പത്തനംതിട്ട: സിസിടിവി ക്യാമറ വ്യാപകമായത് ശരിക്കും തിരിച്ചടിയായത് മോഷ്ടാക്കൾക്കാണ്. ചിന്ന കള്ളൻ മുതൽ ബണ്ടിച്ചോർ വരെ പൊലീസിന്റെ പിടിയിലായത് ക്യാമറ കാരണമാണ്. ഒടുക്കം ഈ ക്യാമറ തന്നെ മോഷ്ടിക്കാനെത്തിയവരും കുടുങ്ങി. അതിനിടെ ഇതാ രസകരമായ ഒരു മോഷണം ക്യാമറ കണ്ടു പിടിച്ചതോടെ മോഷ്ടാവായ സ്ത്രീ തൊണ്ടി ക്ഷമാപണ കുറിപ്പോടെ പള്ളിവളപ്പിലേക്ക് എറിഞ്ഞു മുങ്ങിയിരിക്കുന്നു. എന്നാൽ, മോഷ്ടാവിനോട് ക്ഷമിക്കാൻ കഴിയാത്ത പൊലീസ് ആളെ പൊക്കാനുറച്ച് പിന്നാലെ കൂടിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം എസ്‌ബിഐ ശാഖയിൽ ചൊവ്വാഴ്ച രാവിലെയാണ് മോഷണം നടന്നത്. പണയം വയ്ക്കാനെത്തിയ മധുമല പൂമംഗലത്ത് ശോഭാ സുരേഷിന്റെ പഴ്സാണ് മറ്റൊരു സ്ത്രീ മോഷ്ടിച്ചത്. ബാങ്കിനുള്ളിൽ നിന്ന് ഫോം ഫിൽ ചെയ്യുന്നതിന് വേണ്ടി പഴ്സ് സമീപത്ത് വച്ചിരിക്കുകയായിരുന്നു. ഇതിനിടെ അടുത്തു വന്ന് നിന്ന സ്ത്രീ കൈയിലിരുന്ന പ്ലാസ്റ്റിക് കവർ ശോഭയുടെ പഴ്സിന് മുകളിലേക്ക് വയ്ക്കുകയും പിന്നെ കൂളായി അതും എടുത്തുകൊണ്ട് മുങ്ങകയുമായിരുന്നു. ഫോം പൂരിപ്പിച്ച ശേഷം ശോഭ നോക്കിയപ്പോൾ താൻ വച്ച പഴ്സ് കാണാനില്ല. തുടർന്ന് ബഹളമായി. ബാങ്ക് അധികാരികൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മറ്റൊരു സ്ത്രീ വന്ന് പഴ്സ് മോഷ്ടിക്കുന്നത് കണ്ടെത്തി. വിവരം ആറന്മുള പൊലീസിനെ അറിയിച്ചു.

പൊലീസെത്തി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം അന്വേഷണംതുടങ്ങി. ഇക്കാര്യം ഇന്നലെ മാധ്യമങ്ങൾ വാർത്തയാക്കി. ഇതിനിടെ ഇന്നലെ ഉച്ചയോടെ നാരങ്ങാനം ആലുങ്കൽ ജുമാമസ്ജിദിന്റെ ഗേറ്റിനുള്ളിൽ പഴ്സ് കണ്ടെത്തിയത്. റോഡിൽ നിന്ന് പള്ളി വളപ്പിലേക്ക് പഴ്സ് വലിച്ചെറിയുകയായിരുന്നു. ഒപ്പം വച്ചിരുന്ന കത്തിൽ ഇത് നാരങ്ങാനം എസ്.ബി.ഐയിൽ ഏൽപ്പിക്കണമെന്നും ദയവായി കേസെടുക്കരുതെന്നും എഴുതിയിരുന്നു. പഴ്സ് കിട്ടിയ ആലുങ്കൽ മസ്ജിദ് ഇമാം അബ്ദുൾ റസാക്ക് മൗലവി ഇത് എസ്‌ബിഐ ശാഖയിൽ ഏൽപ്പിച്ചു. പഴ്സിൽ ആയിരം രൂപയും ആഭരണവും ഉണ്ടായിരുന്നു.

ബാങ്കിൽ നിന്നും അറിയിച്ചതിനെ തുടർന്ന് ആറന്മുള പൊലീസ് എത്തി പഴ്സ് ഏറ്റെടുത്തു. പഴ്സിനുള്ളിൽ ആയിരം രൂപയും ഒരു പവന്റെ വീതം കമ്മൽ, മോതിരം എന്നിവയും ഉണ്ടായിരുന്നു. തൊണ്ടി മുതൽ പൊലീസ് ഏറ്റെടുത്തു. മോഷ്ടാവിനെ കുറിച്ച വ്യക്തമായ സൂചന കിട്ടിയ പൊലീസ് അവർക്ക് പിന്നാലെയുണ്ട്. ക്ഷമാപണം നടത്തിയതു കൊണ്ടോ തൊണ്ടി തിരികെ ഇട്ടതു കൊണ്ടോ കേസ് എടുക്കാതിരിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.