ന്യൂഡൽഹി: മൃതദേഹത്തോടും പാക്കിസ്ഥാന്റെ ക്രൂരത. ഇത് ഇന്ത്യൻ സൈന്യത്തെ ഏറെ വേദനിപ്പിച്ചിരുന്നു. പാക്ക് സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണ രേഖയിൽ സൈനികനെ വധിച്ച ഭീകരർ മൃതദേഹം അംഗഭംഗം വരുത്തിയതിന് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതും സൈന്യം കരുത്ത് കാട്ടി. വീണ്ടും ഒരു മിന്നലാക്രമണം. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനത്തിനു കടുത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യം നാല് പാക് സൈനിക കാവൽപ്പുരകൾ തകർത്തു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്കടുത്തുള്ള കേരൻ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. പാക്കിസ്ഥാന്റെ ഭാഗത്ത് ആൾനാശമുണ്ടായതായി ഇന്ത്യൻ സൈനികവൃത്തങ്ങൾ വെളിപ്പെടുത്തി.

ശനിയാഴ്ച പകൽ പാക് വെടിവെപ്പിൽ ബി.എസ്.എഫ്. ജവാൻ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇന്ത്യൻ സേന വെടിവച്ചത്. കശ്മീരിലെ ആർ.എസ്. പുര സെക്ടറിലും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ മോർട്ടാർ ഷെല്ലുകൾ വർഷിച്ചതായി റിപ്പോർട്ടുണ്ട്. മുമ്പ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യൻ സൈന്യം ആക്രമണം നടത്തുക പതിവില്ലായിരുന്നു. എന്നാൽ സർജിക്കൽ ആക്രമണത്തിന് ശേഷം അടിക്ക് തിരിച്ചടിയെന്ന നിലപാടിലേക്ക് സൈന്യം എത്തുകയാണ്. അക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ സൈന്യത്തിന് അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരിച്ചിടി. കഴിഞ്ഞ ദിവസവും സർജിക്കൽ അക്രമണത്തിന് സമാനമായി ഓപ്പറേഷനാണ് നടന്നതെന്നാണ് സൂചന. എന്നാൽ തിരിച്ചടിയെന്ന് മാത്രമേ ഇന്ത്യൻ സൈന്യം ഇതിനെ വിശദീകരിച്ചിട്ടുള്ളൂ. ഏറ്റുമുട്ടൽ അതിർത്തിയിൽ തുടരുകയാണ്. സ്ഥിതിഗതികൾ കേന്ദ്രസർക്കാർ നിരന്തരം വിലയിരുത്തുന്നുണ്ട്.

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു സംഭവിച്ചു. ജമ്മുവിൽ കുപ്‌വാര ജില്ലയിലെ മാച്ചിൽ സെക്ടറിലാണ് ആക്രമണമുണ്ടായത്. മഹാരാഷ്ട്ര സ്വദേശിയായ കോൺസ്റ്റബിൾ കോലി നിതിൻ സുഭാഷ് (28) ആണ് കൊല്ലപ്പെട്ടത്. ഭീകരർ സൈനികനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതിന് പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ ആക്രമണം. ഇതോടെയാണ് തിരിച്ചടി ശക്തമാക്കിയത്. അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് ഉചിതമായ മറുപടി ഇന്ത്യൻ സൈന്യം നൽകുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിക്കുമുന്നിലും തല കുനിക്കില്ലെന്നും അതിർത്തി മേഖലയിൽ പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം നയതന്ത്ര തലത്തിൽ അറിയിക്കുമെന്നും രാജ്‌നാഥ്‌സിങ് വ്യക്തമാക്കി. ദീപാവലി ആഘോഷത്തിന് ഇന്ത്യൻ ജനത സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഒരാഴ്ചക്കിടെ നാലാമത്തെ ബിഎസ്എഫ് ജവാനാണ് പാക്ക് വെടിവയ്‌പ്പിൽ കൊല്ലപ്പെടുന്നത്. പ്രത്യാക്രമണത്തിൽ 15 പാക്ക് സൈനികരെ ബിഎസ്എഫ് വധിച്ചിരുന്നു. ആർഎസ് പുര, കത്വ സെക്ടറുകളിലും വെടിവയ്‌പ്പുണ്ടായി. ഇതോടെയാണ് പ്രത്യാക്രമണം ഇന്ത്യ നടത്തിയത്. ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സർജിക്കൽ സ്‌ട്രൈക്ക്. എന്നാൽ അത് മാറ്റി സൈനിക കേന്ദ്രങ്ങൾ തന്നെ ഇത്തവണ ആക്രമിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഈ മാതൃകയിലെ ആക്രമണം തുടരും. ഇപ്പോഴും കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്ക് സൈന്യം പ്രകോപനം തുടരുകയാണ്.

അതിർത്തിരക്ഷാവിഭാഗമായ പാക് റേഞ്ചേഴ്‌സ് വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രണം നടത്തുന്നത് തുടരുകയാണ്. ബി.എസ്.എഫ്. ജവാൻ മൻജിത് സിങ്ങിന്റെ മൃതദേഹം പാക്കിസ്ഥാൻ സൈന്യം വികൃതമാക്കിയ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിനു ശേഷം കുപ്‌വാരയിലെ മച്ചിൽ സെക്ടറിൽ ഭീകരർക്കു രക്ഷപ്പെടാൻ പാക്‌സേന രക്ഷാകവചം തീർക്കുകയായിരുന്നുവെന്നു സൈന്യം ചൂണ്ടിക്കാട്ടുന്നു. ഭീകരരും പാക് സൈനികരും ഉൾപ്പെട്ട ബോർഡർ ആക്ഷൻ ടീം, ബി.എ.ടിയെയാണ് പാക്കിസ്ഥാൻ ഈ നീക്കങ്ങൾക്ക് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചത്.

അതേസമയം കാലാവധി നീട്ടി വാങ്ങാൻ ആഗ്രഹിക്കുന്ന പാക് സേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് അതിർത്തിയിൽ വലിയ കടന്നുകയറ്റത്തിനോ ഇന്ത്യയിലെ നഗരങ്ങളിലൊന്നിൽ ഭീകരാക്രമണത്തിനോ ശ്രമിക്കും എന്നു രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവ് അടിയന്തരമായി നികത്താനുള്ള സാമ്പത്തിക അനുമതി സൈന്യത്തിന് സർക്കാർ നൽകി. നാവിക സേന പശ്ചിം ലഹർ എന്ന പേരിൽ അറേബ്യൻ കടലിൽ 40 യുദ്ധകപ്പലുകളും മുങ്ങികപ്പലുകളും ഉൾപ്പെട്ട വൻ അഭ്യാസത്തിന് തയ്യാറെടുക്കുന്നുമുണ്ട്.