ന്യൂഡൽഹി: കത്തോലിക്കാ സഭ നാഗ്പ്പൂർ രൂപത ആർച്ച് ബിഷപ്പ് മാർ ഏബ്രഹാം വിരുത്തകുളങ്ങര(72) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നു ഇന്ന് പുലർച്ചെ ഡൽഹി സിബിസിഐ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ഡൽഹിയിൽ നടന്ന ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം ഇന്ന് പുലർച്ചേ 5.10ന് നാഗ്പൂരിലേക്ക് മടങ്ങാനിരിവെയാണ് മരണം സംഭവിച്ചത്.

പുലർച്ചെ നാലിന് ഡ്രൈവർ വന്നു വിളിച്ചപ്പോൾ മുറിയുടെ വാതിൽ തുറന്നിരുന്നില്ല. ഒടുവിൽ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്. പിന്നീട് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിതീകരിച്ചു. മൃതദേഹം വൈകാതെ നാഗ്പ്പൂരിൽ എത്തിക്കും.

1943 ജൂൺ അഞ്ചിനു കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ ജനിച്ച മാർ ഏബ്രാഹം 1969ൽ പൗരോഹിത്യം സ്വീകരിച്ചു. 1977 ജൂലൈ 13നു മെത്രാഭിഷേകം നടന്നു. കഴിഞ്ഞ 42 വർഷമായി മധ്യപ്രദേശിലെ ആദിവാസി മേഖലയായ കാണ്ടുവയിലാണ് പ്രവർത്തിക്കുന്നത്. 1998 ഏപ്രിൽ 22നാണ് മാർ ഏബ്രാഹം വിരുത്തകുളങ്ങര നാഗ്പ്പൂർ ആർച്ച് ബിഷപ്പായി നിയമിതനായത്. 1986ൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി രൂപീകൃതമായശേഷമുള്ള നൂറാമത്തെ മെത്രനായിരുന്നു മാർ ഏബ്രാഹം വിരുത്തകുളങ്ങര.

ഹൈന്ദവ, മുസ്ലിം സമൂദായങ്ങളുമായി വലിയ സൗഹാർദം അദ്ദേഹം പുലർത്തിയിരുന്നു. ഡൽഹിയിൽ വച്ച് നടന്ന ബിഷപ്പുമാരുടെ യോഗത്തിലും സജീവ സാന്നിധ്യമായിരുന്നു മാർ ഏബ്രഹാം. കത്വാ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡൽഹിയിലെ സെക്രട്ട് ഹാർട്ട് ദേവാലയത്തിൽ സംഘടിപ്പിച്ച ദീപം തെളിക്കലിലും പ്രതിഷേധ സംഗമത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.