- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അക്കാദമിക് പ്രവർത്തനമോ തെരുവ് ഗുണ്ടായിസമോ എന്ന് വ്യക്തമാക്കണം; കൈയേറ്റം വി സി പൊലീസിനെ അറിയിച്ചില്ല; കണ്ണൂർ വിസിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കരുതാനാകില്ല; ഇർഫാൻ ഹബീബിനുള്ള മറുപടിയിലും ആരോപണം ആവർത്തിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സർക്കാറുമായുള്ള അടി കനക്കും
തിരുവനന്തപുരം: കണ്ണൂർ വിസിക്കെതിരായ തന്റെ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലാതെ ഗവർണ്ണർ ആരിഫ് മുഹമ്മദ്്ഖാൻ.തന്റെ പരാമർശത്തെ എതിർത്ത ചരിത്രകാരൻ ഇർഫാൻ ഹബിബിനുള്ള മറുപടിയിലും വിസിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാട് ഗവർണ്ണർ ആവർത്തിച്ചു.
തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അക്കാദമിക് പ്രവർത്തനമോ തെരുവ് ഗുണ്ടായിസമോ എന്നാണ് ഗവർണറുടെ ചോദ്യം. കയ്യേറ്റം കണ്ണൂർ വിസി പൊലീസിനെ അറിയിച്ചില്ല. അതിനാൽ വിസിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കരുത്താനാകില്ലെന്നും ഗവർണർ പ്രതികരിച്ചു.തനിക്ക് എതിരായ അക്രമത്തിന്റെ ഗൂഢാലോചനയിൽ വിസിയും പങ്കാളി എന്ന് ഗവർണർ ആവർത്തിക്കുന്നു. കറുത്ത ഷർട്ട് ധരിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുന്ന കേരളത്തിൽ തനിക്ക് എതിരായ അക്രമത്തിന് ശേഷവും ഇർഫാൻ ഹബീബിന് ആത്മവിശ്വാസം എന്ന് പറയുന്ന ഗവർണർ മുഖ്യമന്ത്രിയെയും പരോക്ഷമായി വിമർശിക്കുകയാണ്.
കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ ഒന്നുകൂടി കാണണം എന്ന പരിഹാസവും ഗവർണറുടെ ഭാഗത്തുനിന്നുണ്ടായി. സമാന ചിന്താഗതിക്കാരായ നിങ്ങൾക്ക് രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നത് തെറ്റ് അല്ലെന്ന് ധാരണയുണ്ടെന്നും ഇർഫാൻ ഹബിബിന് മറുപടിയായി ഗവർണർ പറയുന്നു.നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളിയാണ് ചരിത്രകാരൻ ഇർഫാൻ ഹബീബും രംഗത്തെത്തിയത്.ചരിത്ര കോൺഗ്രസ് വേദിയിൽ കായികമായി തന്നെ നേരിടാൻ വൈസ് ചാൻസിലർ ഒത്താശ ചെയ്‌തെന്ന ഗവർണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ല. ഡൽഹി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. ഗവർണർ പരിധി ലംഘിക്കുകയാണ്. രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇർഫാൻ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2019ൽ കണ്ണൂർ സർവകാലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവർണർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ പസംഗത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂർ വിസി ചെയ്‌തെന്നുമാണ് ഗവർണർ ഇന്ന് ആരോപിക്കുന്നത്. തന്റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി.
ഡൽഹി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാൻസലർ അതിൽ പങ്കാളിയായിരുന്നുവെന്നും ഗവർണർ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവർണർക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാൽ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്താനോ, താൻ നിർദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവർണറുടെ ആരോപണം. കണ്ണൂർ വിസി ക്രിമിനാലാണെന്ന് ഗവർണർ തുറന്നടിച്ചു.
കണ്ണൂർ സർകലാശാലയെ തകർത്തു കൊണ്ടിരിക്കുന്ന വൈസ് ചാൻസലർ പാർട്ടി കേഡറാണെന്ന ആരോപണം ഗവർണർ ഇന്നും ആവർത്തിച്ചു. നിരവധി അനധികൃത നിയമനങ്ങൾ വിസി നടത്തിയിട്ടുണ്ടെന്നും ഗവർണർ തുറന്നടിച്ചു. വൈസ് ചാൻസലർക്കെതിരായ നിയമ നടപടികൾ തുടങ്ങിയതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