തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് അവകാശിയായ രാഹുൽ ആർ.നായർ സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിലെ അതിസമ്പന്നന്മാരിലൊരാളാണ്. കൈക്കൂലി വാങ്ങാതെ സ്തുത്യർഹമായ സേവനം നടത്താൻ അവസരമുണ്ടായിട്ടും പണത്തോടുള്ള ആർത്തി രാഹുലിനെ നശിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ക്രഷർ ഉടമ വച്ചുനീട്ടിയ 17 ലക്ഷം രൂപ കണ്ടപ്പോൾ മിടുക്കനെന്ന് പേരെടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥന്റെ കണ്ണു മഞ്ഞളിക്കുകയായിരുന്നു.

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് രാഹുൽ ആർ.നായർ 2013-ൽ സമർപ്പിച്ച സത്യവാങ്മൂലം മാത്രം പരിഗണിച്ചാൽ, കോഴിക്കോട് ജില്ലയിൽ ഭൂമിയായും കെട്ടിടങ്ങളായും കോടികളുടെ സമ്പാദ്യം അദ്ദേഹത്തിനുണ്ട്. കോഴിക്കോട് നാറാത്ത് അരക്കോടി മതിക്കുന്ന ഇരുനിലമാളികയും വടകരയിൽ കാൽക്കോടി മതിക്കുന്ന ഇരുനില മാളികയും രാഹുലിനുണ്ട്. നാറാത്ത് രണ്ടേക്കർ സ്ഥലം രാഹുലിന്റെ പേരിലുണ്ട്. ഇവിടെ സെന്റിന് 20,000 രൂപയേ ഉള്ളൂവെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാൽ, സെന്റിന് ലക്ഷങ്ങളാണ് ഇവിടുത്തെ വില.

ഇതിന് പുറമെ, വടകരയിൽ മറ്റൊരു നാലേക്കർ സ്ഥലവുമുണ്ട്. സെന്റിന് അരലക്ഷമെന്നാണ് സത്യവാങ്മൂലത്തിലെ സൂചന. മൂന്നും നാലും ലക്ഷം രൂപ മുടക്കിയാലും ഒരു സെന്റ് ഭൂമി വടകരയിൽ ലഭിക്കില്ലെന്നതാണ് പരമാർഥം. അച്ഛൻ എം.കെ.രവീന്ദ്രൻ നായരുടെയും സഹോദരൻ സൂരജ് ആർ നായരുടെയും പേരിൽ സംയുക്ത ഉടമസ്ഥതയിൽ വേറെയും സ്വത്തുക്കൾ രാഹുലിനുണ്ട്. ഇതൊക്കെ കണക്കുകൂട്ടിയാൽ, ശതകോടികളുടെ സ്വത്ത് രാഹുലിനുണ്ടെന്ന് മനസ്സിലാകും. കേരളത്തിൽനിന്ന് സ്വത്തുവിവരം നൽകിയത് 29 ഐ.പി.എസ്. ഉദ്യോഗസ്ഥരാണ്. അവരിൽ ഏറ്റവും സമ്പന്നനാണ് രാഹുൽ.

കേസ്സിൽ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞാൽ രാഹുൽ ആർ.നായരെ പിരിച്ചുവിടാൻ നിയമമുണ്ട്. വിജിലൻസ് അന്വേഷണത്തിനൊപ്പം വകുപ്പുതലത്തിലും അന്വേഷണം നടത്തും. കുറ്റം തെളിഞ്ഞാൽ ഐ.പി.എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് സമർപ്പിക്കാം. കേന്ദ്ര മന്ത്രാലയം ഇത് രാഷ്ട്രപതിക്കും സമർപ്പിക്കും. രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ സിവിൽ സർവീ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനാകൂ.

