പത്തനംതിട്ട: ബിജെപിയുടെ കൊടിമരങ്ങളും മറ്റും നശിപ്പിക്കാൻ ശ്രമിച്ച സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെ തേടിയുള്ള പൊലീസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. മുന്മാധ്യമ പ്രവർത്തകനായ അർജുൻ ദാസാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കേസിൽ അർജുൻ ദാസ് രണ്ടാം പ്രതിയാണ്. വലിയ കലാപമുണ്ടാക്കി തന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. കേസിൽ പ്രതിയായതോടെ അർജുൻ ദാസ് ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങി കഴിഞ്ഞു. ജോൺസണാണ് കേസിലെ ഒന്നാം പ്രതി.

ആംബുലൻസുകൾ തമ്മിലെ തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇതിനെ തുടർന്ന് സജിയെന്ന ആംബുലൻസ് ഡ്രൈവറെ ജോൺസണും അർജുൻ ദാസും ആക്രമിച്ചു. ഇവർക്കെതിരെ കേസെത്തിയതോടെ പത്തനംതിട്ട സിഐ സിപിഎമ്മിന് എതിരാണെന്ന് വരുത്താൻ രാത്രിയിൽ അക്രമം സംഘടിപ്പിക്കുകയാണ് ചെയ്തത്. സജിയെ അക്രമിക്കുമ്പോൾ അയാൾ രക്ഷപ്പെട്ട് കയറിയത് സേവാഭാരതിയുടെ ഓഫീസിലായിരുന്നു. അവിടെ വച്ച് വെട്ടി. സേവാഭാരതിയിലെ ജീവനക്കാരനേയും ആക്രമിച്ചു. അയ്യപ്പഫോട്ടോയും തള്ളിയിട്ടു. ഈ കേസിൽ സമ്മർദ്ദത്തിലൂടെ രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ പൊലീസ് വഴങ്ങിയില്ല. സിഐയ്‌ക്കെതിരെ സിപിഎം നേതാക്കളെ തെറ്റിധരിപ്പിക്കാനും ശ്രമം നടന്നു. സജിയും ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്നു. വ്യക്തിപരമായ പ്രശ്‌നമായിരുന്നു ഈ സംഘർഷത്തിന് കാരണം.

തുടർന്ന് ഞായറാഴ്ച രാത്രിയാണ് പത്തനംതിട്ടയെ നടുക്കിയ അക്രമം നടന്നത്. ഞങ്ങളുടെ പൊലീസ് ഞങ്ങളെ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ് അഴിഞ്ഞാടാനുള്ള നീക്കം പൊളിച്ചത് നട്ടെല്ല് നിവർത്തി നിന്ന ഇൻസ്‌പെക്ടർ സുനിൽകുമാർ ആയിരുന്നു. മുനിസിപ്പൽ കൗൺസിലർ പികെ അനീഷിന്റെ കൈയൊടിഞ്ഞു. ഈ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് സിഐക്ക് അനുകൂലമാണ്. അർജുൻദാസും ജോൺസണും പ്രതിയായ കേസിൽ അന്വേഷണം വഴി തിരിച്ചു വിടുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത സംഘർഷം അടിച്ചൊതുക്കുകയാണ് ഇൻസ്‌പെക്ടർ ചെയ്തതെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഞായറാഴ്ച രാത്രി ഡിവൈഎഫ്.ഐ ടൗണിൽ പ്രകടനവും അക്രമവും നടത്തിയത്. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ വന്നതോടെയാണ് ലാത്തിച്ചാർജ് ചെയ്യാൻ ഇൻസ്‌പെക്ടർ ഉത്തരവിട്ടത്.

