- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധി കേട്ട് ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്ന് കരുതരുതേ? ഉറപ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ അഴിയെണ്ണാൻ ഐപിസിയിൽ അനേകം വകുപ്പുകൾ; സ്ത്രീകളെ അപമാനിച്ചാൽ ജാമ്യം ഇല്ലാതെ അറസ്റ്റ് ചെയ്യാം; 66എ വിധി ആഘോഷിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: നവമാദ്ധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട ഐടി ആക്ടിലെ 66എ വകുപ്പും അതിന് അനുബന്ധമായി കേരള സർക്കാർ പാസ്സാക്കിയ കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും സുപ്രീം കോടതി റദ്ദാക്കിയതിന്റെ ആഹ്ലാദത്തിലാണ് നാമേവരും. അഭിപ്രായ പ്രകടനം എന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റത്തിന് സർക്കാരുകൾ ഉപയോഗിച്ചിരുന്ന ക
തിരുവനന്തപുരം: നവമാദ്ധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട ഐടി ആക്ടിലെ 66എ വകുപ്പും അതിന് അനുബന്ധമായി കേരള സർക്കാർ പാസ്സാക്കിയ കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും സുപ്രീം കോടതി റദ്ദാക്കിയതിന്റെ ആഹ്ലാദത്തിലാണ് നാമേവരും. അഭിപ്രായ പ്രകടനം എന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റത്തിന് സർക്കാരുകൾ ഉപയോഗിച്ചിരുന്ന കരിനിയമങ്ങൾ റദ്ദുചെയ്തത് ആഘോഷിക്കേണ്ട സംഗതി തന്നെ. എന്നാൽ, നിയമങ്ങൾ ഇല്ലാതായെന്നുവച്ച് അതെന്തും ചെയ്യാനുള്ള ലൈസൻസായി മാത്രം ആരും കരുതരുത്.
വ്യക്തമായി തെളിവില്ലാത്തതും മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതുമായ കാര്യങ്ങൾ പൊതുവേദിയിൽ (അത് മാദ്ധ്യമങ്ങളിലാകാം, നവമാദ്ധ്യമങ്ങളിലാകാം, മറ്റുള്ളവരോട് പരസ്യമായിട്ടാകാം) അവതരിപ്പിക്കുന്നത് ഇപ്പോഴും ക്രിമിനൽ കുറ്റം തന്നെയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അതിനെ ചെറുക്കുന്ന ഒട്ടേറെ നിയമങ്ങൾ നിയമജ്ഞർ മുമ്പുതന്നെ രേഖപ്പെടുത്തിവച്ചിട്ടുണ്ടെന്ന കാര്യം ആരും മറക്കരുത്.
2008 ഡിസംബർ 23ന് ശൈത്യകാല സമ്മേളനത്തിന്റെ അവസാനദിവസം ഒരു ചർച്ചയുമില്ലാതെ പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ലോക്‌സഭ പാസ്സാക്കിയ ഏഴുബില്ലുകളിലൊന്നാണ് ഇപ്പോൾ റദ്ദാക്കപ്പെട്ട കരിനിയമം. എ.ആർ.ആന്തുലെയ്‌ക്കെതിരായ അഴിമതിയാരോപണത്തെച്ചൊല്ലി പ്രതിപക്ഷം ബഹളംവച്ചപ്പോൾ, വെറും ഏഴുമിനിറ്റിനിടെ സർക്കാർ ആരോടും ചോദിക്കാതെ ഈ ബില്ലുകൾ പാസ്സാക്കി. ഐ.ടി. നിയമഭേദഗതിയായിരുന്നു അക്കൂട്ടത്തിലൊന്ന്. ഐ.ടി നിയമഭേദഗതി ബില്ലിലെ നിർദ്ദേശങ്ങൾ ലോക്‌സഭയിൽ ആരും ചർച്ചചെയ്തുപോലുമില്ല.
ഭരണഘടനയുടെ 19(1) വകുപ്പാണ് മാദ്ധ്യമങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നത്. എന്നാൽ, 19(2) വകുപ്പ് തന്നെ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടെവരെ എന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പരിധിവിട്ട അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധികൾ ലംഘിക്കുന്നത് തടയാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽത്തന്നെ വകുപ്പുകൾ വേറെയുമുണ്ട്. അതിനിടെയാണ് 66എ ഉപയോഗിച്ച് നവമാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ തീരുമാനിച്ചത്. നിയമത്തെ പൊലീസിന് സ്വന്തം ഇഷ്ടമനുസരിച്ച് വ്യാഖ്യാനിക്കാനും അറസ്റ്റു ചെയ്യാനും വിപുലമായ അധികാരമാണ് 66എ വകുപ്പിലൂടെ ലഭിച്ചത്.
66എ വകുപ്പ് ഇല്ലാതായെങ്കിലും, കാടുകയറിയുള്ള അഭിപ്രായം പറച്ചിലിനെതിരെ ഇപ്പോഴും നടപടിയെടുക്കാനാകും. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻ തുമ്പുവരെ എന്നുപറയുന്നതുപോലെ, മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ, അതേത് മാദ്ധ്യമത്തിലൂടെയായാലും, ഇന്ത്യൻ ശിക്ഷാ നിയമം അനുവദിച്ച് തരുന്നില്ല.
