തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ അതിനിർണ്ണായകമായ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമേയൂള്ളൂ. നാളെ രാവിലെ തിരുവനന്തപുരം സംഗീത കോളേജിൽ വച്ച് വോട്ട് പെട്ടി പൊട്ടിക്കുമ്പോൾ വിജയം ആർക്കൊപ്പമെന്നറിയാൻ ചങ്കിടിപ്പോടെ കാത്തിരിക്കയാണ് സ്ഥാനാർത്ഥികൾ. വിജയപ്രതീക്ഷകൾ എല്ലാവരും വച്ചുപുലർത്തുമ്പോൾ തന്നെ അവസാന നിമിഷം ശബരിനാഥ് തന്നെ വിജയിക്കുമെന്ന വിധത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങൾ പുറത്തുവന്നത്. ഒരു കോൺഗ്രസ് നേതാവും ആശങ്കയോടെ ഒരു വാക്കും പറഞ്ഞില്ലെന്നതാണ് യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവ്. മറിച്ച് ഇടതുക്യാമ്പിൽ നിന്നും ഉയർന്നു കേട്ടതാകട്ടെ ആത്മവിശ്വാസകുറവുള്ള വാക്കുകളാണ്.

ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുമ്പോൾ വ്യക്തമാകുന്നത് പാർട്ടിയുടെ ആത്മവിശ്വാസകുറവാണ്. ഇന്ന് വാർത്താസമ്മേളനത്തിനിടെ ഒ രാജഗോപാൽ എന്ന ജനകീയനായ ബിജെപി സ്ഥാനാർത്ഥി തങ്ങൾക്ക് ലഭിക്കേണ്ട വോട്ടുകൾ കൊണ്ടുപോകുമെന്ന് തന്നെയാണ് കോടിയേരിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നതും.

ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെട്ടു. ആ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ഇടതുപക്ഷത്തിനൊപ്പം ബിജെപിയും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അവരുടെ വോട്ട് കൂടും. ബിജെപിക്ക് ശക്തനായ സ്ഥാനാർത്ഥി ഇല്ലായിരുന്നുവെങ്കിൽ യുഡിഎഫിന് കനത്ത തോൽവി ഉണ്ടാകുമായിരുന്നു. മുമ്പെങ്ങുമില്ലാത്ത സ്ഥിതി വിശേഷമാണ് അരുവിക്കരയിൽ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

ഫലത്തിൽ യുഡിഎഫിനെതിരെ അഴിമതി ആരോപണം അടക്കമുള്ള വിഷയങ്ങൾ മുൻനിർത്ത് വോട്ടു ചോദിച്ചപ്പോൾ മണ്ണും ചാരി നിന്ന ബിജെപിയും നേട്ടം കൊണ്ടുപോയെന്ന് പാർട്ടി വിലയിരുത്തുന്നു. വോട്ടെണ്ണൽ കഴിഞ്ഞ് കണക്കുകൂട്ടലുകൾക്ക് ശേഷം പാർട്ടി സെക്രട്ടറി നടത്തിയ പ്രസ്താവന സിപിഐ(എം) രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. യുവജനങ്ങളിൽ നല്ലൊരു വിഭാഗം ബിജെപിക്ക് അനുകൂലമായി തിരിയുന്നതാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. വിജയകുമാർ നല്ല സ്ഥാനാർത്ഥിയാണെങ്കിലും രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം സിപിഐ(എം) വോട്ടുകളിലും ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കോടിയേരിയുടെ പ്രസ്താവന പുറത്തുവന്നത് തോൽവി സമ്മതിക്കലാണെന്ന് പറഞ്ഞ് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ പ്രതിപക്ഷം തങ്ങളാണെന്ന് തെളിയിക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞു. വരും നാളുകളിൽ ബിജെപി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.

