പത്തനംതിട്ട: തിരുവിതാംകൂറിന്റെ ശംഖുമുദ്ര രൂപത്തിലുള്ള ആറന്മുള കണ്ണാടി ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അലങ്കരിക്കും. ബ്രിട്ടൺ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പത്‌നിക്ക് സമ്മാനിച്ച ആറന്മുള കണ്ണാടിയാണ് ഓഫീസ് അലങ്കരിക്കുക.

താമരയ്ക്കുള്ളിൽ ശംഖ് രൂപാലംകൃതമായ കണ്ണാടി കേന്ദ്രസർക്കാരിനു വേണ്ടി മാസ്റ്റർ ക്രാഫ്ട്‌സ്മാൻ ആറന്മുള പി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. നാലരയിഞ്ച് വിസ്തീർണമുള്ള കണ്ണാടിക്ക് കേന്ദ്ര വിനോദ സഞ്ചാര വകുപ്പാണ് ഓർഡർ നൽകിയത്.

ഒരാഴ്ച കൊണ്ട് അതീവ സുരക്ഷയിൽ നിർമ്മാണം പൂർത്തിയാക്കി ഡൽഹിയിൽ എത്തിക്കുകയായിരുന്നു. നേരത്തെ നിരവധി അന്തർദേശീയ മേളകളിൽ പങ്കെടുത്തിട്ടുള്ള ഗോപകുമാറിന് ഈ ദൗത്യം പ്രത്യേകം അനുഭവമായിരുന്നു.

ലോസ് ആഞ്ചൽസ്, ഹോളിവുഡ് എന്നിവിടങ്ങളിൽ യു.എൻ.ഡി.പി പദ്ധതിയുടെ ഭാഗമായുള്ള പ്രദർശനങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത 12 പേരിൽ ഒരാളായിരുന്നു ഗോപകുമാർ. സൗത്ത് ആഫ്രിക്കയിലെ ജോഹാന്നസ്ബർഗ്, ദുബായ് ഫെസ്റ്റിവൽ എന്നിവിടങ്ങളിലെ പ്രദർശനത്തിലും ആറന്മുള കണ്ണാടിയുടെ പ്രാമുഖ്യം പതിഞ്ഞിരുന്നു. കേരള വിനോദ സഞ്ചാരവകുപ്പ്, വിവിധ മന്ത്രാലയങ്ങൾ എന്നിവർക്കുവേണ്ടിയും കണ്ണാടികൾ നിർമ്മിച്ചിട്ടുണ്ട്.

ആറന്മുള കണ്ണാടിക്ക് പേറ്റന്റ് കിട്ടിയതോടെ കൂടുതൽ പ്രാമാണികത ലഭിച്ചപ്പോഴാണ് ഇപ്പോൾ പ്രധാനമന്ത്രി തന്നെ വിദേശസന്ദർശനത്തിനിടയിൽ വിശിഷ്ട വ്യക്തിക്ക് സമ്മാനമായി കണ്ണാടി നൽകിയത്.