ഹൈദരാബാദ്: ഹൈദരാബാദിൽ മലയാളി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിഞ്ഞു. കേസിൽ മാവേലിക്കര സ്വദേശിയായ എഎസ്‌ഐ ലാലു സെബാസ്റ്റ്യൻ (40) അറസ്റ്റിലായതോടെയാണ് ഇത്. തൊടുപുഴ കരിമണ്ണൂർ പന്നൂർ പറയന്നിലത്ത് അരുൺ പി. ജോർജി(37)നെ കൊലപ്പെടുത്തിയ കേസിലാണ് ലാലു പിടിയിലായത്. സെക്കന്ദരാബാദിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ എഎസ്‌ഐയായ ലാലുവും അരുണും പത്തു വർഷത്തിലേറെയായി സുഹൃത്തുക്കളായിരുന്നു. ഇതിനിടെയുണ്ടായ ചില കുടുംബ പ്രശ്‌നങ്ങളാണ് കൊലയിലേക്ക് കാര്യങ്ങളെച്ചിച്ചത്.

ലാലുവിന്റെ സഹോദരിയുടെ മകളുമായി അരുണിന്റെ അടുപ്പത്തെച്ചൊല്ലിയുള്ള തർക്കമാണ് പ്രശ്‌നമായത്. രാംനഗറിൽ ജോലി സ്ഥലത്തോടു ചേർന്നുള്ള വാടക വീട്ടിലെ ശുചിമുറിയിൽ ശനിയാഴ്ച രാത്രിയാണ് അരുണിനെ കഴുത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാംനഗർ ഹിമത്യാനഗറിലെ ജെഎക്‌സ് ഫ്‌ലക്‌സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുൺ. ലാലുവിന്റെ സഹോദരിയുടെ മകൾ ഒരു വർഷമായി ഇതേ പ്രസിൽ ജോലി ചെയ്യുകയാണ്. വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരിൽ ലാലു പലതവണ അരുണിനെ താക്കീതു ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി അരുണിന്റെ താമസ സ്ഥലത്തെത്തിയ ലാലു ഇതേ കാര്യത്തെപ്പറ്റി വീണ്ടും സംസാരിച്ചു. അരുൺ എതിർത്തതോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു ലാലുവിന്റെ മൊഴി. തിങ്കളാഴ്ച വൈകിട്ടാണു ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയിൽ കണ്ടത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യകമ്പനിയുടെ ഹൈദരാബാദ് ശാഖാമാനേജർ ആയിരുന്നു അരുൺ പി ജോർജ്.

ശനിയാഴ്ച ഉച്ചയ്ക്ക് വിമാനമാർഗം അരുൺ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. വൈകീട്ടും എത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സുഹൃത്തുക്കളോട് അന്വേഷിക്കാൻ പറഞ്ഞപ്പോഴാണ് ഹൈദരാബാദിലെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. ബന്ധുക്കളുടെ നിർദ്ദേശപ്രകാരം സുഹൃത്തുക്കൾ വീട്ടുടമയുടെ സാന്നിധ്യത്തിൽ പൂട്ടുതകർത്ത് അകത്തുകടന്നപ്പോഴാണ് കുളിമുറിയിൽ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുൺ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിലെ അലമാര തുറന്നനിലയിലായിരുന്നു.

വീടിന് എതിർവശത്തുള്ള സി.സി.ടി.വി.യിൽ ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഇയാൾ അരുണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും ശനിയാഴ്ച പുലർച്ചെ മടങ്ങുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വഷണം പുരോഗമിച്ചു. ഇതോടെയാണ് കൊലയാളി പിടിയിലായത്. പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത മറ്റു രണ്ടു പേർക്ക് കേസുമായി ബന്ധമില്ലെന്നു കണ്ടു വിട്ടയച്ചു. അരുണിനെ കൊലപ്പെടുത്തിയവരെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ കോൺഫെഡറേഷൻ ഓഫ് തെലുഗു റീജൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിബിൻ ബെഞ്ചമിൻ തെലങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡിക്കു നിവേദനം നൽകിയിരുന്നു.

തൊടുപുഴ പന്നൂർ പറയംനിലത്തു വീട്ടിൽ പി.എസ്.ജോർജിന്റെയും കുമാരമംഗലം മാങ്കുടിയിൽ കുടുംബാംഗം എൽസമ്മയുടെയും മകനാണ് അരുൺ പി ജോർജ്. ഭാര്യ ചെപ്പുകുളം മുതുപ്ലാക്കൽ ജെസ്ലിനൊപ്പം കഴിഞ്ഞ ഒരുവർഷമായി ഇദ്ദേഹം ഹൈദരാബാദിലുണ്ട്. ജെസ്ലിൻ ആറുമാസം മുൻപാണു നാട്ടിലേക്കു മടങ്ങിയത്. പറയംനിലത്തു പി.എസ്.ജോർജിന്റെയും എൽസമ്മയുടെയും മകനാണ് അരുൺ.