളില്ല. ആ നിലയ്ക്കാണ് ഇന്ത്യയിൽനിന്നുതന്നെ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള തീരുമാനത്തിലേക്ക് കമ്പനിയെത്തിയത്. ഭാവിയിൽ ഇന്ത്യയിൽ ഇന്ധന വില കുറയാനും അരാംകോയുടെ സാന്നിധ്യം സഹായകമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

മാത്രമല്ല, ലോകത്തെ മറ്റ് ഊർജസ്രോതസ്സുകളെ ഇന്ത്യ ആശ്രയിക്കാൻ തുടങ്ങിയതും സൗദി കമ്പനിക്ക് ഭീഷണിയായിട്ടുണ്ട്. അടുത്തിടെ അമേരിക്കയിൽനിന്നുള്ള ക്രൂഡ ഓയിൽ ഇന്ത്യയിലെത്തിയിരുന്നു. സൗദി അറേബ്യയിൽനിന്നാണ് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയുടെ 19 ശതമാനവും എൽ.പി.ജിയുടെ 29 ശതമാനവും എത്തുന്നത്. 2016-17 കാലയളവിൽ സൗദിയിൽനിന്ന് ഇന്ത്യയിലെത്തിയത് 3.95 കോടി ടൺ ക്രൂഡ് ഓയിലാണ്.