- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട നഗരത്തിൽ അനധികൃത മണ്ണെടുപ്പിന് കൗൺസിലർമാരുൾപ്പെട്ട സംഘം; അനധികൃത ഖനനം തടഞ്ഞതിന് ജിയോളജി ഓഫീസിലെത്തി അസഭ്യ വർഷം; പാസിനെത്തിയ ആളിനെ മർദിച്ചതിന് കൗൺസിലർ വിആർ ജോൺസണും ഇടനിലക്കാരൻ അർജുൻദാസിനും എതിരെ കേസ്; വിലസുന്നത് മാഫിയകൾ
പത്തനംതിട്ട: നഗരത്തിൽ അനധികൃത മണ്ണെടുപ്പിനും പാറ പൊട്ടിക്കലിനും ക്വട്ടേഷൻ എടുത്ത് നഗരസഭാ കൗൺസിലർമാർ ഉൾപ്പെട്ട സംഘം. സിപിഎം, സിപിഐ, കോൺഗ്രസ് കൗൺസിലർമാരും മാധ്യമപ്രവർത്തകനെന്ന ലേബലിലുള്ള ഇടനിലക്കാരനും ചേർന്നുള്ള സംഘത്തിന് പൊലീസും റവന്യൂ വകുപ്പും മൈനിങ് ആൻഡ് ജിയോളജിയും ചേർന്ന് തടയിട്ടു. മൈനിങ് ആൻഡ് ജിയോളജിയുടെ ജില്ലാ ഓഫീസിൽ ചെന്ന് ഇതിന്റെ പേരിൽ അസഭ്യ വർഷം നടത്തുകയും പാസിനെത്തിയ മണ്ണെടുപ്പുകാരനെ മർദിക്കുകയും ചെയ്തുവെന്ന പരാതിയിൽ നഗരസഭാ കൗൺസിലർ വി.ആർ. ജോൺസൺ, ഇടനിലക്കാരൻ അർജുൻദാസ് എന്നിവരെ പ്രതികളാക്കി അടൂർ പൊലീസ് കേസെടുത്തു. ആനപ്പാറ കാക്കാരത്ത് വീട്ടിൽ റഷീദ് മുഹമ്മദിനെയാണ് ജിയോജളി ഓഫീസിൽ വച്ച് മർദിച്ചത്.
സിപിഎം കൗൺസിലറായ വി.ആർ. ജോൺസനെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച് പുറത്തു നിർത്തിയിരിക്കുകയാണ്. ഇടനിലക്കാരനായ അർജുൻ ദാസ് മാധ്യമ പ്രവർത്തനത്തിന്റെ മറവിലാണ് നിയമവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആളാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അനുകൂല നിലപാട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാട്ടില്ല.
പത്തനംതിട്ട നഗരത്തിലെ റിങ് റോഡിന്റെ വശത്ത് നിർദിഷ്ട കോടതി സമുച്ചയം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ എതിർവശത്തുള്ള കുന്നിടിച്ചാണ് അധികൃതമായി പാറയും മണ്ണും കടത്തിയത്. ഓർത്തഡോക്സ് സഭയിലെ വൈദികനായ പ്രക്കാനം സ്വദേശിയുടേതാണ് സ്ഥലം. 2013 ൽ ബിൽഡിങ്. പെർമിറ്റ് എടുത്തിരുന്നു. ഓരോ വർഷവും അത് പുതുക്കി വരികയാണ്. ഈ ബിൽഡിങ് പെർമിറ്റിന്റെ മറവിലാണ് അനധികൃത മണ്ണുഖനനവും പാറപൊട്ടിക്കലും നടത്തിയത്. പൊട്ടിച്ചു കടത്താനുള്ള ക്വട്ടേഷനാണ് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള സംഘം എടുത്തിട്ടുള്ളത്.
ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപത്ത് സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിച്ചായിരുന്നു ഖനനം. വിവരം മാധ്യമങ്ങൾ വാർത്താക്കിയതോടെ വില്ലേജ് ഓഫീസർ എത്തി സ്റ്റോപ്പ് മെമോ നൽകി. ഇവിടെ നിന്നും 900 ടൺ പാറ കടത്തിക്കൊണ്ട് പോയെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരിശോധനയിലെ കണ്ടെത്തൽ. വിവരം അധികാരകേന്ദ്രങ്ങൾക്കും മാധ്യമങ്ങൾക്കും ചോർത്തിയെന്ന് ആരോപിച്ചാണ് റഷീദിനെ പ്രതികൾ മർദിച്ചതും ജിയോളജി ഓഫീസിൽ വെല്ലുവിളി നടത്തിയതും.
