- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുളയുടെ പൈതൃകത്തിലും ബംഗാളികളുടെ കരവിരുത്; ആറന്മുളക്കണ്ണാടി നിർമ്മാണത്തിനും ഇതര സംസ്ഥാനക്കാർ; മോഹിച്ചു വാങ്ങുന്നവർക്ക് കിട്ടുക ബംഗാൾ കണ്ണാടികൾ! രഹസ്യക്കൂട്ട് ബംഗാളികൾക്ക് നൽകുന്നതിനെ എതിർത്ത പാരമ്പര്യ ശിൽപികളെ കള്ളക്കേസിൽ കുടുക്കി
പത്തനംതിട്ട: മലയാളികളേക്കാൾ ബംഗാളികളും ഇതര സംസ്ഥാനക്കാരുമുള്ള കേരളത്തിൽ പൈതൃക സ്വത്തുക്കളൊക്കെയും അവരുടെ കൈയിലേക്ക്. ഈ നിമിഷം വരെ പരമരഹസ്യമായിരുന്നു ആറന്മുള കണ്ണാടിയുടെ കൂട്ടും ഇതര സംസ്ഥാനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്. കേരളത്തിന്റെയും പത്തനംതിട്ട ജില്ലയുടെയും സ്വകാര്യ അഹങ്കാരമായിരുന്ന ആറന്മുള കണ്ണാടി ഇതിന്റെ പേരിൽ വിവാ
പത്തനംതിട്ട: മലയാളികളേക്കാൾ ബംഗാളികളും ഇതര സംസ്ഥാനക്കാരുമുള്ള കേരളത്തിൽ പൈതൃക സ്വത്തുക്കളൊക്കെയും അവരുടെ കൈയിലേക്ക്. ഈ നിമിഷം വരെ പരമരഹസ്യമായിരുന്നു ആറന്മുള കണ്ണാടിയുടെ കൂട്ടും ഇതര സംസ്ഥാനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.
കേരളത്തിന്റെയും പത്തനംതിട്ട ജില്ലയുടെയും സ്വകാര്യ അഹങ്കാരമായിരുന്ന ആറന്മുള കണ്ണാടി ഇതിന്റെ പേരിൽ വിവാദങ്ങളിൽ കുരുങ്ങി കോടതി കയറുന്നു. ലോകം തന്നെ അത്ഭുതം കൂറി മുഖം നോക്കി നിന്ന ആറന്മുള ലോഹക്കണ്ണാടിയുടെ പ്രതലത്തിൽ തെളിയുന്നത് അധഃപതനത്തിന്റെ ഭാവികാലം കൂടിയാണ്. പൈതൃകമായി ലഭിച്ച കണ്ണാടി നിർമ്മാണത്തിന്റെ രഹസ്യക്കൂട്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈമാറുന്നുവെന്ന് ആരോപിച്ച് ശിൽപികളിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തു വന്നപ്പോൾ, ഇവർ നിർമ്മിക്കുന്നത് വ്യാജക്കണ്ണാടിയാണെന്നു പറഞ്ഞ് പേറ്റന്റുള്ള മറുഭാഗം നിയമനടപടി സ്വീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, പൈതൃകമായി ലഭിച്ച ആറന്മുളക്കണ്ണാടിയെന്ന സ്വത്ത് വിശ്വബ്രാഹ്മണ സമുദായത്തിലെ തർക്കം മൂലം കോടതി കയറുകയാണ്. ഇതോടെ ആറന്മുളക്കണ്ണാടിയെന്ന അത്ഭുതസത്യം കൂടി ഇല്ലാതാകും.
