ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലെന്ന് സൂചന. കേന്ദ്ര ധനമന്ത്രിയെ ശനിയാഴ്ച വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ജെയ്റ്റ്‌ലി ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചികിൽസാ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

വൃക്കദാതാവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു. വൃക്കരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ജെയ്റ്റ്ലി തിങ്കളാഴ്ച മുതൽ അവധിയിലാണ്. അറുപത്തിയഞ്ചുകാരനായ ജെയ്റ്റ്ലി ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ജെയ്റ്റ്ലിയുടെ കുടുംബസുഹൃത്തും എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ സഹോദരനുമായ ഡോ. സന്ദീപ് ഗുലേറിയയായിരിക്കും ശസ്ത്രക്രിയ നടത്തുക. അപ്പോളോ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധനാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെക്കാലം ജെയ്റ്റ്‌ലിക്ക് വിശ്രമം വേണ്ടി വരും. അതിനാൽ ധനവകുപ്പ് മറ്റൊരാളെ ഏൽപ്പിക്കാൻ സാധ്യത ഏറെയാണ്.

2014-ൽ ജെയ്റ്റ്ലി അമിതവണ്ണത്തിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ സങ്കീർണത ഉണ്ടായതുകാരണം എയിംസിലേക്ക് മാറ്റിയാണ് ചികിത്സ തുടർന്നത്. അതിനുമുമ്പ് ജെയ്റ്റ്ലിക്ക് ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ അതിവിശ്വസത്‌നാണ് ജെയ്റ്റ്‌ലി. കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള നേതാവ്. അതുകൊണ്ട് തന്നെ ജെയ്റ്റ്‌ലിയുടെ അസുഖം ബിജെപിക്കും പ്രധാനമന്ത്രിക്കും ഒരു പോലെ തിരിച്ചടിയാണ്. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നതാണ് ഇതിന് കാരണം.

കടുത്ത പ്രമേഹത്തിനും ഹൃദയരോഗത്തിനും ഒപ്പം കിഡ്നിയുടെ പ്രവർത്തനം കൂടി തകരാറിലായതാണ് ജെയ്റ്റ്ലിയുടെ ആരോഗ്യനില വഷളാക്കിയത്. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന പത്താം ഇന്ത്യ-യു.കെ. സാമ്പത്തിക, ധനകാര്യചർച്ച ഇക്കാരണത്താൽ അദ്ദേഹം റദ്ദാക്കിയിരുന്നു. അറുപത്തഞ്ചുകാരനായ ജെയ്റ്റ്‌ലിയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാർ വീട്ടിലെത്തി പരിശോധിച്ചു വരികെയായിരുന്നു. ശസ്ത്രക്രിയ അനിവാര്യമാണെന്ന ഡോക്ടർമാർ ഇന്നലെയാണ് അറിയിച്ചത്. ഇതോടെ മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ചമുതൽ അദ്ദേഹം ഓഫീസിൽ വരുന്നില്ല. ഉത്തർ പ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരോ ആയ 58 അംഗങ്ങളിൽ 55 പേരും സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിൽ നിന്നുള്ള എംപി.യായ ജെയ്റ്റ്‌ലിയുടെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും എംപിയാകേണ്ടി വന്നത്. ഇതിനിടെയാണ് അസുഖം കലശലായത്. കഴിഞ്ഞദിവസങ്ങളിലെ അദ്ദേഹത്തിന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ഏപ്രിൽ 12-നാണ് നയരൂപവത്കരണ സ്ഥാപനമായ ലണ്ടനിലെ ഛാത്തം ഹൗസിൽ ജെയ്റ്റ്‌ലി പ്രഭാഷണം നടത്തേണ്ടിയിരുന്നത്. ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാർ കഴിഞ്ഞമാസം അർജന്റീനയിൽ നടത്തിയ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

പ്രമേഹം കാരണം ദീർഘകാലമായി ആരോഗ്യപ്രശ്‌നം അനുഭവിക്കുന്ന അദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. 2014-ൽ എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വന്നയുടനായിരുന്നു ഇത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇതോടെ ആരോഗ്യ പ്രശ്നം കൂടുകയായിരുന്നു.