- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിനു വേണ്ടി മണ്ണടിച്ചു നികത്തിയ ആറന്മുള പുഞ്ചയിൽ കൃഷിയിറക്കാൻ ഇത്തിരി പാടുപെടും; തോടുകൾ പുനഃസ്ഥാപിക്കുക ശ്രമകരം; ഏഴ് വർഷമായി കൃഷി നിലച്ചിടത്ത് യന്ത്രസഹായം വേണ്ടിവരും
പത്തനംതിട്ട: ആറന്മുള പുഞ്ചയിൽ കൃഷി പുനരാരംഭിക്കുന്നതിനുള്ള സർക്കാർ നീക്കം സ്വാഗതാർഹമെങ്കിലും നിലമൊരുക്കാൻ ഇത്തിരി പാടുപെടും. തോടുകൾ പുനഃസ്ഥാപിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, കള നീക്കുക തുടങ്ങി ഒരു പാട് ജോലികളാണ് മുന്നിലുള്ളത്. മനുഷ്യന്റെയും യന്ത്രങ്ങളുടെയും പ്രവർത്തനം ഏറെ വേണ്ടി വരും. ഏഴുവർഷമായി ഇവിടെ കൃഷി നിലച്ചിട്ട്. വിമാനത്താവളത്തിന് വേണ്ടി മണ്ണടിച്ചു നികത്തിയ തോടുകൾ ആദ്യം പൂർവസ്ഥിതിയിലാക്കണം. ഒരാൾപ്പൊക്കത്തിലാണ് ഇവിടെ വെള്ളക്കെട്ട്. കരിമാരംതോട്, കോഴിത്തോട്, വലിയതോട് എന്നിവയിൽ ഒഴുക്കു ശരിയായെങ്കിൽ മാത്രമേ വെള്ളം ഒഴിഞ്ഞു പോവുകയുള്ളൂ. നാൽക്കാലിക്കൽ പാലത്തിനടിയിലൂടെ പോകുന്ന വലിയ തോട് വഴിയാണ് ഇവിടെനിന്നുള്ള വെള്ളം പമ്പയിൽ എത്തുന്നത്. നാൽക്കാലിക്കൽ പാലത്തിന് സമീപം ഉണ്ടാക്കിയ മൺബണ്ടാണ് ആദ്യം പുഞ്ചയിൽ കൃഷിമുടക്കിയത്. ഒഴുക്ക് നിലച്ചതോടെ തോടിനോട് ചേർന്നുള്ള ഭാഗങ്ങളിലെ വിത ഇല്ലാതായി. എയർസ്ട്രിപ്പിനായി കരിമാരംതോടും കോഴിത്തോടും മണ്ണിട്ട് നികത്തിയതോടെ പുഞ്ച ഒരു തടാകം പോലെയായി. ഇതോടെ കുറുന്താർ പാട
പത്തനംതിട്ട: ആറന്മുള പുഞ്ചയിൽ കൃഷി പുനരാരംഭിക്കുന്നതിനുള്ള സർക്കാർ നീക്കം സ്വാഗതാർഹമെങ്കിലും നിലമൊരുക്കാൻ ഇത്തിരി പാടുപെടും. തോടുകൾ പുനഃസ്ഥാപിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, കള നീക്കുക തുടങ്ങി ഒരു പാട് ജോലികളാണ് മുന്നിലുള്ളത്. മനുഷ്യന്റെയും യന്ത്രങ്ങളുടെയും പ്രവർത്തനം ഏറെ വേണ്ടി വരും. ഏഴുവർഷമായി ഇവിടെ കൃഷി നിലച്ചിട്ട്. വിമാനത്താവളത്തിന് വേണ്ടി മണ്ണടിച്ചു നികത്തിയ തോടുകൾ ആദ്യം പൂർവസ്ഥിതിയിലാക്കണം. ഒരാൾപ്പൊക്കത്തിലാണ് ഇവിടെ വെള്ളക്കെട്ട്. കരിമാരംതോട്, കോഴിത്തോട്, വലിയതോട് എന്നിവയിൽ ഒഴുക്കു ശരിയായെങ്കിൽ മാത്രമേ വെള്ളം ഒഴിഞ്ഞു പോവുകയുള്ളൂ.
