മുംബൈ: മുംബൈ മയക്കുമരുന്നു കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് നടപടികളിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്നും സംഘം കണ്ടെത്തിയിരിക്കയാണ്. ആര്യന്റെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. റെയ്ഡ് നടപടികൾ ചിത്രീകരിക്കണം എന്നതാണ് എൻസിബി ചട്ടം. എന്നാൽ നടപടികൾ ഒന്നും തന്നെ ചിത്രീകരിച്ചിരുന്നില്ല.

ആര്യൻ ഖാനിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. ആര്യനിൽ നിന്നും മൊബൈൽ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു എന്നും ചാറ്റുകളിൽ നിന്നും മാഫിയ ബന്ധത്തിന്റെ തെളിവുകളൊന്നുമില്ല എന്നും സംഘം കണ്ടെത്തി. രണ്ട് മാസത്തിനകം പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിക്കും.കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ആഡംബര കപ്പലിൽ നിന്നും ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന്റെ അറസ്റ്റ്.

മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നടന്ന പാർട്ടിക്കിടയിലായിരുന്നു അറസ്റ്റ്. എൻസിബിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആര്യനെയും മറ്റ് ഏഴ് പേരെയും കസ്റ്റഡിയിൽ എടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.എന്നാൽ, സംഭവത്തിൽ ആര്യന്റെ കൈയിൽ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹി ചൗളയാണ് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്.

ഇവർ വാണിജ്യ അളവിൽ ലഹരിമരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ലെന്നും, ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ല എന്നത് ജാമ്യം ലഭിക്കാൻ കാരണമായെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് മുംബൈയിൽ ആഡംബര കപ്പലിൽ നടന്ന ലഹരിപാർട്ടിക്കിടെ ആര്യൻഖാനടക്കം 14 പേരെ എൻസിബി അറസ്റ്റ് ചെയ്തത്. മൂന്നാഴ്‌ച്ചത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യം ലഭിക്കുകയായിരുന്നു.

ആര്യൻ ഖാൻ പിതാവിനൊപ്പം 2004 ൽ ആനിമേഷൻ സിനിമയായ ഇൻക്രെഡിബിൾസിൽ വോയ്സ്ഓവർ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്റെ (മിസ്റ്റർ ഇൻക്രെഡിബിൾ) കഥാപാത്രത്തിന് എസ്ആർകെ ശബ്ദം നൽകിയപ്പോൾ, ആര്യൻ ചിത്രത്തിൽ മിസ്റ്റർ ഇൻക്രെഡിബിളിന്റെ മകൻ തേജിനായി (ഡാഷ്) ശബ്ദം നൽകി. ലയൺ കിങ്ങിന്റെ (2019) ഹിന്ദി പതിപ്പിൽ സിംബ എന്ന കഥാപാത്രത്തിന് അടുത്തിടെ ശബ്ദം നൽകി. ഷാരൂഖ് ഖാനും ചിത്രത്തിൽ മുഫാസയ്ക്ക് വേണ്ടി ശബ്ദം നൽകിയിരുന്നു.

വില്ലനായത് സമീർ വാങ്കഡെ

ഷാരൂഖ് ഖാൻ കേസിന്റെ ആരോപണം പുറത്തുവരുമ്പോൾ വില്ലനാകുന്നത് സമീർ വാങ്കഡെയാണ്. 8 കോടി രൂപയുടെ കൈക്കൂലി ആരോപണം നേരിട്ടതോടെയാണ് വാങ്കഡെയെ മാറ്റിയത്. മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നം, മുഖം നോക്കാതെ വമ്പന്മാർക്കെതിരെ നടപടി സ്വീകരിക്കുന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ, തൊഴിലിനോടുള്ള ആത്മാർഥന മൂലം സ്വന്തം ഭാര്യക്കൊപ്പം പോലും അധിക സമയം ചിലവഴിക്കാത്ത വ്യക്തി. ഇങ്ങനെ മൂന്നാഴ്‌ച്ച മുമ്പ് ആര്യൻ ഖാനെ അറസ്റ്റു ചെയ്യുമ്പോൾ സമീർ വാങ്കഡെക്ക് ലഭിച്ചത് ശരിക്കും സൂപ്പർതാര പരിവേഷമായിരുന്നു. മാധ്യമങ്ങൾ എല്ലാം തന്നെ സമീറിന്റെ കഥകൾ ഏറ്റുപാടി. എന്നാൽ, അപ്രതീക്ഷിതമായി കോഴ ആരോപണം എത്തിയതോടെ സമീർ നായക പരിവേഷത്തിൽ നിന്നും വില്ലനിലേക്ക് മാറി.

ആര്യൻഖാനെ രക്ഷിക്കാൻ 25 കോടി രൂപ ഷാരൂഖ് ഖാനിൽ നിന്നും ആവശ്യപ്പെട്ടു എന്നതായിരുന്നു ഉദ്യോഗസ്ഥന് എതിരായ ആരോപണം. തുടക്കത്തിൽ കേസിനെ തള്ളിക്കളഞ്ഞ നാർക്കോടിക് കൺട്രോൾ ബ്യൂറോ എന്നാൽ ആരോപണം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആരോപണങ്ങൾ തള്ളിയ വാങ്കഡെ, തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തടയണമെന്നഭ്യർഥിച്ചു സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളിയതു തിരിച്ചടിയായി. പ്രഭാകറിനു മുംബൈ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡിൽ സ്വകാര്യ ഡിറ്റക്ടീവ് എന്ന് അവകാശപ്പെട്ട് എൻസിബി സംഘത്തിനൊപ്പം എത്തിയ കിരൺ ഗോസാവിയാണ് വാങ്കഡെയ്ക്കു വേണ്ടി കോഴ ചോദിച്ചതെന്നാണ് ആരോപണം. തൊഴിൽ തട്ടിപ്പുകേസുകളിൽ പ്രതിയായ ഗോസാവിയും ആര്യൻ കേസിൽ സാക്ഷിയാണ്. ആരോപണങ്ങൾ കള്ളമാണെന്ന് ഒളിവുകേന്ദ്രത്തിൽ നിന്നുള്ള അഭിമുഖത്തിൽ ഗോസാവി അവകാശപ്പെട്ടു.

ഐ.ആർ.എസിലെ 2008 ബാച്ച് ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയർ ഇന്റലിജൻസ് യൂണിറ്റിന്റെ ഡപ്യൂട്ടി കമ്മീഷണറായും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായും എൻഐഎയിൽ അഡിഷണൽ എസ്‌പിയായും ഡിആർഐ ജോയിന്റ് ഡയറക്ടറായും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം എൻസിബിയിൽ എത്തുന്നത്. ഈ വർഷം മികച്ച സേവനത്തിനുള്ള ആഭ്യന്തരമന്ത്രിയുടെ മെഡൽ ലഭിച്ചു. മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കു പിന്നാലെ എൻസിബിയിൽ വാങ്കഡെയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തു. ഇപ്പോൾ മുംബൈയിൽ നിന്നും മാറ്റി ഡൽഹിയിലാണ് സമീർ ജോലി ചെയ്യുന്നത്.