റുകിയ ജീൻസ് ധരിച്ച യുവതിയെ ചീത്തവിളിക്കുകയും ചോദിക്കാൻ ചെന്ന പൊലീസുകാരന്റെ മുഖത്തേയ്ക്ക് അള്ളാഹു അക്‌ബർ എന്ന് ആക്രോശിക്കുകയും ചെയ്ത മതപ്രചാരകനെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തു. തെരുവുകൾ തോറും മുസ്ലിം മതപ്രചാരണം നടത്തുന്ന 31-കാരനായ ക്രിസോനി ഹെൻഡേഴ്‌സണാണ് പിടിയിലായത്.

ബർമിങ്ങാം സിറ്റി സെന്ററിലെ ന്യൂ സ്ട്രീറ്റിലാണ് സംഭവം. 38-കാരിയാണ് തനിക്കുനേരെ അസഭ്യവർഷം ചൊരിഞ്ഞ ക്രിസോനിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടത്. അന്വേഷിക്കാൻ ചെന്ന പൊലീസുകാരനോട് ഇയാൾ കയർക്കുന്നത് ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു.

സംഭവത്തിന്റെ പിറ്റേന്ന് ബർമിങ്ങാമി ജൂവലറി ക്വാർട്ടറിലുള്ള വീട്ടിൽനിന്ന് ക്രിസോനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനുശേഷം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബർമിങ്ങാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം നൽകി. കേസ് സെപ്റ്റംബർ ആറിന് വീണ്ടും പരിഗണിക്കും.

പരാതി തെറ്റാണെന്നും യുവതി തനിക്കുനേരെയാണ് ആക്രോശിച്ചതെന്നും ക്രിസോനി പൊലീസുകാരനോട് പറഞ്ഞു. തനിക്ക് പേടിയില്ലെന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്‌തോളൂവെന്ന് വെല്ലുവിളിക്കാനും അയാൾ മടിച്ചില്ല. തങ്ങൾ ഭീകരരല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കുമുണ്ടെന്നും വിളിച്ചുപറഞ്ഞ ക്രിസോനി, പൊലീസുകാരന്റെ മുഖത്തേയ്ക്ക് ആക്രോശിക്കുകയായിരുന്നു.

പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ ലംഘിച്ചതിനാണ് ക്രിസോനിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. താൻ യുവതിയെയല്ല യുവതി തന്നെയാണ് അധിക്ഷേപിച്ചതെന്ന വാദം കോടതി അംഗീകരിച്ചില്ല. പൊലീസുദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.