- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ ഒഴിവാക്കാൻ നടത്തിയത് ഒരുമാസത്തോളം നീണ്ട പ്ലാനിങ്ങ്; എറണാകുളത്തെ ഹോട്ടലിൽ താമസിച്ച് തയ്യാറാക്കിയത് ക്രൈം ത്രില്ലറുകളെ വെല്ലുന്ന തിരക്കഥ; ഉപയോഗിച്ചത് 45000 രൂപയുടെ എംഡിഎംഎ; അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാനുള്ള നീക്കത്തിൽ പഞ്ചായത്തംഗവും കാമുകന്റെ രണ്ടു കൂട്ടാളികളും അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.ക്രൈം ത്രില്ലറിനെപ്പോലും വെല്ലുന്ന പ്ലാനിങ്ങാണ് ഇവർ നടത്തിയത്. വണ്ടന്മേടിലെ സിപിഎം സ്വതന്ത്ര പഞ്ചായത്തംഗം സൗമ്യ, കാമുകൻ വിനോദിന്റെ സുഹൃത്തുക്കളായ ഷാനവാസ്, ഷെൽഫിൻ എന്നിവരാണ് അറസ്റ്റിലായത്. പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് പൊലീസിന് തോന്നിയ സംശയം പൊളിച്ചത്.
മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ സ്കൂട്ടറിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു.ഒരു വർഷം മുമ്പ് മാത്രം പരിചയപ്പെട്ട കാമുകനുമായി ജീവിക്കുന്നതിനാണ് ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് അംഗമായ സൗമ്യ എബ്രഹാം ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചത്. ഈ മാസം 22നായിരുന്നു സംഭവം. ഡിവൈഎസ്പിക്കും സിഐക്കും തോന്നിയ സംശയമാണ് സംഭവത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. വിദേശത്തുള്ള കാമുകനായ വിനോദുമായി ചേർന്നാണ്, മാരക മയക്കുമരുന്നായ എംഡിഎംഎ, ഭർത്താവിന്റെ വാഹനത്തിൽ ഒളിപ്പിച്ചത്. സംഭവത്തിൽ, മയക്ക് മരുന്ന് എത്തിച്ച് നൽകിയ സഹായികളും അറസ്റ്റിലായിയിട്ടുണ്ട്. 45000 രൂപയ്ക്ക് വിനോദാണ് എം ഡി എം എ വാങ്ങി സൗമ്യയ്ക്ക് നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വണ്ടന്മേട് പുറ്റടിക്ക് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സൗമ്യയുടെ ഭർത്താവ് സുനിലിന്റെ ഇരുചക്രവാഹനത്തിൽ നിന്നും എംഡിഎംഎ കണ്ടെത്തുകയായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സുനിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായോ, വിൽപന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭർത്താവിനെ ഒഴിവാക്കുന്നതിനായി, സൗമ്യയും വിദേശ മലയാളിയായ കാമുകൻ വിനോദും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ കൊലപെടുത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട്, അന്വേഷണം തങ്ങളിലേയ്ക്ക് എത്തുമോ എന്ന ഭയത്താൽ, സൗമ്യ ഇതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ശേഷം, മയക്ക് മരുന്ന് കേസിൽ സുനിലിനെ കുടുക്കാൻ ഇരുവരും ചേർന്ന് തീരുമാനിച്ചു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായാൽ, ആ കാരണം പറഞ്ഞ് ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതി ലക്ഷ്യമിട്ടത്.
മുൻനിശ്ചയിച്ച പ്രകാരം ഒരു മാസം മുൻപ്, എറണാകുളത്ത്, ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാണ്, വിനോദും സൗമ്യയും പദ്ധതി തയ്യാറാക്കിയത്. 45000 രൂപയ്ക്ക് വിനോദ് എംഡിഎംഎ വാങ്ങുകയും, കഴിഞ്ഞ 18ന് സൗമ്യയ്ക്ക് ഇത് കൈമാറുകയും ചെയ്തു. അതിന് ശേഷം വിനോദ് വിദേശത്തേയ്ക്ക് മടങ്ങുകയും ചെയ്തു. ഭർത്താവിന്റെ വാഹനത്തിൽ, മയക്ക് മരുന്ന് ഒളിപ്പിച്ച ശേഷം, സൗമ്യ ഫോട്ടോ എടുത്ത്, കാമുകന് അയച്ച് നൽകി. വിനോദ് മുഖേനയാണ്, വാഹനത്തിൽ മയക്ക് മരുന്ന് ഉള്ള വിവരം പൊലീസിലും മറ്റ് ഏജൻസികളിലും അറിയിച്ചത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായത്. അങ്ങനെ അന്വേഷണം സൗമ്യയിലേക്ക് നീളുകയായിരുന്നു. സംശയിക്കുന്നവരുടെ പട്ടികയിൽ സൗമ്യ ഉൾപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസമായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് മൊഴി എടുക്കാൻ വിളിപ്പിക്കുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മൊഴിയാണ് യുവതി നൽകിയത്.
നിലവിൽ വിദേശത്ത് ഉള്ള വിനോദിനെ തിരികെ എത്തിച്ച്, അറസ്റ്റ് രേഖപെടുത്തും. വിനോദിന് മയക്ക് മരുന്ന് എത്തിച്ച് നൽകിയ ഷെഹിൻഷാ, ഷാനവാസ് എന്നിവരും അറസ്റ്റിലായിയിട്ടുണ്ട്. എൽഡിഎഫ് അംഗം മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന്, യുഡിഎഫ്, ബിജെപി പ്രവർത്തകർ, വണ്ടന്മേട് പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി.
മറുനാടന് മലയാളി ബ്യൂറോ