പത്തനംതിട്ട: കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിലെ 'മോഹൻലാൽ വരുമോ ഇല്ലയോ?' എന്ന ജഗതിയുടെ ചോദ്യം പ്രേക്ഷകരിൽ ഏറെ ചിരി ജനിപ്പിച്ചതാണ്. 'ഞാൻ പറയുന്നു മോഹൻലാൽ വരും. വരില്ലേ? വരും.' ഡയലോഗ് ഇങ്ങനെ തുടരുമ്പോഴാണ് അതിലെ ഹാസ്യം പൂർണമാകുന്നത്. ഇതുപോലെ ആറന്മുള വിമാനത്താവളം വരുമോ ഇല്ലയോ എന്ന് സംസ്ഥാന സർക്കാർ ചോദിക്കുകയാണ് ഇപ്പോൾ. ഒടുക്കം ജഗതി ചോദിച്ചതു പോലെ തന്നെ, വരില്ലേ വരും എന്ന മറുപടിയും നൽകി വിമാനത്താവളത്തിന് വേണ്ടി കാത്തിരിക്കുന്നു.

കേന്ദ്രമന്ത്രാലയങ്ങൾ അനുമതി നിഷേധിച്ചോട്ടെ, നികത്തിയ പാടശേഖരങ്ങൾ പൂർവസ്ഥിതിയിൽ ആക്കിക്കോട്ടെ എന്നാലും പ്രതീക്ഷ സർക്കാർ കൈവിടുന്നില്ല. അതു കൊണ്ടാണ് വിമാനത്താവള ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയ കാര്യത്തിൽ അന്തിമ തീരുമാനം വൈകിപ്പിക്കുന്നത്. ആറന്മുള വിമാനത്താവളത്തിനായി അമേരിക്കൻ പ്രവാസിയായ ഏബ്രഹാം കലമണ്ണിൽ വാങ്ങി മണ്ണിട്ടു നികത്തി കെ.ജി.എസ് കമ്പനിക്കു വിറ്റ ഭൂമിയുടെ പോക്കുവരവ് റദ്ദു ചെയ്ത ജില്ലാ കലക്ടറുടെ നടപടിയിൽ അന്തിമതീർപ്പ് വർഷം രണ്ടു കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും പാലിക്കാൻ ജില്ലാ കലക്ടർ തയാറാകാത്തതിനു പിന്നിൽ ഗൂഢലക്ഷ്യമുെണ്ടന്ന വിമർശനം ശക്തമാണ്.

വിഴഞ്ഞത്ത് അദാനിയുടെ നേതൃത്വത്തിൽ തുറമുഖ നിർമ്മാണ് നവംമ്പർ ഒന്നിന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ അദാനിയെ കൊണ്ടുവന്നത് തന്നെ ആറന്മുള കണ്ണോട് കൂടിയാണ്. വിഴിഞ്ഞം മോദിയുടെ അടപ്പുക്കരാന് നൽകുമ്പോൾ ആറന്മുള ഉമ്മൻ ചാണ്ടിക്ക് വേണമെന്നാണേ്രത വ്യവസ്ഥ. ഇതിന്റെ ഭാഗമാണ് പരിസ്ഥിതി പഠനത്തിന് ആറന്മുള വിമാനത്താവളത്തിന് വീണ്ടും ലഭിച്ച അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകറിന്റെ എതിർപ്പും ഇക്കാര്യത്തിൽ ഫലം കണ്ടില്ല. പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത തരത്തിൽ വിമാനത്താവള പദ്ധതി പുനരവതിരിപ്പിച്ച് അനുമതി നേടിയെടുക്കാനാണ് നീക്കം. ഇതിന് സഹായകമാകുന്ന തരത്തിലാണ് സംസ്ഥാന സർക്കാരിന്റേയും കള്ളക്കളി.

