പാക്കിസ്ഥാനിൽ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്കുള്ള വിമാനത്തിൽ അപകടകാരിയായ ക്രിമിനൽ കയറിയിട്ടുണ്ടെന്ന അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനം സ്റ്റാൻസ്റ്റെഡിൽ അടിയന്തിരമായി നിലത്തിറക്കുകയും വിമാനം നാടകീയമായി വളഞ്ഞ് ക്രിമിനലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് ടൈഫൂണുകളുടെ അകമ്പടിയോടെയാണ് വിമാനം നിലത്തിറക്കിയത്. ബോംബ് ഭീഷണി, വിമാനത്തിനകത്ത് പ്രശ്‌നമുണ്ടാക്കൽ തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് 52കാരനായ ഇയാളെ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈനിൽ ( പിഐഎ) നിന്നും അറസ്റ്റ് ചെയ്ത് നീക്കം ചെയ്തിരിക്കുന്നത്. അജ്ഞാതമായ ഫോൺ വിളിയിലൂടെ സുരക്ഷാ ഭീഷണി ഉയർന്നതിനെ തുടർന്നാണ് വിമാനം സ്റ്റാൻസ്‌റ്റെഡിലേക്ക് തിരിച്ച് വിട്ട് അറസ്റ്റ് നടന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. മെട്രൊപൊളിറ്റൻ പൊലീസ് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തിയ ആളാണ് പിടിയിലായിരിക്കുന്നത്.

അപകട ഭീഷണിയുയർന്നതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പികെ 757 വിമാനത്തെ രണ്ട് ആർഎഎഫ് ഫൈറ്റർ വിമാനങ്ങൾ അകമ്പടി സേവിച്ചിരുന്നത്.തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിമാനം നിലത്തിറക്കുകയുമായിരുന്നു. യുകെ അധികൃതർക്ക് അജ്ഞാത ഫോൺ കാൾ ലഭിച്ചതിനെ തുടർന്നാണ് വിമാനം സ്റ്റാൻസ്റ്റെഡിലേക്ക് തിരിച്ച് വിട്ടതെന്നാണ് പിഐഎ പറയുന്നത്. അലോസരമുണ്ടാക്കിയ യാത്രക്കാരൻ കാരണമാണ് വിമാനം തിരിച്ച് വിട്ടതെന്നാണ് എസെക്‌സ് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മെഡിക്‌സ് വിമാനത്തിലുണ്ടായിരുന്നുവെന്നും ലഗേജുകൾ സ്‌കാൻ ചെയ്തിരുന്നുവെന്നും യാത്രക്കാർ വെളിപ്പെടുത്തുന്നു.

വിമാനം ഹൈജാക്ക് ചെയ്യുന്നതോ അല്ലെങ്കിൽ തീവ്രവാദവുമായി ബന്ധപ്പെട്ടതോ ആയ ഭീഷണി വിമാനത്തില്ലായിരുന്നുവെന്നാണ് എസെക്‌സ് പൊലീസ് പറയുന്നത്. മറിച്ച് അലോസരമുണ്ടാക്കിയ യാത്രക്കാരനെ നീക്കം ചെയ്യാൻ വേണ്ടി മാത്രമാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയതെന്നും പൊലീസ് ആവർത്തിക്കുന്നു. നിരവധി ഫയർ എൻജിനുകളും ആംബുലൻസുകളും സ്റ്റാൻസ്റ്റെഡിൽ വിന്യസിച്ചിരുന്നുവെന്ന് സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്ററിലിട്ട ഫോട്ടോകൾ വെളിപ്പെടുത്തുന്നു. വിമാനം നിലത്തിറങ്ങിയ പാടെ പൊലീസ് ഞൊടിയിടെ വിമാനത്തെ വളഞ്ഞുവെന്നാണ് യാത്രക്കാർ വെളിപ്പെടുത്തുന്നത്. തുടർന്ന് വിമാനത്തിലേക്ക് ഇരച്ച് കയറിയ പൊലീസ് യാത്രക്കാരനെ വിമാനത്തിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

തുടർന്ന് ഹീത്രോവിലേക്ക് യാത്രക്കാർക്ക് പോകാൻ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം ഈ സംഭവം കൈകാര്യം ചെയ്യാൻ പൊലീസിനെ ഏൽപ്പിച്ചുവെന്നാണ് ആർഎഎഫ് സ്ഥിരീകരിച്ചിരിക്കുന്നത്. എത്ര ആർഎഎഫ് ജെറ്റുകൾ വിമാനത്തെ പിന്തുടർന്നുവെന്നും ഇവ എത്ര സമയം വിമാനത്തെ അകമ്പടി സേവിച്ചിരുന്നുവെന്നും മിനിസ്ട്രി ഓഫ് ഡിഫെൻസ് വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം അടിയന്തിര സന്ദർഭങ്ങൾ വിമാനങ്ങളിൽ സംജാതമാകുമ്പോൾ മുൻകരുതലായി ആർഎഎഫുകളെ വിന്യസിക്കാറുണ്ട്.