കുന്നിന്റെ ഒരുവശം ഏറെക്കുറം പൂർണ്ണമായി ഇടിച്ചു. ഇവിടെയുള്ള പാറയും പൊട്ടിച്ചു. രാത്രിയിലും പകലുമായി വലിയ അളവിൽ മണ്ണും പാറയും കടത്തി. പത്തനംതിട്ട വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന 15 സെന്റ് സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് 2013.നവംബറിൽ നഗരസഭ അനുമതി നൽകി. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇത് പുതുക്കിക്കൊണ്ടാണ് പാറയും മണ്ണും കടത്തുന്നത്.
കെട്ടിട നിർമ്മാണത്തിനായി സ്ഥലത്തെ മണ്ണും പാറയും മാറ്റുന്നതിന് തടസ്സമില്ല . എന്നാൽ കോമ്പൗണ്ടിനു വെളിയിലേക്ക് കൊണ്ടുപോകണമെങ്കിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി തേടണം. എന്നാൽ സ്ഥലം ഉടമ പ്രക്കാനം സ്വദേശി വൈദികൻ ഇതിനുള്ള അപേക്ഷ പോലും നൽകിയിട്ടില്ല. 900 ടൺ പാറയും 300 ലോഡ് മണ്ണും സ്ഥലത്തു നിന്നും കടത്തിയെന്ന് പരിശോധനയിൽ വ്യക്തമായെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി. വില്ലേജ് ഓഫിസർ ജോലികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. .
നിയമലംഘനം ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫിസറുടെ നടപടി. ജോലികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുനരാരംഭിക്കരുതെന്നാണ് നിർദ്ദേശം. മണ്ണ് പാറ കടത്തുമായി ബന്ധപ്പെട്ട വിശദാന്വേഷണ റിപ്പോർട്ട് കോഴഞ്ചേരി തഹസീൽദാർക്ക് കൈമാറി.
ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ മണ്ണു വിഷയം ചർച്ചയാക്കിയിരുന്നു. ഇതിനെതിരേ ആദ്യം പ്രതികരിച്ചത് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജാസിംകുട്ടിയായിരുന്നു. ഭരണപക്ഷത്തു നിന്ന് വിആർ ജോൺസൺ, സുമേഷ് കുമാർ എന്നിവർ ബഹളവുമായി എത്തിയപ്പോഴാണ് ഇവർക്കൊപ്പം മണ്ണെടുപ്പിൽ പങ്കാളിത്തം ആരോപിക്കപ്പെടുന്ന യുഡിഎഫ് കൗൺസിലർ എംസി ഷെരീഫ് ജാസിംകുട്ടിയുടെ പ്രസംഗം തടസപ്പെടുത്തിയത്. തുടർന്ന് നിയമസഭയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള രംഗങ്ങൾ അരങ്ങേറി. കൗൺസിൽ ഹാളിൽ മേശയും കസേരയും വലിച്ചെറിഞ്ഞു. നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കൗൺസിലർ ജോൺസണിനെതിരേ പത്തനംതിട്ട പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
പൊലീസ്, വിവിധ വകുപ്പുകൾ, മാധ്യമങ്ങൾ എന്നിവ തങ്ങളുടെ കൈവശമുണ്ടെന്ന് വാഗ്ദാനം ചെയ്തായിരുന്നു മണ്ണെടുപ്പ് സംഘം പലയിടത്തു നിന്നും അനധികൃത മണ്ണെടുപ്പിന് ക്വട്ടേഷൻ എടുത്തിരുന്നത്. എന്നാൽ, ഇവരുടെ അവകാശവാദം പൊള്ളയാണെന്ന് വ്യക്തമാക്കി സർക്കാർ സംവിധാനങ്ങളും മാധ്യമങ്ങളും ഒന്നിച്ച് രംഗത്തു വന്നതോടെ ഇവരുടെ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടിരിക്കുകയാണ്. ഒരു തരത്തിലുമുള്ള അനധികൃത പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടിലാണ് നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ. അനധികൃത ഇടപാടുകൾക്കെതിരേ പാർട്ടി തലത്തിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ സക്കീർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