മംഗളൂരു: കുടുംബപ്രശ്‌നം തീർക്കാനെന്നുപറഞ്ഞ് ക്ഷേത്രപൂജാരിയെ കെണിയിൽ കുടുക്കി ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ കവർന്ന യുവാവും യുവതിയും മംഗളൂരുവിൽ അറസ്റ്റിലായി. ഹാസൻ അറക്കളഗുഡു സ്വദേശി രാജു (കുമാർ-35), കുടക് സോമവാർപേട്ട സ്വദേശിനി ഭവ്യ (30) എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്.സംഘത്തിൽ മറ്റുചിലർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും മംഗളൂരു പൊലീസ് പറഞ്ഞു.

ചിക്കമഗളൂരു സ്വദേശിയായ പൂജാരിയുമായി പരിചയപ്പെട്ട പ്രതികൾ ഓഗസ്റ്റിൽ ഭാര്യാഭർത്താക്കന്മാരാണെന്ന വ്യാജേന പൂജാരിയെ സമീപിക്കുകയും കുടുംബത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ആവശ്യപ്രകാരം വീട്ടിൽ പരിഹാരക്രിയ ചെയ്യാനെത്തിയ പൂജാരിയെ ഭവ്യക്കൊപ്പം ചേർത്ത് രാജു ഫോട്ടോകളും വീഡിയോകളും എടുക്കുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.

പലതവണയായി 49 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പൂജാരിയിൽനിന്ന് കവർന്ന പണമുപയോഗിച്ച് പ്രതികൾ 10 ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റ് പാട്ടത്തിനെടുക്കുകയും രണ്ട് വാഹനങ്ങൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് സ്വർണമോതിരങ്ങൾ എന്നിവ വാങ്ങുകയും ചെയ്തു. ഇത് പൊലീസ് കണ്ടെടുത്തു.