മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ആര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കാണാതായ ആര്യയുടെ (26) മൃതദേഹം ഞായറാഴ്ച ഉച്ചയോടെയാണ് വള്ളിക്കുന്ന് കോട്ടക്കടവ് കാൽവരി ഹിൽസ്സിന്റെ സമീപം കടലുണ്ടി പുഴയിൽ കണ്ടെത്തിയത്.

വിവാഹശേഷം സൽക്കാരത്തിനായി സ്വന്തം വീട്ടിൽ മടങ്ങി എത്തിയ സമയത്താണ് ആര്യയുടെ ഈ ദുരൂഹമരണം. ഫോട്ടോസ്റ്റാറ്റ് എടുക്കാനായി കടയിൽ പോകുന്നു എന്നു പറഞ്ഞു പോയ ആര്യ ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയിരുന്നു. ആ തിരച്ചിലാണ് തൊട്ടടുത്ത ദിവസമായി കടലുണ്ടി പുഴയ്ക്ക് സമീപം ആര്യയുടെ ചെരുപ്പും വാഹനവും കണ്ടെത്തിയത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് പുഴയിൽനിന്ന് ആര്യയുടെ മൃതദേഹം ലഭിച്ചത്.

ഇക്കഴിഞ്ഞ ദിവസം ആയിരുന്നു കോഴിക്കോട് കക്കോടി സ്വദേശി ശാശ്വതുമായുള്ള ആര്യയുടെ വിവാഹം. പ്രത്യക്ഷത്തിൽ ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഇല്ല എന്ന് ബന്ധുക്കളിൽ ഒരാൾ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതശരീരം സംസ്‌കരിച്ചു. പൊലീസ് ആളുകളിൽ നിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. ആര്യയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

വള്ളിക്കുന്ന് നോർത്ത് പോരാഞ്ചേരി തറോൽ രാമന്റെയും റീനയുടെയും മകളാണ് ആര്യ. ആദിത്യ, ഭവ്യ എനിവരാണ് സഹോദരങ്ങൾ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരികിൽ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.