കണ്ണാടിയുടെ കൂട്ട് രഹസ്യമല്ലാതാകുന്നതോടെ ഇന്ത്യയിൽ എവിടെ നിന്നും ആറന്മുളക്കണ്ണാടി പിറവി കൊള്ളും. ആറന്മുളക്കണ്ണാടി സൊസൈറ്റി ജി.ഐ.ആർ. നിയമപ്രകാരം പേറ്റന്റ് നേടിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ആകെ 25 കണ്ണാടി നിർമ്മാണ യൂണിറ്റുകളാണ് ആറന്മുളയിലുള്ളത്. ഇതിൽ 20 എണ്ണത്തിനും പേറ്റന്റ് അനുസരിച്ച് കണ്ണാടി നിർമ്മിച്ച് വിപണനം ചെയ്യാനുള്ള അനുവാദമുണ്ട്. ശേഷിച്ച അഞ്ചു യൂണിറ്റുകളിലുള്ളവർ നിർമ്മിക്കുന്നത് വ്യാജക്കണ്ണാടിയാണെന്ന് ആരോപിച്ച് എതിർവിഭാഗം രംഗത്തു വന്നു. ഇവർ നിർമ്മിച്ച കണ്ണാടികൾ, നിർമ്മാണ സാമഗ്രികൾ എന്നിവ പേറ്റന്റ് നിയമപ്രകാരമുള്ള പരാതിയിൽ പൊലീസ് പിടിച്ചെടുത്തു. മൂന്നരലക്ഷം രൂപയുടെ കണ്ണാടിയും അനുബന്ധ സാമഗ്രികളുമാണ് പൊലീസ് കൊണ്ടുപോയതെന്നും ഇതോടെ തങ്ങളുടെ കുടുംബം പട്ടിണിയിലായെന്നും മാസ്റ്റർ ക്രാഫ്റ്റ്‌സ്മാന്മാരായ മോഹനൻ ആചാരി, പൊന്നപ്പൻ ആചാരി, ആർ. മുരുകൻ ആറന്മുള, ടി. ബാലചന്ദ്രൻ ആറന്മുള, വിശ്വബ്രാഹ്മണ സമൂഹം 36-ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.
ആറന്മുള കണ്ണാടിയുടെ പേരിൽ നിലവാരമില്ലാത്ത കണ്ണാടികൾ നിർമ്മിച്ച് വിൽപന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമ്മാണം സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ മറുവിഭാഗം കഴിഞ്ഞ 24ന് സെക്രട്ടറിയേറ്റിന് മുമ്പിൽ മാദ്ധ്യമങ്ങളുടെ മുന്നിൽ ആറന്മുള കണ്ണാടി നിർമ്മിച്ച് കാണിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ വ്യാജ കണ്ണാടികൾ നിർമ്മിച്ച് പ്രതിഷേധിക്കുന്ന നടപടി നാടിന്റെ പൈതൃകത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നാണ് സൊസൈറ്റി പ്രസിഡന്റ് എ.കെ.ശെൽവരാജ്, സെക്രട്ടറി പി. ഗോപകുമാർ എന്നിവർ പറയുന്നത്.
എന്നാൽ ആറന്മുള കണ്ണാടി നിർമ്മാണത്തിൽ തലമുറകളായി ഏർപ്പെട്ടു വരുന്നവരെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നതെന്നും ഇതിനെതിരേയുള്ള പോരാട്ടമാണ് സെക്രട്ടറിയേറ്റ് നടയിലെ പ്രതിഷേധത്തിന് കാരണമെന്നും പരിപാടിക്ക് നേതൃത്വം നൽകിയ ശിൽപ്പികൾ പറഞ്ഞു. കണ്ണാടി നിർമ്മാണത്തിൽ ഏർപ്പെട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട മുരുകനാണ് പരാതിക്കാരൻ. ഭൗമസൂചിക പ്രകാരം രജിസ്‌ട്രേഷനുള്ള സൊസൈറ്റിയിൽ അംഗമാകാൻ താൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുവാദം ലഭിച്ചില്ല. അപേക്ഷ കിട്ടിയില്ലെന്നാണ് സൊസൈറ്റി ഭാരവാഹികൾ പറയുന്നത്. ഇതു ശരിയല്ലന്നും മുരുകൻ ചൂണ്ടിക്കാട്ടി. സൊസൈറ്റി നേതൃസ്ഥാനത്തുള്ള വ്യക്തി അപേക്ഷ കിട്ടി എന്നു പറയുന്ന ഫോൺ സംഭാഷണം തെളിവിനായി ഇദ്ദേഹം മാദ്ധ്യമ പ്രവർത്തകരെ കേൾപ്പിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സൊസൈറ്റി അധികൃതർ മുരുകൻ അപേക്ഷ നൽകിയില്ലെന്നാണ് അറിയിച്ചിരുന്നത്. ശബ്ദരേഖയോടെ ആ വാദം വ്യാജമെന്ന് തെളിഞ്ഞു. മുരുകന്റെയും മറ്റ് പരമ്പരാഗത ശിൽപ്പികളുടെയും ജീവിതം പ്രതിസന്ധിയിലാണെന്ന് വിശ്വബ്രാഹ്മണ സമൂഹം പ്രസിഡന്റ് കെ എൻ രാധാകൃഷ്ണനും പറഞ്ഞു. അതിന്റെ സെക്രട്ടറി മുരുകനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തങ്ങൾക്ക് അറിയാവുന്ന തൊഴിലാണിത്. സൊസൈറ്റി അംഗത്വപ്രകാരം മാത്രമേ തൊഴിൽ ചെയ്യാൻ പറ്റൂവെങ്കിൽ നിയമപ്രകാരം അതിന് അനുമതി തരണം. മികച്ച രീതിയിൽ ഈ ശിൽപ്പവേല ചെയ്യുന്ന പലരും സൊസൈറ്റിക്ക് പുറത്താണുള്ളത്. അവരുടെ ജീവിതം ഇരുളിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ണാടികൾ നിർമ്മിച്ച വ്യക്തി പോലും ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റാത്ത കുരുക്കിലാണ്. ഇതര സംസ്ഥാനക്കാരായ 12 പേർ ഇപ്പോൾ ആറന്മുളയിൽ ഈ തൊഴിൽ ചെയ്യുന്നുണ്ട്. കണ്ണാടിയുടെ ചട്ടം നിർമ്മിക്കുന്ന ജോലിയാണ് സൊസൈറ്റിയിലുള്ളവർ ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്. യഥാർഥ കലാകാരന്മാർക്ക് ചട്ടവും നിർമ്മിക്കാൻ കഴിയണം.
