തിരുവനന്തപുരം: വിവാദങ്ങൾ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറുടെ ചുമതല വീണ്ടും നിർവഹിച്ചു തുടങ്ങുമ്പോൾ പ്രതികാരം ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ സർക്കാർ. കേരള സർവ്വകലാശാലാ വിസിയുടെ ആ കത്തിലും മറ്റും കടന്നാക്രമണം നടത്തിയ ഗവർണ്ണർ എടുക്കുന്ന ഓരോ തീരുമാനവും നിർണ്ണായകമാകും. കണ്ണൂർ സർവ്വകലാശാല വിസി വിവാദത്തിലും ഗവർണ്ണർ എന്തു ചെയ്യുമെന്നതാണ് ശ്രദ്ധേയം.

വിവാദം ഒഴിവാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. ഗവർണ്ണർ ചാൻസലർ പദവി ഏറ്റെടുക്കുമെന്ന് അതിന് പിന്നാലെ മറുനാടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അധികാരം പ്രയോഗിക്കുന്ന ചാൻസലറായി ഗവർണ്ണർ മാറാനാണ് സാധ്യത. പദവി ഒഴിയരുതെന്നും സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ 4 കത്തുകൾ അയച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കിത്തുടങ്ങിയത്.

ഇതുവരെ സർക്കാർ പറയുന്നത് കേട്ട ഗവർണ്ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകാനുള്ള തന്റെ നിർദ്ദേശം കേരളാ സർവ്വകലാശാല നിരസിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പിന്നാലെ പൊട്ടിത്തെറിയുമായി ഗവർണ്ണർ എത്തി. അനുനയത്തിന് മുഖ്യമന്ത്രി തയ്യാറായതോടെ ഗവർണ്ണർ വീണ്ടും അനുനയ പാതയിലായി.

കത്ത് അയച്ചതിനു പുറമേ 2 തവണ ഗവർണറുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. ആദ്യ 3 കത്തു ലഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്നു ഗവർണർ അറിയിച്ചിരുന്നു. തുടർന്നാണ് നാലാമത്തെ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖന്റെ കൈവശം കൊടുത്തയയ്ക്കുകയും മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തത്.

വിരമിച്ച അദ്ധ്യാപകർക്കു കാലിക്കറ്റ് സർവകലാശാല പ്രഫസർ പദവി നൽകാൻ തീരുമാനിച്ചതു മന്ത്രി ആർ.ബിന്ദുവിന് പ്രഫസർ പദവി നൽകാനാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതി സംബന്ധിച്ച ഫയൽ ഗവർണറുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. ഇതിനൊപ്പം നിരവധി വിഷയങ്ങൾ ഗവർണ്ണർക്ക് മുമ്പിലുണ്ട്. ഇതിലെല്ലാം സർക്കാർ താൽപ്പര്യം ഗവർണ്ണർ സംരക്ഷിക്കുമോ എന്നതാണ് നിർണ്ണായകം.

രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാൻസലറായി തുടരുമെന്നു കേരള സർവകലാശാലാ വിസിയുടെ കത്തിനെ പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യമെത്തുമ്പോൾ ഏത് സമയവും ചാൻസലറുടെ അധികാരം ഗവർണ്ണർ പ്രയോഗിക്കുമെന്നതിന്റെ സൂചനയാണ് അതെന്ന വിലയിരുത്തൽ സജീവമായിരുന്നു. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്ന ശുപാർശ കേരള സർവകലാശാല തള്ളിയതു ബാഹ്യഇടപെടൽ കാരണമാണെന്നും കണ്ണൂർ വിസി നിയമനക്കാര്യത്തിൽ അഡ്വക്കറ്റ് ജനറൽ തന്നെ തെറ്റിദ്ധരിപ്പിച്ചതായും ഗവർണ്ണർ ആരോപിച്ചിരുന്നു.

ഇക്കാര്യത്തിൽ ഗവർണ്ണർ തിരുത്തലിന് തയ്യാറാകുമെന്നാണ് സൂചന. കത്തിലെ ഭാഷ കേരളാ വിസിക്ക് വിനയാകും. രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിലൊന്നിന്റെ വിസിയാണ് ഈ ഭാഷയിൽ എഴുതുന്നതെന്നു ഗവർണർ ആഞ്ഞടിച്ചു. ഇത് വിസിയെ മാറ്റാൻ ഗവർണ്ണർ ഒരുങ്ങുന്നതിന്റെ സൂചനയാണ്.