കോഴിക്കോട്: ആരിഫ് മുഹമ്മദ് ഖാൻ ഉത്തമ ഇസ്ലം മതവിശ്വാസി അല്ലെന്ന സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ ആരോപണം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. ഇതരമതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാൻ ഇസ്ലാമിന് പുറത്താണ്, എന്നാൽ അദ്ദേഹം അമുസ്ലീമാണെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല ദർശനം ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണ്. സന്നിധാനത്ത് വാവരെ ആരാധിക്കാൻ പോലും സംവിധാനമുണ്ട്. എരുമേലി പള്ളിയിൽ നിന്നാണ് പേട്ട തുള്ളൽ. അങ്ങനെ എല്ലാവരും പോവുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരാധാനാലയമാണ് ശബരിമല. ഈ സാഹചര്യത്തിലാണ് ശബരിമലിയിൽ പോയാൽ മുസ്ലിം മതവിശ്വാസി അല്ലാതാകുമെന്ന തരത്തിലെ പ്രതികരണം. 2021ലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുമുടിക്കെട്ടുമേന്തി ശബരിമല സന്ദർശനം നടത്തിയത്.

ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയ്യപ്പനെ ദർശിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇത്. ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനവും കേട്ടു. ഇളയമകൻ കബീർ ആരിഫും ഗവർണ്ണർക്കൊപ്പമുണ്ടായിരുന്നു. പമ്പയിലായിരുന്നു കെട്ടുനിറ. ഡോളി ഒരുക്കിയെങ്കിലും വേണ്ടെന്ന് പറഞ്ഞ് സ്വാമി അയ്യപ്പൻ റോഡ് വഴി നടന്നായിരുന്നു മലകയറ്റം. ഈ ശബരിമല യാത്രയാണ് ചർച്ചയാകുന്നത്.

'ബിജെപിയിൽ ചേർന്നതിനു ശേഷം കൂടുതൽ വലിയ പദവികൾ കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാൻ ഇസ്ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. ഒരു മുസ്ലിം ഇതരമതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങൾ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താൽ അവർ ഇസ്ലാമിന് പുറത്താണെന്നാണ് ഇസ്ലാമിക നിയമം. ഹിജാബ് വിഷയത്തിൽ ഗവർണർ തെറ്റിദ്ധരിപ്പിക്കുന്നു. ഹിജാബിനെ ചോദ്യം ചെയ്യുന്നു. ഇസ്ലാമിന് അകത്ത് നിന്നുകൊണ്ടല്ല, ഇസ്ലാമിന് പുറത്തേക്കുള്ള വാതിലിൽ നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തികൾ'. -ഹമീദ് ഫൈസി പറഞ്ഞു.

ഹിജാബ് വിഷയത്തിൽ ഇസ്ലാം സംഘടനകളും നേതാക്കളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ പരാമർശങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുന്നി യുവജനസംഘന സെക്രട്ടറിയുടെ ആരോപണം. ഹിജാബ് വിഷയത്തിൽ ഗവർണറുടെ നിലപാടിനെതിരേ ഓൾ ഇന്ത്യ ഇമാംസ് കൗൺസിലും നേരത്തെ രംഗത്ത് വന്നിരുന്നു. സംഘപരിവാരിന്റെ വാല്യക്കാരനായി പണിയെടുക്കുകയും ഇസ്ലാമിക വിഷയങ്ങളിൽ അറിവില്ലായ്മ പുലമ്പുകയും ചെയ്യുന്ന ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ മുസ്ലിം സമുദായത്തിന്റെ വലിയ ഖാളി ചമയേണ്ടെന്ന് ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് വി എം ഫത്തഹുദ്ദീൻ റഷാദി അഭിപ്രായപ്പെട്ടിരുന്നു.

ഹിജാബ് വിഷയത്തിൽ ഇസ്ലാമിനു നിരക്കാത്ത പ്രസ്താവനകൾ നടത്തിയ ആരിഫ് ഖാൻ ശരീഅത് വിവാദ കാലത്ത് തന്നെ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരിൽ രാഷ്ട്രീയ നിലപാട് എടുത്ത പാരമ്പര്യമുള്ള വ്യക്തിയാണ്. ഈ കാര്യത്തിൽ സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ച ആരിഫ്ഖാൻ ഭരണഘടനയോടുള്ള പരസ്യ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംഘപരിവാര അനുകൂല പ്രസ്താവനങ്ങൾ ഇറക്കിയും ആർഎസ്എസുകാരെ അന്യായമായി ഉദ്യോഗതലങ്ങളിലേക്ക് റിക്രൂട്ട് ചെയ്തും ദാസ്യപ്പണി ചെയ്യുന്ന ആരിഫ്ഖാൻ കേരള ഗവർണർ എന്ന മഹത്തായ സ്ഥാനത്തിരുന്ന് കൊണ്ട് സംഘപരിവാർ ഓഫിസ് ബോയിയെപ്പോലെ പണിയെടുത്ത് തരം താഴുകയാണെന്നായിരുന്നു ആരോപണം.

ഇരുമുടിക്കെട്ടുമേന്തി ശബരിമല ദർശനം നടത്തി ഇസ്ലാമിക അടിസ്ഥാന വിശ്വാസങ്ങൾ പരസ്യമായി ലംഘിച്ച അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സമുദായത്തിന് ആവശ്യമില്ല. ഖുർആനിലും പ്രവാചകാധ്യാപനങ്ങളിലും പാണ്ഡിത്യവും അവഗാഹവും നേടിയ പണ്ഡിത നേതൃത്വങ്ങളും പ്രസ്ഥാനങ്ങളും നിലനിൽക്കേ ആരിഫ്ഖാന്റെ ജൽപനങ്ങളെ സമുദായം അർഹിച്ച അവഗണനയോടെ തള്ളിക്കളയും. മുസ്ലിംകൾ അനർഹമായത് നേടുന്നുവെന്നും അവർക്ക് ന്യൂനപക്ഷ പരിഗണന നൽകേണ്ടതില്ലെന്നും പറഞ്ഞ ആരിഫ്ഖാൻ അതേ പരിഗണനയിലാണ് സ്ഥാനമാനങ്ങൾ കൈപ്പറ്റിയതെന്ന് മറക്കരുതെന്നും ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് വിശദീകരിച്ചിരുന്നു.

ഇസ്ലാമിനു നിരക്കാത്തതും ഖുർആനും ഹദീസിനും വിരുദ്ധമായതുമായ പ്രസ്താവനകളും മുസ്ലിം പേരിൽ ഇനിയും അദ്ദേഹം നൽകിയാൽ ഇമാമുമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ അറിയിച്ചിരുന്നു.