ശബരിമല വിഷയത്തെ തുടർന്ന് ഡിവൈഎഫഐ- ബിജെപി പ്രവർത്തകർ തമ്മിൽ ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് ജനറൽ ആശുപത്രിയിൽ സേവാഭാരതി സ്ഥാപിച്ചിരുന്ന താൽക്കാലിക ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ആംബുലൻസ് ഓടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ രണ്ടു സേവാഭാരതി പ്രവർത്തകർക്ക് പരുക്കേൽക്കുകയും ഓഫീസിൽ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വെട്ടേറ്റ പ്രവർത്തകന്റെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരസഭാ കൗൺസിലറും ഡിവൈഎഫ്‌ഐ നേതാവുമായ വിആർ ജോൺസനാണ് മുഖ്യപ്രതി. ജോൺസണും അർജുൻ ദാസും ചേർന്നായിരുന്നു ആക്രമണ പദ്ധതി തയ്യാറാക്കിയത്. ഈ വിഷയത്തിൽ കേസ് വരുമെന്നായപ്പോഴാണ് ഇടപെടലുമായി ആക്രമണ പദ്ധതിക്ക് കോപ്പുകൂട്ടിയത്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ, മുഖംമൂടി ധരിച്ച ആർഎസ്എസ് പ്രവർത്തകർ നന്നുവക്കാട് ഭാഗത്ത് ആയുധവുമായി നിൽക്കുന്നതായി സിപിഎം നേതാക്കൾ പൊലീസിനെ അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മൂന്ന് ബൈക്കിലായി അവിടെ നിന്ന സംഘം സ്ഥലം വിട്ടു. നമ്പർ പ്ലേറ്റ് മറച്ച്, അമിത വേഗതയിൽ പോയ സംഘത്തെ പൊലീസിന് പിടികൂടാനായില്ല. ഇതേ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ച് പൊലീസിനെതിരെ തിരിഞ്ഞു. ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തില്ല എന്നതാണ് കാരണമായി പറഞ്ഞത്. പിന്നെ, മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെ രണ്ടു വിഭാഗമായി പ്രവർത്തകർ തിരിഞ്ഞു. ഒരു വിഭാഗം നന്നുവക്കാട് നിന്ന് പ്രകടനം ആരംഭിച്ച് റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന ബിജെപിയുടെ കൊടിമരങ്ങളും മറ്റും തകർത്തു കൊണ്ട് സെൻട്രൽ ജങ്ഷനിൽ എത്തി. ഇതിനിടയിൽ പലവട്ടം പൊലീസ് പിരിഞ്ഞു പോകുന്നതിന് നിർദ്ദേശം നൽകി.

കൂട്ടാക്കാതിരുന്ന പ്രവർത്തകർ ഗാന്ധി പ്രതിമയ്ക്കു സമീപം വച്ച് പൊലീസിനോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നു. പ്രവർത്തകർ കൂടുതൽ നാശനഷ്ടങ്ങൾ തുടരവേ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. കൊടിമരങ്ങൾ തകർത്ത വിവരം അറിഞ്ഞ് മറുവശത്ത് ബിജെപി പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷം ഒഴിവാക്കാനായിരുന്നു ലാത്തിച്ചാർജ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് നേരെ കല്ലേറ് തുടങ്ങിയതോടെ കണ്ണിൽ കണ്ടവരെയെല്ലാം തല്ലി. ഇതെല്ലാം സിപിഎമ്മുകാരെ വകവരുത്തുന്ന സിഐയെന്ന് വരുത്തി അദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള നീക്കമായിരുന്നു. ഇതാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടോടെ പൊളിഞ്ഞത്. ഇതോടെ അർജുൻ ദാസിനെതിരെ പൊലീസ് അന്വേഷണം ശക്തമാക്കി.

ആറു വർഷം മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും നേതൃത്വം അറിയാതെ പാർട്ടിയെ തെരുവിലേക്ക് വലിച്ച് ഇഴയ്ക്കുന്നത് അർജുൻ ദാസാണെന്ന ആരോപണമാണ് ശക്തമാകുന്നത്. മുൻ മാധ്യമ പ്രവർത്തകനായ അർജുൻ ദാസിനെതിരെ ട്രെയിനിൽ യുവതിയെ കയറി പിടിച്ചതുൾപ്പടെയുള്ള കേസുകളിലും അന്വേഷണം നടക്കുകയാണ്. ഷൊർണ്ണൂരിൽ വച്ചായിരുന്നു അർജുൻ ദാസിന്റെ ട്രെയിനിലെ അതിക്രമം അടുത്തിടയിൽ പത്തനംതിട്ടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ഡിവൈഎഫ്‌ഐ യുടെ പേരുപറഞ്ഞ് പൊലീസിനെതിരെ ആക്രമണം അഴിച്ചു വിട്ടത് അർജ്ജുൻ ദാസിന്റെ ബുദ്ധിയാണെന്നാണ് പാർട്ടിയിലെ ചർച്ച.

