സാധാരണ തങ്ങളുടെ കുട്ടികൾ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാനാണ് മിക്ക രക്ഷിതാക്കളും ശ്രമിക്കാറുള്ളത്. എന്നാൽ ബ്രിട്ടനിലെ ഷാനൻ ഡൗണി എന്ന 18കാരിയുടെ രക്ഷിതാക്കളെ ആ കൂട്ടത്തിൽ പെടുത്തരുത്. മദ്യപിച്ച് ടാക്സിയിൽ കയറി വീട്ടിലെത്തിയ മകൾ കൂട്ടുകാരിയെ കൊണ്ട് വിടാൻ കാറെടുത്ത് പോയപ്പോൾ നോക്കിയിരിക്കാൻ പൗരബോധമുള്ള ആ മാതാപിതാക്കൾക്കായില്ല. അവർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും മകൾ അറസ്റ്റിലാവുകയുമായിരുന്നു. നിയമപരിധിയിലും മൂന്നിരട്ടി അധികം മദ്യപിച്ച് തന്റെ ഫോർഡ് ഫിയസ്റ്റ ഓടിച്ചതിനാണ് ഡൗണി പിടിയിലായത്. തുടർന്ന് അബെർഡീൻ ഷെറിഫ് കോടതിയിൽ ഡൗണി കുറ്റം സമ്മതിച്ചുവെങ്കിലും കോടതി യുവതി ഒരു വർഷം ഡ്രൈവ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും 400 പൗണ്ട് പിഴയടക്കാൻ വിധിക്കുകയുമായിരുന്നു.

മകളുടെ പ്രവൃത്തിയിൽ വെറുപ്പുണ്ടായതിനെ തുടർന്നാണ് മാതാപിതാക്കൾ പൊലീസിനെ വിളിച്ചതെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. തന്റെ പ്രവൃത്തിയെക്കുറിച്ച് ഡൗണി കോടതിയിൽ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. അവൾ നാണം കെട്ട് പോയെന്നാണ് ഡൗണിയുടെ സോളിസിറ്റർ കോടതിയിൽ പറഞ്ഞത്. ചിലർ നിയമം ലംഘിക്കുന്നതും അതിലൂടെ അവർ തങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുകയാണെന്നുമാണ് റെക്കോർഡിലൂടെ ജഡ്ജ് സെക്രട്ടറി മൈക്കൽ മാത്തെസൻ പറയുന്നത്. മദ്യപിച്ച് വണ്ടിയോടിക്കുന്നത് തികച്ചും അസ്വീകാര്യമായ പ്രവൃത്തിയാണെന്നും ഇത്തരം കുറ്റത്തിന് പിടിക്കപ്പെട്ടാൽ ഒരു വർഷത്തെ ഡ്രൈവിങ് നിരോധനം, ക്രിമിനൽ റെക്കോർഡ്, ലൈസൻസിന് മുകളിൽ പോയിന്റ് ചുമത്തൽ, പിഴ തുടങ്ങിവ ഉണ്ടാകുമെന്നും കോടതി രേഖ പറയുന്നു.

ഡ്രിങ്ക് ഡ്രൈവിങ് കോഴ്സിൽ പൂർത്തിയാക്കിയാൽ കോളജ് വിദ്യാർത്ഥിയായ ഡൗണിക്ക് നിരോധനത്തിൽ നിന്നും മൂന്ന് മാസം ഇളവ് ലഭിക്കുന്നതാണ്. ഡിസംബർ 2നാണ് സംഭവം നടന്നത്. അന്ന് 388 പേരെയാണ് മദ്യപിച്ച് വണ്ടിയോടിച്ചതിനെ തുടർന്ന് പൊലീസ് സ്‌കോട്ട്ലാൻഡ് പിടികൂടിയിരുന്നത്. മദ്യപിച്ചിട്ടുണ്ടെങ്കിൽ വണ്ടിയോടിക്കാൻ മെനക്കെടരുതെന്ന ലൽതമായ സന്ദേശം മാത്രമേ തങ്ങൾക്ക് നൽകാനുള്ളുവെന്നാണ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിളായ ബെർണാർഡ് ഹിഗിൻസ് പറയുന്നത്. പൊലീസ് സ്‌കോട്ട്ലൻഡിന് ഇത്തരം നിയമലംഘനങ്ങളെ വച്ച് പൊറുപ്പിക്കാനാവില്ലെന്നും അതിനാൽ മദ്യപിച്ച് വണ്ടിയോടിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ തുടരുമെന്നും അദ്ദേഹം പറയുന്നു. അന്ന് പിടിയിലായവരിൽ 34 പേർ അമിതമായി മദ്യപിച്ച് വണ്ടിയോടിച്ചവരായിരുന്നുവെന്നും രാവിലെ ആറിനും 10നും ഇടയിലായിരുന്നു പരിശോധന നടന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.