കോവളം: നേമം സ്വദേശി സോമശേഖരൻ നായർക്കും ഭാര്യ ഇന്ദിരയ്ക്കും ജീവിതം ഒരു ലഹരിയായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ്. എന്നാൽ ജീവന്റെ ജീവനായ മകനെ വാഹനാപകടത്തിന്റെ രൂപത്തിൽ ദൈവം തട്ടിയെടുത്തപ്പോൾ പിന്നീട് ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഇരുവരുടേയും ചിന്ത. ഇതിനായി കോവളം മുട്ടയ്ക്കാട്ടെ വീടിനോട് ചേർന്ന് ഇരുവർക്കും വേണ്ടി കല്ലറയൊരുക്കി. പ്രണയം ഒരുമിപ്പിച്ച തങ്ങളെ തിരിച്ചു വിളിക്കുന്നതും ഒരുമിച്ചാവണേ എന്ന പ്രാർത്ഥനയായിരുന്നു ഇരുവർക്കും.

പിന്നീട് സാവധാനം ആലോചിച്ചപ്പോൾ അങ്ങനെ അങ്ങ് അവസാനിപ്പിക്കേണ്ടതല്ല തങ്ങളുടെ ജീവിതമെന്ന് ഇരുവർക്കും തോന്നി. പിന്നീട് മരിച്ച മകന്റെ ഓർമ്മയ്ക്കായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയായിരുന്നു ഇരുവരുടേയും ജീവിതം. ഇരുപത് വർഷം മുമ്പാണ് ഇവരുടെ ഏകമകൻ എസ്. ചലഞ്ച് (19) വാഹനാപകടത്തിൽ മരണമടയുന്നത്. പൊന്നുമകന്റെ അകാല വിയോഗം താങ്ങാനാവാതെ മരണമെന്ന ചിന്തയിൽ മനസുടക്കിയപ്പോൾ മകന്റെ കല്ലറയ്ക്ക് ചേർന്ന് അമ്മയ്ക്കും അച്ഛനും കൂടി പണിയുകയായിരുന്നു.

ഒന്നര സെന്റ് ഭൂമിയിലാണ് സ്‌നേഹകുടീരം ഒരുക്കിയിരിക്കുന്നത്. മകന്റെ കല്ലറയോട് ചേർന്ന് അമ്മയ്ക്ക്. അതിനോട് ചേർന്ന് അച്ഛന്. മാർബിൾ പൊതിഞ്ഞ് മനോഹരമാക്കി ഓരോന്നിലും പേരും എഴുതി വച്ചിട്ടുണ്ട്. മൂടി ഉയർത്താൻ പറ്റുന്ന തരത്തിലാണ് രണ്ടെണ്ണത്തിന്റെ നിർമ്മാണം. വെയിലും മഴയും ഏൽക്കാതിരിക്കാൻ നല്ലൊരു മേൽക്കൂരയുണ്ട്. അതിൽ സ്‌നേഹകുടീരം എന്ന ബോർഡും. കല്ലറയ്ക്കരികിലായി ഷിർദിസായി ബാബയുടെ പ്രതിഷ്ഠയും സ്ഥാപിച്ചു.

പിന്നീട് മകന്റെ ആത്മശാന്തിക്കായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. ആറ് നിർദ്ധന പെൺകുട്ടികളുടെ വിവാഹച്ചെലവ് ഏറ്റെടുത്തു, ഒരു അംഗൻവാടിക്ക് കെട്ടിടം വയ്ക്കാൻ മൂന്നു സെന്റ് വാങ്ങി നൽകി. മറ്റൊന്നിന്റെ നിർമ്മാണച്ചെലവ് വഹിച്ചു. ഇന്ദിര സാഹിത്യ രചനയിലും നായർ പെയിന്റിംഗിലും സാന്ത്വനം കണ്ടു. കവിതയും നോവലും ലേഖനങ്ങളുമായി മുപ്പതിലേറെ പുസ്തകങ്ങൾ ഇന്ദിര പ്രസിദ്ധീകരിച്ചു. ഇപ്പോൾ 65 വയസുണ്ട് ഇരുവർക്കും.

അങ്ങനെ കഠിന പ്രയത്‌നത്തിലൂടെ നേമം സ്വദേശി സോമശേഖരൻ നായർ ആർട്ടിസ്റ്റ് കെ.ജി.എസ്. നായർ ആയി മാറി. സ്‌കൂൾ ഒഫ് ആർട്‌സിൽ നിന്ന് ശില്പ നിർമ്മാണത്തിലും പെയിന്റിംഗിലും ബിരുദം നേടി കോട്ടയം മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗത്തിൽ ജോലി സമ്പാദിച്ചു. അവിടെ ലൈബ്രേറിയനായിരുന്ന ഇന്ദിരയെ പ്രണയിച്ച് ജീവിത സഖിയാക്കി.

ഒമ്പത് വർഷത്തെ സർക്കാർ ജോലി ഉപേക്ഷിച്ച് കെ.ജി.എസ്. നായർ വിദേശത്തേക്ക് പറന്നു. വിവിധ രാജ്യങ്ങളിൽ 35 വർഷം ഡിസൈനർ, സൂപ്പർവൈസർ, മാനേജർ, ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇതിനിടെ നാനൂറോളം പേർക്ക് വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുത്തു. മകൻ പറന്നകന്നതോടെ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു.

എന്നാൽ അവനെ സ്‌നേഹിച്ച് കൊതി തീരും മുമ്പേ ദൈവം തിരികെ വിളിക്കുക ആയിരുന്നു.'ചെയ്യാനുള്ളത് ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ചെയ്ത് തീർക്കണം. നാളെ ഞങ്ങളുടെ സംസ്‌കാരത്തെ ചൊല്ലിപ്പോലും തർക്കമുണ്ടാവരുത്. അതിനാൽ കല്ലറ വരെ മുൻകൂട്ടി ഒരുക്കി. ഇനിയോരു ജന്മമുണ്ടെങ്കിൽ മനുഷ്യരായി വേണ്ട'.