കാരണം പാർട്ടിയോടുള്ള താത്പര്യം അല്ല മറിച്ച് അടുത്ത കാലത്ത് പാർട്ടി അറിയാതെ പാർട്ടിയുടെ പേര് പറഞ്ഞു താലൂക്ക് ആശുപത്രിയുടെ പരിസരത്ത് നടത്തിയ ഗുണ്ടായിസം വെട്ടിൽ കലാശിക്കുകയും കേസിൽ അകത്തു പോകുമെന്ന് ഉറപ്പായപ്പോൾ നടത്തിയ പൊറാട്ട് നാടകമാണ് സിപിഎമ്മിനെ കൂടി വെട്ടിലാക്കിയത്. മുഖം നോക്കാതെ നടപടി എടുക്കുന്നയാളാണ് നിലവിലുള്ള പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ പൊതു സമ്മതനാണ്. വ്യക്തമായ വ്യക്തി താത്പര്യത്തോടെ പാർട്ടി പ്രവർത്തനത്തിന്റെയും പത്ര പ്രവർത്തനത്തിന്റെയും പേര് പറഞ്ഞു പാർട്ടിയുടെ പേര് ചീത്തയാക്കുന്ന അർജുൻ ദാസിനെതിരെ പത്തനംതിട്ട സിപിഎമ്മിലും പരാതി ശക്തമാവുകയാണ്.

ഷൊർണ്ണൂരിലെ അർജുൻ ദാസിന്റെ 2015ലെ അറസ്റ്റ് ഇങ്ങനെ

2015ലാണ് തീവണ്ടിയിൽ സ്ത്രീ യാത്രക്കാരെ ആശ്ലീലം പറഞ്ഞ അർജുൻ ദാസിനെ ഷൊർണ്ണൂരിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് ട്രെയിനിൽ പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെയും അർജുൻ ദാസം അസഭ്യവർഷം നടത്തി. കാസർഗോഡ് നടന്ന പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അന്ന് അർജുൻ ദാസ്. മദ്യപിച്ചാണ് സ്ത്രീകളോട് അർജുൻ ദാസ് മോശമായി പെരുമാറിയത്. ഒപ്പമുണ്ടായിരുന്ന മറ്റ് മാധ്യമ പ്രവർത്തകർക്കും ഇയാളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് സ്ത്രീകൾ പൊലീസിൽ പരാതി നൽകിയത്.

കാസർഗോഡ് നിന്ന് മാവേലി എക്സ്‌പ്രസിലാണ് ഇയാൾ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. കണ്ണൂർ കഴിഞ്ഞതോടെ മദ്യപിച്ച് ലക്കു കെട്ട അർജുൻദാസ് പ്രശ്നങ്ങൾ തുടങ്ങി. അതേ കംപാർട്മെന്റ്ിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാരെ അപഹസിക്കലും അശ്ലീലം പറയലും തുടങ്ങി. കൂടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ നിയന്ത്രിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. ഇതോടെ ട്രയിൻയാത്രക്കാർ റെയിൽവേ പൊലീസിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ എസ് ഐ ഗോപാകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കംപാർട്മെന്റിലെത്തി. തുടർന്ന് അർജുൻ ദാസിനെ കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യവുമുണ്ടായി. പൊലീസ് എത്തിയതോടെ അർജുൻ ദാസ് അവരോടും മോശമായാണ് പെരുമാറിയത്. ഉന്തു തള്ളുമുണ്ടായി. അരമണിക്കൂറോളം ട്രെയിൻ ഷൊർണ്ണൂർ സ്റ്റേഷനിൽ കിടക്കേണ്ടിയും വന്നു.