എസ്. ജിതേന്ദ്രൻ ജില്ലാ കലക്ടറായിരുന്നപ്പോഴാണ് കെ.ജി.എസ് കമ്പനി വാങ്ങിയ 232 ഏക്കർ വരുന്ന ആറന്മുള പാടശേഖരത്തിന്റെ പോക്കുവരവ് റദ്ദു ചെയ്തത്. ഭൂപരിഷ്‌കരണ നിയമം മറികടന്ന് കണക്കിൽ കവിഞ്ഞ ഭൂമി കെ.ജി.എസ് വാങ്ങിക്കൂട്ടിയെന്ന കാരണം പറഞ്ഞായിരുന്നു ഇത്.
തുടർന്ന് കെ.ജി.എസ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കേസ് പരിഗണിച്ച കോടതി കെ.ജി.എസിന്റെയും ഏബ്രഹാം കലമണ്ണിലിന്റെയും വാദം കേട്ട ശേഷം മൂന്ന് മാസത്തിനകം തീർപ്പുണ്ടാകണമെന്ന് 2013 മാർച്ച് ഏഴിനു വിധി പ്രഖ്യാപിച്ചു. വിധി പകർപ്പ് മാർച്ച് 25 ന് ജില്ലാ കലക്ടർക്ക് ലഭിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. ഒടുവിൽ കെ.ജി.എസിനു ലഭിച്ച എല്ലാ കേന്ദ്രസർക്കാർ അനുമതികളും റദ്ദു ചെയ്യപ്പെട്ടെങ്കിലും പോക്കുവരവ് സംബന്ധിച്ച നടപടികളിൽ തീരുമാനമെടുക്കാൻ മാത്രം കലക്ടർ തയാറായല്ല.

എസ്. ഹരികിഷോർ ജില്ലാ കലക്ടറായതിനു ശേഷം ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കെ.ജി.എസിനെ സഹായിക്കാനാണ് ചില രാഷ്ട്രീയ നേതാക്കളുടെ നിർദേശപ്രകാരം കലക്ടർ മെല്ലപ്പോക്കു നയം സ്വീകരിച്ചിട്ടുള്ളതെന്നും ആറന്മുള നിവാസികൾ കുറ്റപ്പെടുത്തുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കുന്ന റവന്യൂ അധികൃതർ കെ.ജി.എസിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നാണ് നാട്ടുകാരുടെ പക്ഷം. നിലവിൽ വിമാനത്താവളത്തിനായി വീണ്ടും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കെ.ജി.എസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതിനാൽ സ്വകാര്യ കമ്പനിക്കു വേണ്ടി വഴിവിട്ട നീക്കം നടത്താനാണ് സർക്കാർ തീരുമാനം. ആരു വന്നാലും പോയാലും തങ്ങൾക്കൊന്നുമില്ലെന്ന മട്ടിലാണ് സർക്കാർ നിലപാട്.

അതുകൊണ്ട് തന്നെ ഏറെ വിവാദങ്ങൾക്കൊടുവിൽ ആറന്മുള വിമാനത്താവളം യാഥാർത്ഥ്യമാകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചർച്ച. വിമാനത്താവള കമ്പനിയുടെ ഷെയറുകൾ അദാനി വാങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കെജിഎസ് ഗ്രൂപ്പിൽ റിലയൻസിനുള്ള ഓഹരികളിൽ നിന്ന് 12 ശതമാനമാണ് അദാനി വാങ്ങിയെന്നാണ് സൂചന അദാനി രംഗത്തിറങ്ങുന്നതോടെ കേന്ദ്ര സർക്കാരിൽ നിന്നുള്ള എതിർപ്പുകളും ഇല്ലാതായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഴിഞ്ഞത്ത് വൻ ലാഭമുണ്ടാക്കാൻ അദാനിക്ക് സർക്കാർ അവസരം ഒരുക്കിയതായും ആക്ഷേപമുണ്ട്. ആറന്മുളയ്ക്കുള്ള അംഗീകാരം വാങ്ങി നൽകുന്നതിന്റെ ഭാഗമായാണിതെന്നാണ് ആക്ഷേപം. അതിലേക്ക് കാര്യങ്ങളെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ആറന്മുള വിമാനത്താവളത്തിനെതിരെ ഏറ്റവും ശക്തമായ സമരം നടത്തിയത് ഹിന്ദു ഐക്യവേദിയായിരുന്നു. ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്. ഹിന്ദു ഐക്യവേദി സമരത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് റിപ്പോർട്ട്. നിലവിലെ രൂപ രേഖയുമായി മുന്നോട്ട് പോകില്ലെന്ന ഉറപ്പ് ഹിന്ദു ഐക്യവേദിക്ക് കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ രൂപരേഖയിൽ ചെറിയ മാറ്റം വരുത്തും. ഇതോടെ പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ എതിർപ്പ് ഇല്ലാതാകും. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം വിമാനത്താവളത്തിന് തടസ്സമാവുകയും ഇല്ല.