തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് മരിച്ച സുരേഷ് കുമാറിനായി കൊണ്ടുവന്ന വൃക്കയടങ്ങിയ പെട്ടി തട്ടിയെടുത്ത് ഒരു സംഘം ഓടിക്കയറിയെന്ന മെഡിക്കൽ കോളജ് അധികൃതരുടെ വാദം തെറ്റ്. വൃക്ക അടങ്ങിയ പെട്ടി ആംബുലൻസിൽ നിന്ന് എടുത്ത് നൽകുകയായിരിന്നു. ഇവർക്ക് വഴികാട്ടി മുന്നിൽ നടന്നത് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഡോക്ടർമാർ അടക്കമുള്ളവർക്കെതിരെ നടപടി എത്തിയപ്പോൾ കോളേജ് അധികൃതർ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനായാണ് വൃക്കയടങ്ങിയ പെട്ടിയുമായി ഓടിയെന്ന വാദവുമായി രംഗത്തുവന്നത്.

വൃക്ക അടങ്ങിയ പെട്ടിയുമായി ഒരു സംഘം ഓടികയറിയെന്നാരോപിച്ച് മെഡിക്കൽ കോളജ് അധികൃതർ പരാതി നൽകാനും ഒരുങ്ങുകയാണ്. ആംബുലസിലുണ്ടായിരുന്ന ഡോക്ടർമാരിൽ നിന്നും പെട്ടി തട്ടിയെടുത്ത് ഒരു സംഘം ഓടുകയായിരുന്നെന്നും കെട്ടിടത്തിൽ 8 ഓപ്പറേഷൻ തീയറ്ററുകൾ ഉണ്ടായിരുന്നു, ശസ്ത്രക്രിയക്ക് ഉദ്ദേശിക്കാത്ത ഒന്നിലേക്കാണ് ഇവർ പെട്ടിയുമായി പോയതെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.

ഈ സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. സുരക്ഷാ വിഭാഗത്തിന്റെ വിശദമായ റിപ്പോർട്ട് ലഭ്യമായ ശേഷം പരാതി നൽകാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. അതേസമയം, വൃക്ക സ്വീകരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ആരുമുണ്ടായിരുന്നില്ലെന്ന് അരുൺ ദേവ് പ്രതികരിച്ചു.

സെക്യൂരിറ്റി പോലും കാര്യമറിഞ്ഞിരുന്നില്ല. ഞായറാഴ്ച ആയതിനാൽ തിരക്കും കുറവായിരുന്നു. ഡോക്ടർമാരെ ആരും കാണാത്തതുകൊണ്ടാണ് ആംബുലൻസിന്റെ ഡോറ് തുറന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ഓടിയതെന്നും അരുൺദേവ് പറഞ്ഞു. വൃക്കയുമായി ഓപ്പറേഷൻ തിയേറ്ററിന്റെ അടുത്തെത്തിയപ്പോൾ അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 10 മിനിറ്റ് അവിടെയും കാത്തുനിന്നു. പിന്നെ ഐ.സി.യുവിൽ നിന്ന് ഒരു മെയിൽനഴ്സ് ഇറങ്ങിവന്നാണ് തിയേറ്ററിന്റെ അരികിലുള്ള സ്റ്റാഫുകൾക്ക് കയറാനുള്ള വാതിൽ തുറന്ന് തന്നത്. അത് വഴിയാണ് വൃക്ക ഓപ്പറേഷൻ തിയേറ്ററിന്റെ അകത്തേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി പുറപ്പെട്ടസംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ യാത്ര ഇയാൾ ആയിരുന്നു ഏകോപിപ്പിച്ചത്. 'ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. ആ ജീവൻ കൊണ്ടുപോയി വേറൊരാൾക്ക് ഒരു ജീവൻ കിട്ടട്ടേ എന്നുകരുതി ആ ഒരു വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഇത്രയും കിലോമീറ്റർ ഓടി വരുന്നതല്ലേ.. ഒരു ജീവൻ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചത്. വേറെ ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും നമ്മൾ ഇതുപോലെ ചെയ്തിട്ടുണ്ട്. ഇതിൽ ചെറിയൊരു തെറ്റുപറ്റി...' -അരുൺ ദേവ് പറഞ്ഞു.

ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. 'ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ഡ്രൈവറും ഭക്ഷണം പോലം കഴിക്കാതെ ക്ഷീണിതരായിരുന്നു. ആംബുലൻസിൽ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോൾ സെക്യൂരിറ്റി ജീവനക്കാരനാണ് നമ്മുടെ മുന്നിൽ ഓടി ലിഫ്റ്റ് തുറന്നത്. ഞായറാഴ്ച ആയതിനാൽ സ്റ്റാഫ് കുറവായിരുന്നു. ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. ചിലപ്പോൾ, മിഷൻ പ്രതീക്ഷിച്ചതിലും നേരത്തെ ആശുപത്രിയിൽ എത്തിയതിനാലാകാം വേണ്ടത്ര മുൻകരുതൽ ആശുപത്രി അധികൃതർ എടുക്കാതിരുന്നത്' -അരുൺ ദേവ് പറഞ്ഞു.

വൃക്ക കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം, ആശുപത്രി ജീവനക്കാരല്ലാത്ത ചിലർ വൃക്കയടങ്ങിയ പെട്ടി എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരുടെ ആക്ഷേപം. ഇക്കാര്യം ആരോഗ്യമന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച ഉച്ചക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. വൈകീട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. എന്നാൽ, വൃക്കയുള്ള പെട്ടി അരുൺ ദേവും സംഘവും എടുത്തുകൊണ്ടുപോയ ശേഷം അഞ്ച് മിനിട്ടോളം കഴിഞ്ഞാണ് ചില ജീവനക്കാരെത്തി വാങ്ങിയത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഏകോപനത്തിൽ വീഴ്ചയുണ്ടായെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രോഗിയുടെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.