- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരം; സ്പോർഡ്സ് ടീമുകൾക്കായി ജനറൽ, എസി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കുന്നു; വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭക്ക് സ്വന്തമായി ജനറൽ വിഭാഗത്തിലും എസ്സി / എസ്ടി വിഭാഗത്തിലും സ്പോർട്‌സ് ടീം രൂപീകരിക്കുന്നതായി അറിയിച്ച മേയർ ആര്യ രാജേന്ദ്രനെതിരെ വൻ വിമർശനമാണ ഉയരുന്നത്. നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ് എന്ന ആമുഖത്തോടെയാണ് മേയർ ഫേസ്‌ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ ജാതി തിരിച്ചുള്ള ഇത്തരം നീക്കങ്ങൾ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയിൽ നിന്നും വരുന്നത് സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്.
ഇതിനിടെ വിമർശനം കടുക്കുമ്പോൾ സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ രംഗത്തുവന്നു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പതിവ് രീതികളിൽ നിന്ന് മാറി ഒരു പടികൂടി മുന്നിലോട്ട് കായിക രംഗത്തെ നയിക്കാനാണ് പദ്ധതി ആവിഷ്‌കരണം ചെയ്തതെന്ന് മേയർ വിശദീകരിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'കഴിഞ്ഞ ദിവസം നഗരസഭയുടെ സ്പോർട്‌സ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പതിവ് രീതികളിൽ നിന്ന് മാറി ഒരു പടികൂടി മുന്നിലോട്ട് നമ്മുടെ കായിക രംഗത്തെ നയിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. നഗരസഭയോ ഞാനോ ഉദ്ദേശിക്കാത്ത തരത്തിലാണ് വ്യാഖ്യാനങ്ങൾ എന്നതിനാൽ അതേ സംബന്ധിച്ച് ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.
തിരുവനന്തപുരം നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി കളരി (ജനറൽ) കളരി (എസ് സി) എന്ന പ്രോജക്ട് ഹെഡിൽ ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, അത്‌ലറ്റിക്‌സ് എന്നീയിനങ്ങളിൽ കായിക പരിശീലനം നടപ്പിലാക്കി വരുന്നു. നഗരത്തിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്.
ഇതിലേക്കായി വാർഷിക പദ്ധതിയുടെ ഭാഗമായി ജനറൽ ഫണ്ട് ഉപയോഗിച്ചും എസ് സി ഫണ്ട് ഉപയോഗിച്ചും പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇത്തരത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോ കായിക ഇനത്തിലും ആൺകുട്ടികളിൽ നിന്നും 25 പേരെയും പെൺകുട്ടികളിൽ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയം.
ഇതിന്മേൽ ഇനിയും ചർച്ചകളും വിപുലീകരണവും ആവശ്യമാണ് എന്നും, അതിനായി നഗരത്തിലെ കായിക പ്രേമികളുമായും വിദഗ്ദരുമായും ചർച്ച നടത്തുമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. അങ്ങനെ അതിവിപുലമായ ഒരു പദ്ധതിയായി ഇത് മാറുമെന്ന ആത്മവിശ്വാസമാണ് ഞങ്ങൾക്കുള്ളത്. അത്തരം ഒരു പദ്ധതിയെ വിവാദത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.'
മറുനാടന് മലയാളി ബ്യൂറോ