നാൽക്കാലിക്കൽ പാലത്തിനടിയിലൂടെ പോകുന്ന വലിയ തോട് വഴിയാണ് ഇവിടെനിന്നുള്ള വെള്ളം പമ്പയിൽ എത്തുന്നത്. നാൽക്കാലിക്കൽ പാലത്തിന് സമീപം ഉണ്ടാക്കിയ മൺബണ്ടാണ് ആദ്യം പുഞ്ചയിൽ കൃഷിമുടക്കിയത്. ഒഴുക്ക് നിലച്ചതോടെ തോടിനോട് ചേർന്നുള്ള ഭാഗങ്ങളിലെ വിത ഇല്ലാതായി. എയർസ്ട്രിപ്പിനായി കരിമാരംതോടും കോഴിത്തോടും മണ്ണിട്ട് നികത്തിയതോടെ പുഞ്ച ഒരു തടാകം പോലെയായി. ഇതോടെ കുറുന്താർ പാടശേഖരം വെള്ളത്തിലായി. ഏറ്റവും ഒടുവിൽ കൃഷി നടന്നത് ഇവിടെയാണ്. കൃഷി ആരംഭിക്കുന്നതിന് മുൻപ് കള നീക്കേണ്ടി വരും. അന്യദേശങ്ങളിൽ നിന്നുള്ള കള വരെ ഇവിടെയുണ്ട്. ആദ്യഘട്ടമായി വെള്ളം പമ്പ് ചെയ്ത് വലിയതോട്ടിലേക്ക് ഒഴുക്കണം. എങ്കിൽ മാത്രമേ പുഞ്ചയിലേക്ക് ഇറങ്ങാൻ പോലും കഴിയൂ.
വ്യവസായ ലോബിയുടെ ആകാശ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ആറന്മുള പുഞ്ചയിൽ നെൽകൃഷി പുനരാരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആറന്മുളക്കാർക്ക് ആഹ്‌ളാദമാണുള്ളത്. പമ്പാ നദിയോട് ചേർന്നുകിടക്കുന്ന വിസ്തൃതമായ ആറന്മുള പുഞ്ചപാടം നികത്തിയാണ് പത്തുവർഷം മുമ്പ് ഭൂമാഫിയ ഇവിടെ വിമാനത്താവളം നിർമ്മിക്കാനായി മുന്നോട്ടുവന്നത്. പമ്പയുടെ തീരവാസികളെ മാത്രമല്ല കുട്ടനാടിന്റെ നിലനിൽപ്പിനെ പോലും പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തെ രാഷ്ട്രീയ ഭേദം മറന്ന് പ്രകൃതിസ്‌നേഹികൾ ഒറ്റക്കെട്ടായി എതിർത്തതു കൊണ്ടു മാത്രമാണ് ഭൂമാഫിയയുടെ സ്വപ്നങ്ങൾ പരാജയപ്പെട്ടത്. അന്ന് സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് ബിജെപിക്കൊപ്പം ഇടതുപാർട്ടികളും അണിനിരന്നു എന്നതാണ് ശ്രദ്ധേയം.
ഇടത് സർക്കാർ അധികാരമേറ്റ് നാളുകൾ കഴിയും മുമ്പ് ആറന്മുളയുടെ തനത് ഗ്രാമസൗന്ദര്യത്തെ വീണ്ടെടുക്കും വിധം പുഞ്ചക്കൃഷി ആരംഭിക്കാൻ എടുത്ത തീരുമാനം പാരമ്പര്യ കാർഷികസംസ്‌ക്കാരത്തിന്റെ നവോഥാനമായാണ് നാട്ടുകാർ കാണുന്നത്. കിഴക്ക് തെക്കേമല മുതൽ മൂന്നു കി.മീറ്റർ പടിഞ്ഞാറ് നാൽക്കാലിക്കൽ വരെയും വടക്ക് ആറന്മുള ഐക്കര ജങ്ഷൻ മുതൽ മെഴുവേലി വരെയും ഉദ്ദേശം 2500 ഏക്കർ ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന ആറന്മുള, കിടങ്ങന്നൂർ പുഞ്ചപാടം പമ്പയുടെ തണ്ണീർത്തട മേഖലകൂടിയാണ്. പമ്പാ നദിയിൽ നിന്നും കേവലം 168 മീറ്റർ മാത്രം മാറി കിടക്കുന്ന പുഞ്ച വർഷകാലത്ത് പമ്പയുടെ ജലസംഭരണിയാണ്.
