തിരുവനന്തപുരം: ആര്യനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ മാറി കുത്തിവെച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ജൂനിയർ നേഴ്സിനെ ബലിയാടാക്കിയതാണെന്ന് റിപ്പോർട്ടുകൾ. അപര്യാപ്തതകളാൽ ശ്വാസം മുട്ടുന്ന ആര്യനാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിൻ ചുമതല ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരുടെ തലയിലാണ്. വാക്സിൻ സെന്ററിൽ ഡോക്ടറുടെയും സ്റ്റാഫ് നേഴ്സിന്റെയും സാന്നിദ്ധ്യമുണ്ടാകണമെന്നുണ്ടെങ്കിലും അതൊരിക്കലും പാലിക്കാറില്ല.

ആര്യനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വാക്സിൻ ക്യാമ്പുകളിൽ ജെപിഎച്ച്എന്മാരെ മാത്രമായിരുന്നു അയച്ചിരുന്നത്. ഒപ്പം സ്റ്റാഫ് നേഴ്സുമാരോ ഡോക്ടർമാരോ ഇല്ലാത്തതിനാൽ വാക്സിനെടുക്കുന്നവർക്ക് അലർജിയോ മറ്റോ ഉണ്ടായാൽ അവരെ ആശുപത്രിയിലേയ്ക്ക് അയച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. അവർക്ക് അടിയന്തരചികിൽസ കിട്ടാതെ വരുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരും വിട്ടുനിൽക്കുന്നത് പതിവായതോടെ കോവിഡ് വാക്സിനേഷൻ ജെപിഎച്ച്എന്മാരുടെ മാത്രം ചുമതലയായി. അതിനാൽ വാക്സിനേഷൻ ഇനി ആശുപത്രിയിൽ വച്ച് മാത്രമേ നൽകുകയുള്ളു എന്ന തീരുമാനത്തിലേയ്ക്ക് ജെപിഎച്ച്എന്മാർ എത്തുകയായിരുന്നു. അങ്ങനെയാണ് ഡിസംബർ ഒന്ന് മുതൽ ആശുപത്രിയിൽ വച്ച് വാക്സിനേഷൻ നൽകിതുടങ്ങിയത്.

എല്ലാ ബുധനാഴ്‌ച്ചകളിലുമാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നത്. എന്നാൽ വാക്സിനേഷൻ മാറിപ്പോയ കുട്ടികൾ പതിനഞ്ച് വയസിന്റെ പ്രതിരോധകുത്തിവയ്‌പ്പ് എടുക്കുന്നതിന് ആശുപത്രിയിലെത്തിയത് വ്യാഴാഴ്‌ച്ചയാണ്. ഒപി കൗണ്ടറിലെത്തി ടിക്കറ്റെടുത്ത വിദ്യാർത്ഥിനികളെ മുകളിലുള്ള ഇൻജക്ഷൻ റൂമിലേയ്ക്ക് പറഞ്ഞുവിട്ടത് താഴെ നിന്ന ആശുപത്രി ജീവനക്കാരാണ്. ഇൻജക്ഷൻ റൂമിന് സമീപം വാക്സിനേഷൻ രജിസ്ട്രേഷൻ റൂം ഉണ്ടായിരുന്നെങ്കിലും വിദ്യാർത്ഥിനികൾ അവിടെ രജിസ്റ്റർ ചെയ്തില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ഇൻജക്ഷൻ റൂമിനുള്ളിൽ കോവിഡ് വാക്സിനേഷനുള്ള ഒപി ടിക്കറ്റുകൾ വാങ്ങി വച്ചെങ്കിലും അവർ ടിക്കറ്റ് അവിടെ ഏൽപ്പിക്കാതെ ക്യൂവിനുള്ളിൽ കയറി നിൽക്കുകയായിരുന്നു. കോവിഡ് വാക്സിൻ എടുക്കേണ്ടവരുടെ ക്യൂവിൽ കയറിനിന്നതുകൊണ്ടാണ് വിദ്യാർത്ഥിനികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പിന് പകരം കോവിഡ് വാക്സിൻ മാറി നൽകേണ്ടി വന്നതെന്നാണ് ആശുപത്രി ജീവനക്കാരുടെ ഭാഷ്യം. ഈ വിദ്യാർത്ഥിനികൾക്ക് ഇൻജക്ഷൻ കിട്ടിയതറിഞ്ഞ് മറ്റൊരു വിദ്യാർത്ഥിനി പ്രതിരോധകുത്തിവയ്‌പ്പിന്റെ കാർഡുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നേരത്തെ വന്നവർക്ക് വാക്സിൻ മാറിപ്പോയെന്ന വിവരം ആശുപത്രി അധികൃതരും അറിയുന്നത്.

