കോഴിക്കോട്: മനസ്സാക്ഷിയുള്ള ആരെയും നടക്കുന്ന കൊടും ദുരന്തമാണ് ഇന്നലെ പാക്കിസ്ഥാനിലെ പെഷവാറിലെ സ്‌കൂളിൽ നടന്നത്. തീർത്തും നിരപരാധികളായ കുരുന്നുകളെ നിരത്തി നിർത്തി വെടിവച്ച് കൊല്ലുകയും അദ്ധ്യാപകരെ തീയിൽ ചുട്ടെരിക്കുകയും ചെയ്തായിരുന്നു താലിബാൻ തീവ്രവാദികൾ കണ്ണിൽചോരയില്ലായ്മ പ്രവർത്തിച്ചത്. ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് വന്ന ദുരവസ്ഥ ഇന്ത്യക്കാരുടെ പോലും തേങ്ങലിന് ഇടയാക്കിയിരുന്നു. ഇന്ന് ഇന്ത്യൻ സ്‌കൂളുകളിൽ പോലും പെഷവാറിൽ വെടിയേറ്റ് ജീവൻ പൊലിഞ്ഞ കുരുന്നുകൾക്ക് വേണ്ടി പ്രാർത്ഥനകൾ നടന്നു. എന്നാൽ പാക് താലിബാൻ ഭീകരവാദികളെ അങ്ങനെ വിളിക്കാൻ മടിക്കുകയാണ് മലയാളത്തിലെ ഒരു പത്രം. മറ്റാരുമല്ല മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ തീവ്രവാദികളല്ലെന്ന് പറഞ്ഞ് അച്ചുനിരത്തിയ എൻഡിഎഫിന്റെ ഉടമസ്ഥതയിലുള്ള തേജസ് ദിനപത്രമാണ് പെഷവാറിലെ ആക്രമികളെ സംരക്ഷിക്കുന്ന വിധത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തത്.

പെഷവാർ സ്‌കൂളിൽ നടന്ന കൂട്ടക്കുരുതി നടത്തിയത് ഏതോ ആക്രമികളാണെന്ന വിധത്തിലാണ് തേജസ് പത്രത്തിന്റെ റിപ്പോർട്ട്. അക്രമികളെ ആയുധധാരികളെന്ന് വിളിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക മന:സാക്ഷിയെ ഞെട്ടിച്ച ആക്രമണത്തെ എല്ലാവുരം അലപിക്കുമ്പോഴാണ് തേജസ് ദിനപത്രം താലിബാൻ തീവ്രവാദികളെ വെള്ളപൂശിയത്. അക്രമം നടത്തിയത് തന്നെ തീവ്രവാദികളാണോ എന്ന വിധത്തിലുള്ള ചർച്ചകളിലേക്കാണ് എൻഡിഎഫ് പത്രം കടന്നത്.

താലിബാൻ തീവ്രവാദികളെ പോരാളികളാക്കി കണക്കാക്കുന്നതാണ് തേജസ് ദിനപത്രത്തിന്റെ ശൈലി. ലോകത്തെ നടുക്കുന്ന അറുംകൊല നടത്തുന്നവർ ഇപ്പോഴും ഇവർക്ക് പോരാളികളാണ്. ഈ താലിബാൻ പോരാളികളുടെ 'വീരകൃത്യ'മാണ് സ്‌കൂളിൽ നടന്നത് എന്നതിനാൽ അക്രമത്തിന് പിന്നിൽ പാശ്ചാത്യ ശക്തികളുടെ കരങ്ങളുണ്ടോ എന്ന കണ്ണിൽപൊടിയിൽ തന്ത്രമാണ് പത്രം പയറ്റുന്നത്. ഇതിനായി ദൃക്‌സാക്ഷികളുടെ വാക്കുകളെയും പത്രം കടമെടുക്കുന്നു.

മറ്റ് പത്രങ്ങളെല്ലാം തീവ്രവാദികളുടെ കൂട്ടക്കുരുതിയെ അപലപിച്ചുകൊണ്ട് വാർത്ത റിപ്പോർട്ട് ചെയ്‌തെങ്കിലും ഭീകരാക്രമണമാണെന്ന് സമ്മതിക്കാൻ തേജസ് തയ്യാറല്ല. താലിബാൻ പോരാളികൾ നടത്തിയ വീരകൃത്യത്തെ ആക്രമണമാണെന്ന് തന്നെ പറഞ്ഞത് ഒന്നുരണ്ടിടത്ത് മാത്രമാണ്. വസീറിസ്ഥാനിൽ സൈന്യം നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് പെഷവാർ സ്‌കൂളിലെ കൂട്ടക്കുരുതിയാണ് അവർതന്നെ വ്യക്തമാക്കിയെങ്കിലും അതിനെ പത്രം കാര്യമായി മുഖവിലയ്ക്ക് എടുത്തിട്ടില്ല.

പ്രധാന വാർത്തയിൽ താലിബാൻ തീവ്രവാദികളെ കുറിച്ച് പരാമർശിക്കാത്ത തേജസ് സംഭവത്തെ അഫ്ഗാൻ താലിബാൻ അപലപിച്ചു എന്നകാര്യം പറയാനും മറന്നില്ല. ഇതേക്കുറിള്ള വാർത്തയും പത്രം റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ സൈന്യം തന്നെ കുരുന്നുകളെ കൊന്നൊടുക്കുകയായിരുന്നു എന്ന വിധത്തിലേക്കാണ് തേജസ് വാർത്ത നീങ്ങുന്നത്. തേജസ് വാർത്തയെയും ആക്രമണത്തെയും ന്യായീകരിച്ച് സൈബർ പോരാളികളും രംഗത്തുണ്ടെന്നതാണ് മറ്റൊരു കാര്യം.

വസീറിസ്ഥാനിൽ കുരുന്നുകളെ കൊലപ്പെടുത്തിയതിന്റെ പ്രതികാര നടപടിയാണിതെന്നും പറഞ്ഞ് ആക്രമത്തെ ന്യായീകരിക്കുകയാണ് ചിലർ. ഫലസ്തീനിൽ മരിച്ചവർ കുരുന്നുകളല്ലേ.. അതോ ഗസ്സയിൽ മരിക്കുന്നവർ മാത്രമാണോ കുട്ടികളെന്ന് മറുചോദ്യവും ചിലർ ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നു. അൽഖ്വയദ ഭീകരൻ ഒസാമ ബിൽലാദന്റെ മരണം രക്തസാക്ഷിത്വമായി വിലയിരുത്തിയ തേജസിന്റെ നിലപാടുകൾ ഇന്ത്യൻ ദേശീയതയ്ക്ക് തന്നെ എതിരാണെന്ന വാദവും ചിലർ ഫേസ്‌ബുക്കിലൂടെ ഉയർത്തുന്നു.