ഈ സമുദായത്തിൽ ഇല്ലാത്ത ആരും തനിമ ഇല്ലാതാക്കി കണ്ണാടി നിർമ്മിക്കരുത്. ഇത് പൈതൃകത്തോട് കാണിക്കുന്ന വഞ്ചനയാണെന്ന് മുരുകൻ പറഞ്ഞു. 2003ൽ ഭൗമസൂചിക രജിസ്ട്രി (ജി.ഐ.ആർ.) അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ കരകൗശല ഉൽപന്നമാണ് ആറന്മുള കണ്ണാടി. വിശ്വബ്രാഹ്മണ മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റിക്കും സൊസൈറ്റിയിൽ ഉൾപ്പെട്ട അംഗീകൃത അംഗങ്ങൾക്കും മാത്രമാണ് കണ്ണാടി നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും അംഗീകാരമുള്ളത്. ജില്ലയിലെ ആറന്മുള, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ മാത്രമാണ് ഇവ നിർമ്മിക്കുന്നത്. ഉപയോക്താക്കളുടെ കൈയിൽ ആറന്മുളകണ്ണാടിയെന്ന പേരിൽ ഇപ്പോൾ എത്തിച്ചേരുന്ന അറുപതു ശതമാനവും മെർക്കുറി പൂശിയതും ചെമ്പും വെളുത്തീയവും ചേർന്ന പരമ്പരാഗത ലോഹക്കൂട്ടിൽ കൃത്രിമം കാണിച്ച് നിർമ്മിക്കുന്നവയുമാണെന്ന് ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു.
ഇതോടെ ആറന്മുള കണ്ണാടി വാങ്ങുന്നതിലൂടെ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുമോയെന്നുള്ള ആശങ്കയും ഏറുകയാണ്. കഴിഞ്ഞ വർഷം നവംബർ ആറ് മുതൽ വിശ്വബ്രാഹ്മണ മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റി ഹോളോഗ്രാം പതിച്ച് ആറന്മുള കണ്ണാടി വിപണിയിലെത്തിച്ചു തുടങ്ങിയിരുന്നു. കണ്ണാടി നിർമ്മാണം ഏതാനും വ്യക്തികളുടെ കുത്തകയാക്കി മാറ്റി, ഇതേ തൊഴിൽ ചെയ്യുന്നവരെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫ്രെയിമും കണ്ണാടിയുമുൾപ്പെടെ നിർമ്മിക്കാൻ കഴിയുന്നവരെ ഒഴിവാക്കിയാണ് ഒരു വിഭാഗം അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇങ്ങനെ കണ്ണാടിയുടെ കൂട്ട് അന്യസംസ്ഥാനക്കാർക്ക് തീറെഴുതാൻ തയ്യാറെടുക്കുന്നവർക്ക് നേരെ ചൊവ്വേ കണ്ണാടി നിർമ്മിക്കാൻ അറിയില്ലെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം. എന്തായാലും കണ്ണാടിയെ വിശ്വസിക്കാൻ പൊതുജനങ്ങൾക്ക് കഴിയാതെ വന്നാൽ, ലോകമാർക്കറ്റിൽ നിന്നു പോലും ഈ പൈതൃകപാരമ്പര്യം അപ്രത്യക്ഷമാകും.