പ്രതിരോധ കുത്തിവയ്‌പ്പിന്റെ കാർഡുമായി എത്തിയ വിദ്യാർത്ഥിനിയോട് ബുധനാഴ്‌ച്ചകളിലാണ് കുത്തിവയ്‌പ്പെന്ന് അറിയിച്ചപ്പോഴാണ് തന്റെ രണ്ട് സുഹൃത്തുക്കൾ നേരത്തെവന്ന് കുത്തിവയ്‌പ്പെടുത്ത കാര്യം പറയുന്നത്. തുടർന്ന് രജിസ്റ്റർ പരിശോധിച്ചപ്പോൾ രജിസ്റ്റർ ചെയ്തിനേക്കാൾ രണ്ട് ഡോസ് കൂടുതൽ നൽകിയിട്ടുണ്ടെന്ന കാര്യം കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് വിദ്യാർത്ഥിനികളെ ബന്ധപ്പെടുകയും വാക്സിൻ മാറിപ്പോയ വിവരം അറിയിക്കുകയുമായിരുന്നു. ഒരുദിവസം നിരീക്ഷണത്തിലിരിക്കണമെന്നും എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ആശുപത്രിയുമായി ഉടൻ ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു. ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാർ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ അത് സമയബന്ധിതമായി ഡിഎംഒയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്‌ച്ച വരുത്തിയത് മെഡിക്കൽ ഓഫീസറായിരുന്നു.

മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ ഡിഎംഒ ഡോ. ജോസ് വി.ഡിക്രൂസ്, ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി തെളിവെടുത്ത് റിപ്പോർട്ട് നൽകി. വാക്സിനെടുത്തതിൽ തങ്ങൾക്കു പറ്റിയ വീഴ്ചയാണ് കാരണമെന്ന് മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാർ സമ്മതിച്ചിരുന്നു. എന്നാൽ ഡിഎംഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായത് ഇൻജക്ഷൻ നൽകിയ ജൂനിയർ നഴ്സ് രാജിക്കെതിരെ മാത്രം. ജോലിയിൽ വീഴ്ചവരുത്തി അശ്രദ്ധമായി ഇൻജക്ഷൻ മാറിനൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളെ ഇൻജക്ഷൻ റൂമിലേയ്ക്ക് പറഞ്ഞുവിട്ട ജീവനക്കാരുടെ പേരിലോ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച്ച വരുത്തുകയും കോവിഡ് വാക്സിനേഷൻ ജെപിഎച്ച്എന്മാരുടെ മാത്രം ചുമതലയാക്കി മാറ്റുകയും ചെയ്ത മെഡിക്കൽ ഓഫീസറുടെ പേരിലോ നടപടിയില്ല. ജെപിഎച്ച്എൻ രാജിയെ ബലിയാടാക്കി മെഡിക്കൽ ഓഫീസർ അടക്കമുള്ള ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വാക്സിനായി എത്തുന്നവർ രജിസ്റ്റർ ചെയ്ത് ഇൻജക്ഷൻ റൂമിലേയ്ക്ക് കടത്തിവിടുന്നത് വരെ മറ്റുള്ള ജീവനക്കാരാണ്. ക്യൂവിൽ വരുന്നവർക്ക് വാക്സിനേഷൻ നൽകുക എന്നത് മാത്രമായിരുന്നു രാജിയുടെ ഡ്യൂട്ടി. എന്നിട്ടും മറ്റുള്ളവരെ സംരക്ഷിച്ച്, രാജിയുടെ പേരിൽ മാത്രം നടപടിയെടുക്കുന്നതിലെ ന്യായമെന്താണെന്നാണ് ഉയരുന്ന ചോദ്യം. ഇതിനെതിരെ ഹോസ്പിറ്റലിലെ ഒരുവിഭാഗം ജീവനക്കാർക്ക് അമർഷമുണ്ട്.