കേഡർ പാർട്ടിയാണെങ്കിലും മുൻകാലങ്ങളിലേത് പോലെ അണുവിട തെറ്റാത്ത കണക്കുകൂട്ടൽ സിപിഎമ്മിന് അടുത്തകാലത്തെങ്ങും ശരിയായിട്ടില്ല. മറിച്ച് പാർട്ടി വിലയിരുത്തൽ പോലും പിഴക്കുന്ന കാഴ്‌ച്ചയാണ് കണ്ടതും. ഒ രാജഗോപാൽ ഇരുപതിനായിരത്തിൽ താഴെ വോട്ടുകൾ പിടിച്ചാൽ തങ്ങൾ പതിനായിരം വോട്ടിന് വിജയിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ, മറിച്ചാണ് കാര്യങ്ങളെന്നാണ് പാർട്ടി വിലയിരുത്തുന്നത്. വിജയിച്ചാൽ തന്നെ അത് നേരിയ ഭൂരിപക്ഷത്തിന് ആകുമെന്നും പാർട്ടി ഉറപ്പിക്കുന്നു.

അരുവിക്കരയിലെ ആത്മവിശ്വാസമില്ലായ്മ ഇന്ന് നിയമസഭയിലും പ്രതിഫലിച്ചിരുന്നു. അരുവിക്കരയിലെ ഫലം ആശങ്കയിലാക്കുമോ എന്ന ഭയം തന്നെയായിരുന്നു ഇന്ന് നിയമസഭയിൽ. ബാർകോഴ കേസിൽ തനിക്ക് കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നുവെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നില്ല. നാളെ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാൽ അത് മുതലാക്കി ഭരണപക്ഷം ആഞ്ഞടിക്കുമെന്ന ആശങ്ക നേതാക്കളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൈരളി ചാനലിലൂടെ സെൻട്രൽ ഫോർ ഇലക്ട്രൽ സ്റ്റഡീസ് (സി.ഇ.എസ്) പുറത്തുവിട്ട പ്രീപോൾ സർവേയിൽ വിജയകുമാറിന് 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രവചിച്ചത്. ഇന്ന് പുറത്തുവിടുന്ന പോസ്റ്റ് പോൾ എക്‌സിറ്റ് പോളും ശബരിനാഥിന് അനുകൂലമാണെന്ന സൂചനയാണുള്ളത്.

സർവെയിൽ ആദ്യ അഞ്ചു പഞ്ചായത്തുകളുടെ ഫലം പ്രവചിക്കുമ്പോൾ മുൻതൂക്കം യുഡിഎഫിനാണ് ലഭിച്ചത്. മൂന്നു പഞ്ചായത്തുകളിലാണ് യുഡിഎഫിന് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. രണ്ടു പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിലെത്തുന്നതെന്നാണ് സർവെ പറയുന്നത്.

തൊളിക്കോട്, വിതുര, പൂവച്ചൽ പഞ്ചായത്തുകളിൽ യുഡിഎഫിന് മേൽക്കൈ എന്നാണ് കൈരളി-സിഇഎസ് സർവെ പ്രവചിക്കുന്നത്. ആര്യനാട്, അരുവിക്കര പഞ്ചായത്തുകളിൽ എൽഡിഎഫും മുന്നിലെത്തുന്നുണ്ട്.

തൊളിക്കോട് യുഡിഎഫിന് 39 ശതമാനവും എൽഡിഎഫിന് 35.5 ശതമാനവും ബിജെപിക്ക് 15.5 ശതമാനവും വോട്ടു ലഭിക്കുമെന്നാണ് പോസ്റ്റ് പോൾ സർവെയിൽ പറയുന്നത്. വിതുരയിൽ ഇത് യഥാക്രമം 41.9, 37.2, 10.5 ശതമാനം എന്നിങ്ങനെയാ

ആര്യനാട് മണ്ഡലത്തിൽ 42.9 ശതമാനം വോട്ടു നേടി എൽഡിഎഫ് ലീഡു നേടുമെന്നും സർവെ പറയുന്നു. യുഡിഎഫിന് 30.4 വോട്ടും ബിജെപിക്കു 17.9 ശതമാനം വോട്ടു ലഭിക്കുമെന്നും സർവെ പ്രവചിക്കുന്നുണ്ട്.