പത്തനംതിട്ട എസ്‌പി.യായിരിക്കെ, രാഹുൽ ആർ നായർ കൈക്കൂലി വാങ്ങിയ കേസ്സിൽ പൊലീസുദ്യോഗസ്ഥർ തന്നെയാണ് പ്രധാന സാക്ഷികൾ. പത്തനംതിട്ട ജില്ലയിലെ നാല് എസ്.ഐമാർ, ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാർ, എസ്‌പിയുടെ ഗൺമാൻ എന്നിവർ കേസ്സിലെ പ്രധാന സാക്ഷികളാണ്. ക്വാറിയുടമകൾ, ഇടനിലക്കാരൻ അജിത്ത്കുമാർ, െ്രെഡവർമാർ തുടങ്ങി 20 സാക്ഷികളാണ് ആകെയുള്ളത്. രാഹുൽ മൊഴിയിൽ പരാമർശിച്ച ഗതാഗത കമ്മിഷണർ ആർ.ശ്രീലേഖ, ഐ.ജി.മനോജ് എബ്രഹാം എന്നിവരുടെ മൊഴികളും വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടി എസ്‌പി നേരിട്ട് അടച്ചുപൂട്ടിയ കോയിപ്പുറം ഷാനിയോ മെറ്റൽക്രഷർ യൂണിറ്റ് നാലുദിവസത്തിനു ശേഷം തുറന്നുകൊടുക്കാൻ നിർദ്ദേശിച്ചതായി കോയിപ്പുറം എസ്.ഐയുടെ നിർണായകമൊഴിയുണ്ട്. ക്വാറിയുടമ ജയേഷിന്റെ സഹോദരനുമായി പത്തനംതിട്ട എസ്‌പി ഓഫീസിൽ വച്ചാണ് കൈക്കൂലിയിടപാട് ഉറപ്പിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ക്വാറിയുടമയുടെ സഹോദരനും എസ്‌പിയുടെ ഇടനിലക്കാരനായ അജിത്ത്കുമാറും ഓഫീസിലെത്തിയിരുന്നതായി പൊലീസുകാരുടെ മൊഴികളുണ്ട്.

രാഹുലിന്റെ നിർദ്ദേശപ്രകാരം കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിനടുത്ത് റോഡിൽവച്ച് ക്വാറിയുടമയെ കണ്ടതായി എസ്‌പിയുടെ ഇടനിലക്കാരൻ അജിത്ത്കുമാർ മൊഴിനൽകിയിട്ടുണ്ട്. ആവശ്യപ്പെട്ട 20 ലക്ഷത്തിൽ മൂന്നുലക്ഷം കുറഞ്ഞതിന് പിന്നീട് ഭീഷണിയുണ്ടായെന്നും മൊഴിയുണ്ട്. ഈ കാലയളവിൽ ഇടനിലക്കാരൻ അജിത്തിന് രാഹുലിന്റെ സ്വകാര്യഫോണിൽനിന്ന് നൂറിലേറെ വിളികളെത്തിയിട്ടുണ്ട്. നൂറിലേറെ തവണ ഇടനിലക്കാരനെ വിളിച്ചതാണ് രാഹുലിനെതിരെ നിർണായക മൊഴിയായി നിൽക്കുന്നത്.

ക്വാറിതുറക്കാൻ ആവശ്യപ്പെട്ട് താൻ രാഹുലിനെ ഒരിക്കൽപോലും വിളിച്ചിട്ടില്ലെന്ന് ഐ.ജി മനോജ്എബ്രഹാം വിജിലൻസിന് മൊഴിനൽകി. വിജിലൻസ് എ.ഡി.ജി.പിയായിരുന്ന തനിക്ക് പത്തനംതിട്ട എസ്‌പിയോട് ക്വാറിതുറക്കാൻ ഉത്തരവ് നൽകാനാവില്ലെന്നും ഒരിക്കലും രാഹുലിനെ വിളിച്ചിട്ടില്ലെന്നുമാണ് ശ്രീലേഖയുടെ മൊഴി.