തിരുവനന്തപുരം: ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകൻ ശ്രീജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിവേഗ ഇടപടെലാണ് കാമുകനെ രക്ഷപ്പെടുന്നതിൽ നിന്ന് പൊലീസിന് തടയാനായത്.

അഞ്ജുവും അരുണും പത്തുവർഷം മുമ്പ് പ്രണയബദ്ധരായി ഒരുമിച്ചു ജീവിതം തുടങ്ങിയതാണ്. പിന്നീട് അഞ്ജു അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറും ആയ ശ്രീജുവുമായി അടുപ്പത്തിൽ ആയി. ഇതെത്തുടർന്ന് ഒരു വർഷം മുൻപ് ആനാട് നിന്ന് അരുൺ ഭാര്യയുമായി അഞ്ജുവിന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ താമസമാക്കുകയായിരുന്നു. അരുണിനോട് വീട്ടിൽ വരരുതെന്ന് ഒരു മാസം മുൻപ് അഞ്ജു പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് അരുൺ നെടുമങ്ങാട് ലോഡ്ജിൽ മുറിയെടുത്തു കഴിയുകയായിരുന്നു. ഇതിനിടെയാണ് കൊലപാതകം.

ലോറി ഡ്രൈവർ ആയതുകൊണ്ട് തന്നെ ശ്രീജു രക്ഷപ്പെടാൻ സാധ്യത ഏറെയായിരുന്നു. കൃത്യം നടത്തിയ ശേഷം ശ്രീജു താൻ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടിൽനിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ജുവിനെ വീട്ടിൽനിന്ന് തന്നെ പിടികൂടി. അഞ്ജുവിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീജുവിനേയും കുടുക്കി.

ചൊവ്വ രാത്രി 10.30 ഓടെ കുളപ്പടയിലെ വീട്ടിൽ ശ്രീജു ഉണ്ടെന്നറിഞ്ഞ് എത്തിയ അരുൺ അഞ്ജുവുമായി വഴക്കിട്ടു. തുടർന്ന് ശ്രീജുവും അരുണും തമ്മിൽ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തി. ഇതിനിടെ ശ്രീജു അരുണിനെ ചവിട്ടി വീഴ്‌ത്തുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ഗുരുതരമായി പരുക്കേറ്റ അരുണിനെ നാട്ടുകാർ ആദ്യം ആര്യനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. സുഹൃത്തുക്കൾ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളിൽ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാർക്കിടയിൽ തർക്കവുമുണ്ടായിരുന്നു. പിന്നീടാണ് താമസം മാറ്റിയത്. ഇതും ശ്രീജുവിനെ അഞ്ജുവിൽ നിന്ന് അകറ്റിയില്ല. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുൺ ആഴ്ചയിലൊരിക്കലാണ് വീട്ടിൽ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുൺ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. ഇത് പ്രകോപനമായി.

തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികൾ ചേർന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുത്തിയ ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ ശ്രീജു വഴിയിൽ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെടുത്തു. ശ്രീജുവും വിവാഹിതനാണ്. അരുണിന്റെ നെഞ്ചിൽ ഹ്യദയ ഭാഗത്ത് ആഴത്തിൽ ഉണ്ടായ മുറിവാണ് മരണകാരണം. അഞ്ജുവിന്റെ വലിയമ്മ സരോജം സംഭവ സമയത്തു വീട്ടിൽ ഉണ്ടായിരുന്നു. വഴക്കുണ്ടായപ്പോൾ സരോജം വീടിന്റെ പുറത്തിറങ്ങി ഇരുന്നു. നിലവിളി കേട്ടാണ് വീണ്ടും അകത്തേക്ക് കയറിയപ്പോൾ ശ്രീജു ഇറങ്ങി ഓടി. ശ്രീജു തന്നെ കുത്തിയതായും ശ്വാസം മുട്ടുന്നെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും അരുൺ പറഞ്ഞു.

സരോജം അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അഞ്ജുവിനെയും തുടർന്ന് ആനാട് എത്തിയ ശ്രീജുവിനെയും രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബൈക്കിൽ കുളപ്പടയിലെ വീട്ടിൽ എത്തിയ ശ്രീജു സംഭവത്തിന് ശേഷം നടന്നാണ് വീട്ടിലേക്ക് പോയത്. ആദ്യം അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും അല്ല താനാണെന്ന് ശ്രീജുവും പൊലീസ് ചോദ്യം ചെയ്യലിനിടെ തുടക്കത്തിൽ നിലപാടെടുത്തത് പൊലീസിനെ കുഴക്കി. പിന്നീട് വിശദമായി സംസാരിച്ചതോടെ അഞ്ജു നിലപാട് മാറ്റി.

ശ്രീജുവിനെ ഇന്നലെ വൈകിട്ട് 6ന് സംഭവം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ശ്രീജു അരുണിനെ കുത്തിയതെന്നു ആര്യനാട് ഇൻസ്‌പെക്ടർ എസ്.മഹേഷ് കുമാർ പറഞ്ഞു. ഇതിനുശേഷം പിൻവശത്തെ വാതിലിലൂടെയാണ് ശ്രീജു പുറത്തിറങ്ങി നടന്നത്. ഇതുവഴി പ്രതിയുമായി പൊലീസ് സംഘം സഞ്ചരിച്ചു. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള റബർത്തോട്ടത്തിലെ ചാലിൽ നിന്നാണ് കത്തി കണ്ടെടുത്തത്.