ഇന്ത്യയിൽ അപകീർത്തിയെ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമം 499, 500, 501, 502 വകുപ്പുകളിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇതനുസരിച്ച് ആരെങ്കിലും മറ്റൊരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നപക്ഷം അയാൾക്ക് രണ്ടുവർഷം വരെയുള്ള വെറും തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ നൽകാവുന്നതാണ്. ഒരു വ്യക്തിയുടെ പേരിൽ മറ്റുള്ളവർക്കു വെറുപ്പോ വിദ്വേഷമോ അവജ്ഞയോ ഉണ്ടാകത്തക്കവിധം മറ്റൊരാൾ കരുതിക്കൂട്ടി വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ ചിത്രങ്ങൾ മുഖേനയോ ചെയ്യുന്ന കുറ്റമാണ് അപകീർത്തി.
നവമാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും വരുന്നതിനുമുമ്പ് എഴുതപ്പെട്ടതാണ് നമ്മുടെ ശിക്ഷാ നിയമം. അതുകൊണ്ടുതന്നെ, അത്തരം കാര്യങ്ങളെക്കുറിച്ച് നിയമത്തിൽ പ്രതിപാദിച്ചിട്ടില്ല. എഴുത്ത്, അച്ചടി, ചിത്രങ്ങൾ എന്നിവ വഴി നടത്തുന്ന അപകീർത്തിയാണ് പ്രധാനമായും കുറ്റകരമായി നിർവചിക്കപ്പെട്ടിട്ടുള്ളത്. ഒരാളിന്റെ ഉപജീവനമാർഗത്തിനു തടസ്സമുണ്ടാകുന്നതോ മറ്റുള്ളവരിൽനിന്ന് അയാളെ അകറ്റിനിർത്തത്തക്കതോ അയാളിൽ മറ്റുള്ളവർക്കു പുച്ഛം തോന്നിക്കത്തക്കതോ ആയ എല്ലാ അപവാദാരോപണങ്ങളും അപകീർത്തിയുടെ പരിധിയിൽ വരും. 66എ വകുപ്പ് നീക്കം ചെയ്യപ്പെട്ടതിനാൽ, അപകീർത്തി നിയമത്തിൽ ഇനി ഭേദഗതികൾക്ക് സാധ്യതയുമുണ്ട്.
എന്നാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിക്കേസുകൾ 66എ പോലെ അത്രയ്ക്ക് കടുപ്പമേറിയ സംഗതിയല്ല. അപകീർത്തിയുണ്ടായയാൾക്ക് അതിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ കോടതിയെ സമീപിക്കാവുന്നതാണ്. എന്നാൽ, കേസ്സെന്നു കേൾക്കുമ്പോൾത്തന്നെ അറസ്റ്റുമായി പൊലീസെത്തുന്ന സാഹചര്യം ഇവിടെയില്ല. ആരെയെങ്കിലും മനഃപൂർവം ദ്രോഹിക്കണമെന്നോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് ക്ഷമാപണരൂപത്തിൽ പ്രഖ്യാപിച്ചാൽ ശിക്ഷകളിൽനിന്ന് രക്ഷപ്പെടാനാകും. പൊതുതാത്പര്യപ്രകാരമാണ് പ്രസിദ്ധീകരിച്ചതെന്ന് തെളിയിച്ചാലും മതി. പത്രപ്രവർത്തകരും മാദ്ധ്യമങ്ങളും പൊതുതാത്പര്യമാണ് ഇത്തരം കേസ്സുകളിൽ ഉന്നയിക്കാറുള്ളത്. കേസിനാസ്പദമായ വസ്തുതകൾ വെളിപ്പെടുത്തേണ്ടത് ഒരു പ്രത്യേകാവകാശമായിരുന്നുവെന്ന് തെളിയിക്കുന്ന രീതിയുമുണ്ട്.
അപകീർത്തിക്കേസുകൾ പോലെയല്ല സ്ത്രീകൾക്കെതിരായ അധിക്ഷേപം. അതിന് ഐപിസിയിൽ വേറെ വകുപ്പുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പാണ് സ്ത്രീകളെ മനപ്പൂർവം അപമാനിക്കുന്നവർക്കുനേരെ പ്രയോഗിക്കുക. ജാമ്യമില്ലാത്ത വകുപ്പാണിത്. രണ്ടുവർഷംവരെ തടവോ പിഴയോ ഇതുരണ്ടുമോ ലഭിക്കാം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആംഗ്യം കൊണ്ടോ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചാൽ 509-ാം വകുപ്പനുസരിച്ചും കേസെടുക്കാം. ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നിയമം ഇല്ലാതായെന്ന് കരുതി ആർക്കെതിരെയും എന്തും പറയാം എന്നു കരുതുന്നവരാണ് ഇതൊക്കെ അറിഞ്ഞിരിക്കേണ്ടത്. മറ്റൊരാളെ അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ല. കാരണം, നമ്മെപ്പോലെ മൗലികാവകാശങ്ങളുടെ സംരക്ഷണം അയാൾക്കുമുണ്ടെന്ന് എല്ലാവരും ഓർമിക്കേണ്ടതാണ്.