കിഴക്ക് ശബരിമല മുതൽ ആറന്മുള വരെയുള്ള നദിയുടെ സഞ്ചാരപഥം നോക്കിയാൽ പ്രളയജലത്തെ ഉൾക്കൊള്ളാൻ പറ്റുന്ന ഇത്രയും വലിയ ജലസംഭരണി ഇല്ലെന്നുപറയാം. ഇരുകരകളേയും കവർന്ന് പമ്പാനദിയിലൂടെ കുതിച്ചു പാഞ്ഞെത്തുന്ന പ്രളയജലം ആറന്മുളയ്ക്കു താഴെയുള്ള കോഴിത്തോട്ടിലൂടെ ഒഴുകി ഈ പുഞ്ചപാടത്ത് നിറയുന്നതോടെയാണ് പടിഞ്ഞാറോട്ടുള്ള നദിയുടെ കുത്തൊഴുക്കിന് ശമനം സംഭവിച്ചിരുന്നത്. എന്നാൽ പാടത്തിന്റെ കവാടം ഭൂമാഫിയ 2004-ൽ മണ്ണിട്ട് നികത്തിയതോടെ പ്രളയജലം അതിന്റെ പൂർണ വ്യാപ്തിയിൽ പുഞ്ചപാടത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇതോടെ പമ്പയിൽ മർദ്ദം കൂടി. നദീതീരം ഇടിഞ്ഞു തുടങ്ങി. കുട്ടനാട്ടിൽ പ്രളയസാധ്യത ഉയർന്നു.
പണ്ട് ഇടവപ്പാതി കനക്കുന്നതോടെ പമ്പാ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പ്രളയജലത്തെ ഉൾക്കൊള്ളാൻ നദീതീരത്ത് വയലുകൾ ഉണ്ടായിരുന്നു. ഇന്ന് അവയെല്ലാം ഭൂമാഫിയ നികത്തി കഴിഞ്ഞു. പത്തു വർഷം മുമ്പ് കിഴക്ക് വെള്ളം പൊങ്ങി താണുകഴിയുമ്പോഴാണ് പടിഞ്ഞാറ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. എന്നാൽ ഇന്ന് കഥമാറി. കിഴക്ക് പ്രളയം ഉണ്ടാകുന്നതിന് മുമ്പുതന്നെ പടിഞ്ഞാറ് പ്രളയം സംഭവിക്കും. ഒരാഴ്ച തുടർച്ചയായി മഴ പെയ്താൽ ചങ്ങനാശേരി-ആലപ്പുഴ റോഡ് മുങ്ങുന്നത് ഇപ്പോൾ പതിവാണ്. ഈ അവസ്ഥയ്ക്ക് കാരണമായത് ആറന്മുള വലിയ പുഞ്ച അടക്കമുള്ളവ നികത്തിയതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പമ്പയിലേക്ക് എത്തിച്ചേരുന്ന മൂന്ന് പ്രമുഖ തോടുകൾ ആറന്മുള പുഞ്ചയിലൂടെയാണ് ഒഴുകിയിരുന്നത്. ഇതിൽ പ്രധാനം വലിയതോടാണ്. ഉദ്ദേശം പത്തുമീറ്ററോളം വീതിയിലാണ് തോട് ഒഴുകിയിരുന്നത്. പള്ളിമുക്കത്ത് തോടും (പുറമുറ്റം തോട്), കരിമാരം തോടും വലിയതോട്ടിൽ സംഗമിക്കുന്നതോടെ ഇതിനെ കോഴിത്തോട് എന്ന പേരിൽ അറിയപ്പേടുന്നു. വേനൽകാലത്ത് പമ്പയിലെ ജലനിരപ്പ് ക്രമപ്പെടുത്താനും വർഷകാലത്ത് പമ്പയിലെ പ്രളയജലത്തെ ഉൾക്കൊള്ളാനും ഈ തോടുകൾ പ്രകൃതി ദത്തമായി നിലകൊണ്ടിരുന്നു. എന്നാൽ 2004-ൽ എയർ സ്ട്രിപ്പ് നിർമ്മിക്കാനെന്ന പേരിൽ ഈ തോടും പുഞ്ചയും വ്യക്തി മണ്ണിട്ടു നികത്തിയതോടെയാണ് ആറന്മുള പുഞ്ചയുടെ മരണമണി മുഴങ്ങിയത്.
2009-ൽ ഈ സ്ഥലം അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നതിനായി ചെന്നൈ ആസ്ഥാനമായ കെ.ജി.എസ് കമ്പനി വിലയ്ക്കുവാങ്ങി. ഭൂ പരിഷ്‌ക്കരണനിയമം, ഭൂ വിനിയോഗനിയമം എന്നിവ മറികടന്ന് ഇവിടെ വിമാനത്താവളം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെയാണ് ഹരിത കോടതി നിർമ്മാണം തടഞ്ഞത്. ഇപ്പോൾ ഹൈക്കോടതി നിർദ്ദേശ പ്രകാരം തോട് പുനഃസ്ഥാപിക്കാനുള്ള നടപടികൾ നടന്നുവരുകയാണ്. ഇതുവരെ പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. എങ്കിലും സർക്കാർ നടപടിയിൽ നാട്ടുകാർ സംതൃപ്തരാണ്. വയൽ നികത്തിയ ഭാഗത്തുനിന്നും മണ്ണ് നീക്കം ചെയ്ത് വയൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.