അരുവിക്കര പഞ്ചായത്തിൽ എൽഡിഎഫിനാണ് സർവെ മുൻതൂക്കം നൽകുന്നത്. 42.3 ശതമാനമാണ് എൽഡിഎഫിന് ലഭിക്കുമെന്നു കരുതുന്നത്. 31.9 ശതമാനം യുഡിഎഫിനും 18.8 ശതമാനം ബിജെപിക്കും ലഭിക്കുമെന്നും വിലയിരുത്തലുണ്ട്.

പൂവച്ചൽ പഞ്ചായത്തിൽ യുഡിഎഫിനാണ് മുൻതൂക്കം നൽകുന്നതെങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച് ബിജെപിക്കു താരതമ്യേന വോട്ടു കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും സർവെ പറയുന്നു. യുഡിഎഫിന് 36.4 ശതമാനമാണ് ലഭിക്കുന്നത്. എൽഡിഎഫിന് 32.3 ശതമാനവും ലഭിക്കും. ബിജെപിക്ക് 27.1 ശതമാനം വോട്ടാണ് ഇവിടെ ബിജെപിക്കു ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ.

കോടിയേരി ആശങ്ക പങ്കുവച്ചത് ഒഴിച്ചാൽ മറ്റ് സിപിഐ(എം) നേതാക്കളാരും അമിതാത്മവിശ്വാസം പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന്റെ ചീഫ് കാമ്പയിനറായ വി എസ് അച്യുതാനന്ദൻ വിജയകുമാർ വിജയിക്കുമെന്ന കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. മുഖ്യചുമതലക്കാരനായ പിണറായി വിജയനും മാദ്ധ്യമങ്ങളൈ കണ്ടിട്ടില്ല. വിജയകുമാർ ആകട്ടെ വിജയിക്കുമെന്ന് പറഞ്ഞെങ്കിലും അമിതാത്മവിശ്വാസം പ്രകടിപ്പിക്കാൻ തയ്യാറായതുമില്ല.

മറുവശത്താകട്ടെ ശബരിനാഥ് വിജയിക്കുമെന്ന് ആശങ്കയ്ക്ക് ഇടയില്ലാതെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തിൽ ശബരിനാഥ് വിജയിക്കുമെന്നാണ് സുധീരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അരുവിക്കര തെരഞ്ഞെടുപ്പ് യുഡിഎഫ് ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാവുമെന്ന നേരത്തെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആത്മവിശ്വാസത്തിലാണ്. ഉമ്മൻ ചാണ്ടി നേരിട്ടിറങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിച്ചിരുന്നത്.

ഉപതെരഞ്ഞെടുപ്പുകൾ സ്വാഭാവികമാണെങ്കിലും അരുവിക്കരയിലേതുപോലെ ജനശ്രദ്ധയും മാദ്ധ്യമശ്രദ്ധയും പിടിച്ചുപറ്റിയ ജനഹിത പരിശോധന അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. കോൺഗ്രസിനും മാർക്‌സിസ്റ്റ് പാർട്ടിക്കും ബിജെപിക്കും അരുവിക്കര ഭാവിയുടെ വിധിയെഴുത്തുകൂടിയാണെന്നതായിരുന്നു തെരഞ്ഞെടുപ്പിനെ വീറും വാശിയും ഏറ്റിയതാക്കിയത്. ഇതിൽ കോൺഗ്രസിനും യുഡിഎഫിനും എതിർപക്ഷത്ത് മാർക്‌സിസ്റ്റ് പാർട്ടിക്കും എൽഡിഎഫിനും അരുവിക്കര നൽകുന്ന മനഃസമ്മതം ദൂരവ്യാപകമായ വെല്ലുവിളിയുമാവും.

യുഡിഎഫ് ജയിച്ചാൽ പ്രതിപക്ഷം ഭരണത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തകരും. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ആധിപത്യമുറപ്പിക്കാമെന്ന തരത്തിലുള്ള വിലയിരുത്തലുകൾക്കും അത് കനത്ത തിരിച്ചടിയാകും. എന്തായാലും ഇന്നത്തെ ആകാംക്ഷയുടെ രാത്രിക്ക് ശേഷം അരുവിക്കരക്കാർക്കും കേരള രാഷ്ട്രീയത്തിലും ഒരു പുതിയ നാഴികകല്ലാകുമെന്നത് തീർച്ചയാണ്.