തിരുവനന്തപുരം: രഹസ്യമായി കൊണ്ടുപോയിരുന്ന സഖ്യം പരസ്യമാക്കിയിട്ടും ആര്യനാട് ഐടിഐയിൽ എബിവിപിക്കും കെഎസ്‌യുവിനും രക്ഷയില്ല. ഗവ. ഐടിഐയിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കു തകർപ്പൻ ജയം.

മത്സരിച്ച എല്ലാ സീറ്റിലും എസ്എഫ്‌ഐ നേതൃത്വത്തിലുള്ള മുന്നണി വിജയം സ്വന്തമാക്കി. എബിവിപി- കെഎസ്‌യു സഖ്യത്തിനെതിരെ ജോമോൻ (ചെയർമാൻ), നിജു (മാഗസിൻ എഡിറ്റർ), ജിത്തു (സ്പോർട്സ്), മിഥുൻ (ആർട്‌സ്), അരുൺ (കൗൺസിലർ), നിഖിൽ (ജനറൽ സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.

തെരഞ്ഞെടുപ്പിൽ കഴിഞ്ഞവർഷംവരെ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എബിവിപിയും നടത്തിയ രഹസ്യധാരണയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നതെന്ന് എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള മുന്നണിയെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപി നേതാക്കളുടെ അറിവോടെയായിരുന്നു സഖ്യമെന്നും ആരോപണമുണ്ടായിരുന്നു. സീറ്റ് വിഭജന ചർച്ചയിൽ ഉൾപ്പെടെ ഇരു പാർട്ടിയിലെയും നേതാക്കൾ പങ്കെടുത്തതായും എസ്എഫ്‌ഐ ആരോപിക്കുന്നു.

ആകെയുള്ള ആറ് സീറ്റിൽ മൂന്നെണ്ണത്തിൽ വീതമാണ് എബിവിപിയും കെഎസ്‌യുവും മത്സരിച്ചത്. ചെയർമാൻസ്ഥാനം എബിവിപിക്ക് വിട്ടുനൽകി. രഹസ്യധാരണയിലൂടെയാണെങ്കിലും കഴിഞ്ഞ വർഷംവരെ ചെയർമാൻസ്ഥാനം കെഎസ്‌യുവിനായിരുന്നു. ഇതു വിട്ടുകൊടുക്കേണ്ടിവന്നതിൽ ഒരുവിഭാഗം കെഎസ്‌യു പ്രവർത്തകർ ഇടഞ്ഞെങ്കിലും നേതാക്കൾ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നാണു വിവരം. ചെയർമാൻ, മാഗസിൻ എഡിറ്റർ, ജനറൽ സെക്രട്ടറി എന്നീ സുപ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കാൻ എബിവിപിക്ക് അവസരം നൽകുകയായിരുന്നു കെഎസ്‌യു.

ആർട്‌സ്, സ്പോർട്സ്, കൗൺസിലർ സ്ഥാനങ്ങളിലേക്ക് കെഎസ്‌യുവും മത്സരിച്ചു. പ്രചാരണം പോലും ഇരുധ്രുവങ്ങളിലുള്ള ഈ സംഘടനകൾ ഒരുമിച്ചാണു നടത്തിയത്. എബിവിപി-കെഎസ്‌യു സ്ഥാനാർത്ഥികളുടെ ചിത്രംവച്ച് ഫ്‌ളക്‌സ് ബോർഡ് പ്രചാരണവും ഇവർ വ്യാപകമായി നടത്തി. ഇരുകൂട്ടരും തോളോടു തോൾ ചേർന്ന് 'ജയ് ജയ് ഭാരത് മാതാ'യും 'കെഎസ്‌യു സിന്ദാബാദും' വിളിച്ചു പ്രചാരണം നടത്തുന്ന വീഡിയോയും വൈറലായിരുന്നു.

സംഭവം വിവാദമായതോടെ എബിവിപിക്കൊപ്പം സഖ്യം ചേർന്ന് മത്സരിച്ച കെഎസ്‌യു ഐടിഐ യൂണിറ്റ് പിരിച്ചുവിട്ടതായി കെഎസ്‌യു സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിക്ക് വേണ്ടി ഷാഫി പറമ്പിൽ അറിയിക്കുകയും ചെയ്തു. അവിശുദ്ധ കൂട്ടുകെട്ടിനെ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞുവെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതായി എസ്എഫ്‌ഐ പ്രവർത്തകർ പറഞ്ഞു.