കൺട്രോൾ റൂമിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ തീവണ്ടിയിലെത്തിയ പൊലീസുകാരെ അർജുൻ ദാസ് വെല്ലുവിളിച്ചു. താൻ മാധ്യമ പ്രവർത്തകനാണെന്നും ആർക്കും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും വെല്ലുവിളി മുഴക്കി. തന്റെ ദേഹത്ത് തൊടാൻ ആരേയും അനുവദിക്കില്ലെന്നും തൊട്ടാൽ കളി മാറുമെന്നും ഭീഷണിപ്പെടുത്തി. തന്റെ സ്വാധീനങ്ങൾ വലുതാണെന്ന് പറഞ്ഞാണ് വീരവാദങ്ങൾ മുഴക്കിയതെന്ന് എസ് ഐ ഗോപകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിൽ പരാതി ഉണ്ടായെതിനെ തുടർന്ന് മാവേലി എക്സ്‌പ്രസിൽ ഉണ്ടായിരുന്ന പൊലീസുകാർ പ്രശ്നത്തിൽ ഇടപെട്ടു. അവരുടെ കോളറിൽ പിടിച്ചായിരുന്നു അർജുൻ ദാസിന്റെ രോക്ഷ പ്രകടനം. ഇതോടെയാണ് കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തിയത്.

ഷൊർണ്ണൂരിൽ ട്രെയിൻ നിറുത്തിയതോടെ റെയിൽവേ പൊലീസ് എത്തി. അവരേയും തെറി പറയുകയായിരുന്നു അർജുൻ ദാസ്. പ്ലാറ്റ് ഫോമിൽ കിടന്നു മറ്റും ഷോ കാണിക്കുകയും ചെയ്തു. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീവണ്ടിയിൽ കയറിയതു മുതൽ അർജുൻ ദാസ് പ്രശ്നക്കാരനായിരുന്നു. ഇയാൾ യാത്ര ചെയ്ത അതേ കംപാർട്മെന്റിൽ പർദ ധരിച്ച് യാത്ര ചെയ്ത സ്ത്രീയേയും മകളേയുമാണ് ആദ്യം ശല്യം ചെയ്തത്. തുടർന്ന് പരാതി പോയപ്പോൾ പൊലീസ് എത്തി. ഈ സമയം ഒപ്പമുണ്ടായ മാധ്യമ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. പൊലീസിനെ ഭയന്ന് ബാത്ത് റൂമിൽ മുറിയടച്ച് ഒളിച്ചിരിക്കുകയും ചെയ്തു. ട്രെയിനിലെ മാധ്യമ പ്രവർത്തകർ പൊലീസും അപമാനിക്കപ്പെട്ട സ്ത്രീയുമായി സംസാരിച്ച് പ്രശ്നം പറഞ്ഞു തീർത്തു. അതിന് ശേഷമാണ് അതേ കംപാർട്മെന്റിലെ മറ്റൊരു സ്ത്രീയോട് അശ്ലീല ചുവയോടെ സംസാരിച്ചത്. അതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം കൂടിയ്ത്. ഇതോടെ ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും പ്രതിരോധത്തിലായി. അങ്ങനെയാണ് റെയിൽവേ കൺട്രോളിലേക്ക് പരാതി സന്ദേശം എത്തിയത്.

തിരുവനന്തപുരത്ത് മംഗളത്തിന്റെ റിപ്പോർട്ടറായിരുന്നു അർജുൻ ദാസ്. അടിപടിയെ തുടർന്ന് മംഗളം പുറത്താക്കി. അതിന് ശേഷം ഒരു മാസത്തോളം മറുനാടൻ മലയാളിക്കും വാർത്തകൾ നൽകിയിരുന്നു. എന്നാൽ സ്വഭാവ ദൂഷ്യം വ്യക്തമായതിനെ തുടർന്ന് ഇയാളുടെ വാർത്തകൾ പിന്നീട് മറുനാടൻ സ്വീകരിക്കാതെയായി. മാതൃമലയാളമെന്ന പത്രത്തിലും ജോലി നോക്കി. ഈയിടെ അവിടെന്നും പുറത്താക്കി.താൻ മാധ്യമ പ്രവർത്തകനാണെന്ന വാദവുമായി ഇതിന് ശേഷവും അർജുൻ ദാസ് പത്തനംതിട്ടയിൽ നിറഞ്ഞിരുന്നു. സിപിഎമ്മിൽ പ്രശ്‌നമുണ്ടാക്കാനാണ് പത്തനംതിട്ടയിൽ പല ഇടപെടലും നടത്തിയത്.