കോഴിക്കോട്: ബലാൽസംഗ-മനുഷ്യക്കടത്തു കേസുകളിലെ പ്രതികൾ ജീവിതം ആഘോഷിച്ചു തീർക്കുമ്പോഴും ഇരകൾക്ക് നീതി ലഭ്യമാക്കാൻ കാലവിളംബം. എട്ടു വർഷമായി നീതി ലഭിക്കാതെ വെള്ളിമാട്കുന്നിലെ മഹിളാ മന്ദിരത്തിൽ കഴിയുന്ന മൂന്ന് ബംഗ്ലാദേശി പെൺകുട്ടികളും ഗവ. ആഫ്റ്റർ കെയർ ഹോമിലെ ഒരു പെൺകുട്ടിയും മടക്കയാത്ര എപ്പോഴെന്നു നിശ്ചയമില്ലാതെ തികഞ്ഞ അനിശ്ചിതത്വത്തിൽ. പ്രതികളെല്ലാം ജാമ്യമെടുത്തും ഒളിവിൽ കഴിഞ്ഞും ജീവിതം ആസ്വദിക്കുമ്പോൾ, കേസിന്റെ പേരുംപറഞ്ഞ് നാട്ടിൽ പോകാൻ പോലും അനുവദിക്കാതെ 'തടവിൽ' കഴിയുകയാണ് കേസിലെ ഇരകളായ ഈ നാലു പെൺകൊടികളും!

വീട്ടിലെ വിശപ്പിനു പരിഹാരം തേടി അന്യനാട്ടിൽ നിന്നെത്തിയ പെൺകുരുന്നുകൾ കാമവിശപ്പു തിന്നു കഴിയുന്നവർക്കു മുമ്പിലേക്കാണ് എടുത്തെറിയപ്പെട്ടത്. ഏറെ പീഡനങ്ങൾക്കു ശേഷം ഒരു കണക്കിനു രക്ഷപ്പെട്ടാണ് അവസാനം നീതിപീഠങ്ങൾക്കു മുമ്പിലെത്തിയത്. അവിടെയും കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുന്നത്, നീതിനക്ഷത്രം തെളിയാൻ സമയം വൈകുന്നത് ഭീതിപ്പെടുത്തുന്നതാണ്. ഇത് അധികൃതരുടെ കണ്ണു തുറപ്പിക്കണമെന്ന് സന്നദ്ധസംഘടനയായ ആം ഓഫ് ജോയ് വ്യക്തമാക്കുന്നു.

ഗവ.മഹിളാ മന്ദിരത്തിലെ മൂന്നു ബംഗ്ലാദേശി പെൺകുട്ടികൾ ഇവിടെ എത്തിയിട്ട് എട്ടാണ്ടുകളായി. കടുത്ത ദാരിദ്ര്യത്തിൽ വലയുന്ന വീട്ടുകാരെ കുറിച്ചോർത്ത് ജോലിക്കായി പതിമൂന്നും പതിനാലും വയസ്സിലാണ് ഇവർ കേരളത്തിലെത്തിയത്. പീഡനങ്ങൾക്കു ശേഷം രക്ഷപ്പെട്ടാണ് മഹിളാമന്ദിരത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ പൊന്നാനി, കൽപകഞ്ചേരി സ്റ്റേഷനുകൾക്ക് കീഴിലായിരുന്നു പൊലിസ് അന്വേഷണം. മഞ്ചേരി കോടതിയിലാണ് കേസ് നടക്കുന്നത്. ഗവ. ആഫ്റ്റർ കെയർ ഹോമിലെ പെൺകുട്ടിയാവട്ടെ അവിടെ എത്തിയിട്ട് രണ്ടുവർഷമായി. ഇതുവരെ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്തിയില്ല. കേസ് ബംഗ്ലൂരിലും കോഴിക്കോട്ടുമായി അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്.

പെൺകുട്ടികളെ ഇവിടെ പിടിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും സമൻസ് അയയ്ക്കുന്ന പക്ഷം കോടതി നടപടികൾക്ക് എത്തിച്ചാൽ മതിയെന്നും മലപ്പുറം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എഴുതി നൽകിയിട്ടും ഉദ്യോഗസ്ഥർ കനിഞ്ഞിട്ടില്ല. ഇന്ത്യയിലെ ഒരു കോടതിയും തങ്ങളോട് രാജ്യം വിട്ട് പോവരുതെന്നു പറഞ്ഞിട്ടില്ലെന്നും തിരിച്ചുപോയാലും കേസിന്റെ തുടർനടപടികൾക്ക് തങ്ങൾ സഹകരിക്കാമെന്ന് സത്യവാങ്മൂലം എഴുതി നൽകിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തത് ഗൗരവതരമാണ്.

പെൺകുട്ടികളെ ഇവിടെ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നതിനു പകരം അവരെ നാട്ടിലേക്ക് തിരിച്ചയച്ചിട്ട് കേസ് നടപടികളുടെ സമയത്ത് വീഡിയോ കോൺഫറൻസിങിന് അവരെ ഹാജരാക്കാമെന്ന ഉറപ്പ് ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വഴി ജില്ലാ മജിസ്‌ട്രേറ്റുമാരുടെ ഉറപ്പ് മെയിൽ വഴി തങ്ങൾക്ക് ലഭിച്ചതായി ആംഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി അനൂപ് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഇതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ ഉറപ്പിന്മേൽ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പെൺകുട്ടികൾ എഴുതിയ കത്തിന്റെ കോപ്പിയുമായി കേരള ഗവർണർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഗവർണർ നിവേദനം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയക്കുകയും ഇപ്പോഴത് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലുമാണ്. സർക്കാരിന്റെ ഭാഗത്തു നിന്ന് ഇരകൾക്ക് അനുകൂലമായ നടപടിയാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്കായി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. പുനർജനി അഭിഭാഷക സമിതിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. നടപടികളുടെ ചെലവ് ആംഓഫ് ജോയി ആണ് വഹിക്കുന്നത്. പ്രസ്തതുത ഹരജിയിൽ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.

രണ്ടുമാസം മുമ്പ് ട്രാവൽ പെർമിറ്റ് ലഭിച്ചപ്പോൾ നോമ്പുകാലത്ത് നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാലുപേരും. എന്നാൽ പൊലീസും ഉദ്യോഗസ്ഥരും നടപടിയെടുക്കാത്തതിനാൽ കഴിഞ്ഞ ഏപ്രിൽ 24ന് ട്രാവൽ പെർമിറ്റ് അവസാനിച്ചു. ഇതോടെ ഇവരുടെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായി. ഇനി പെരുന്നാളിന് മുമ്പെങ്കിലും പിറന്ന മണ്ണിൽ കാലു കുത്തണണമെന്ന ആഗ്രഹമാണ് പെൺകുട്ടികൾക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.