- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം; വ്യക്തിക്കെതിരായ ആരോപണം സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല; ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത് ശരിയാണോ? ഡിവൈഎഫ്ഐ നേതാവ് മനു തോമസിന് മറുപടിയുമായി അർജുൻ ആയങ്കി
കണ്ണൂർ: ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന് മറുപടിയുമായി അർജുൻ ആയങ്കി രംഗത്ത്. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ലെന്നും അർജുൻ ആയങ്കി പറഞ്ഞു. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത് ശരിയാണോ? എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അർജുൻ ആയങ്കി മറുപടിയുമായി രംഗത്തുവന്നത്.
മൂന്ന് രൂപയുടെ മെമ്പർഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണെന്നും അർജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിക്കുന്നു. ആദർശ ധീരനെന്ന് വാഴ്‌ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരും. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനമെന്നും അർജുൻ വ്യക്തമാക്കി.
അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല. മനഃപൂർവ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ.?
അയാൾക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ.?
ഒരു കേസിൽപെട്ട് ജയിലിലേക്ക് പോവുന്നതിന് മുൻപേ ഈ പാർട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവെച്ചിട്ട് പോയ ആളാണ് ഞാൻ, അതിന് ശേഷം ദാ ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകൾ ഇവിടെയുണ്ടായിട്ടില്ല.
മൂന്ന് രൂപയുടെ മെമ്പർഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണ്, ഊതിവീർപ്പിച്ചത് ചില തല്പരകക്ഷികളാണ്. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല. ആരോപണം ഉന്നയിച്ചയാൾ ഞാനല്ല എങ്കിലും ആരോപണം നേരിട്ട് ഇരവാദം പറയുന്ന, ആദർശ ധീരനെന്ന് വാഴ്‌ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.
നേരത്തെ അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് രംഗത്തുവന്നിരുന്നു. എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിയോട് ഡിവൈഎഫ്ഐ നേതാവ് മനു തോമസ് പറഞ്ഞിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്നും മനു തോമസ് കുറ്റപ്പെടുത്തി.
പി ജയരാജനെ മാത്രം പുകഴ്‌ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്‌ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആർഎസ്എസ് ക്രിമിനൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.
ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്‌ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്.
'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകും. അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ല' എന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകുന്നു. അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.
മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